കോട്ടപ്പുറം രൂപതയിൽ കുടുംബവർഷാചരണത്തിന് തുടക്കമായി
ലോഗോ കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ.ഡോ.ജോസഫ് കാരിക്കശ്ശേരി പ്രകാശനം ചെയ്തു...
ജോസ് മാർട്ടിൻ
കോട്ടപ്പുറം/കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിൽ കുടുംബവർഷാചരണത്തിന് ആരംഭം കുറിച്ചു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച വി.ഔസേപ്പിതാവിന്റ വർഷത്തിലെ വി. ഔസേപ്പിതാവിന്റ തിരുനാൾ ദിനത്തിൽ കോട്ടപ്പുറം രൂപതയിൽ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കുടുംബവർഷചാരണത്തിന് തുടക്കം കുറിച്ചു.
ഫ്രാൻസിസ് പാപ്പ വിഭാവനം ചെയ്ത കുടുംബവർഷചാരണത്തിന് (Amoris Laetitia) തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ.ഡോ.ജോസഫ് കാരിക്കശ്ശേരി പ്രകാശനം ചെയ്തു. രൂപതയിലെ എല്ലാകുടുംബങ്ങളും ഔസേപ്പിതാവിന്റെ അനുസരണവും, അധ്വാനവും, ധീരതയും കൈമുതലാക്കണമെന്നും, കുടുംബാംഗങ്ങൾ എല്ലാവരും സമർപ്പണവും, സ്നേഹവും, കൂട്ടായ്മയും ഊട്ടിവളർത്തണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.
തുടർന്ന്, സെന്റ് മൈക്കിൾ കത്തീഡ്രലിൽ ബിഷപ്പ് അർപ്പിച്ച ദിവ്യബലിയിൽ കത്തീഡ്രൽ വികാരി ഫാ.അംബ്രോസ് പുത്തൻവീട്ടിൽ, ബിഷപ്പ്സ് സെക്രട്ടറി ഫാ.ഡെന്നിസ് അവിട്ടംപിള്ളി, ഡീക്കൻ അജയ് കൈതത്തറ എന്നിവർ സഹകാർമ്മികരായി.