കോവിഡ് 19 നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേരള കത്തോലിക്കാ സഭയുടെ മാനവവിഭവശേഷിയും വിട്ടുനൽകുന്നു
ആവശ്യാനുസരണം രംഗത്തിറങ്ങുവാൻ എല്ലാ സന്യാസ സമൂഹങ്ങൾക്കും ആഹ്വാനം ...
സ്വന്തം ലേഖകൻ
കൊച്ചി: കത്തോലിക്കാ സഭയിലെ സന്യാസ സമൂഹങ്ങളിലെ വിവിധങ്ങളായ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യങ്ങളുള്ള എഴുപതിനായിരത്തോളം സന്യാസിനികളോടും സന്യാസികളോടും സ്വയം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ കേരള മെത്രാൻ സമിതിയുടെ നിർദ്ദേശം. കേരള മെത്രാൻ സമിതി നൽകിയ നിർദേശം ഉൾക്കൊണ്ട്കൊണ്ട്, ആവശ്യാനുസരണം കോവിഡ് 19 നിയന്ത്രണ രംഗത്തിറങ്ങുവാൻ കോൺഗ്രിഗേഷനുകളുടെ മേജർ സുപ്പീരിയേഴ്സിന്റെ കൂട്ടായ്‌മയായ KCMS എല്ലാ സന്യാസ സമൂഹങ്ങൾക്കും ആഹ്വാനം നൽകിയിരിക്കുകയാണ്.
മാനവവിഭവശേഷിക്ക് പുറമേ സന്യാസ സമൂഹങ്ങളുടെ സ്ഥാപനങ്ങളും, സമയവും ഗവൺമെന്റ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ മഹാമാരിക്കെതിരെ പൊരുതുവാൻ വിട്ടുകൊടുക്കണമെന്നും നിർദേശമുണ്ട്. ആശുപത്രികളും ധ്യാനകേന്ദ്രങ്ങളും ഒക്കേയും ഇതിനുവേണ്ടി വിട്ടുകൊടുത്തതിന് പിന്നാലെയാണ് സന്യസ്തരേയും ഇതിനുവേണ്ടി പ്രത്യേകം നിയോഗിക്കുന്നത്.
സന്യാസിനീ-സന്യാസസഭകൾ തങ്ങളുടെ സഭകളിലുള്ള, സാങ്കേതിക വൈദഗ്ധ്യമനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നവരുടെ പേരുവിവരങ്ങൾ തയാറാക്കി വയ്ക്കുവാൻ ആശ്യപ്പെട്ടിട്ടുണ്ട്.