കോട്ടപ്പുറം രൂപതയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം ക്രിസ്തീയ തിരുകർമങ്ങളോടെ സംസ്ക്കരിച്ചു
കോട്ടപ്പുറം രൂപതയുടെ കീഴിൽ കിഡ്സ് രൂപം കൊടുത്ത സമരിറ്റൻസിലെ വോളന്റിയർമാർ നേതൃത്വം നൽകി...
സ്വന്തം ലേഖകൻ
പള്ളിപ്പുറം: കോവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം സിമിത്തേരിയിൽ ക്രിസ്തീയ തിരുകർമങ്ങളോടെ സംസ്ക്കരിച്ച് കോട്ടപ്പുറം രൂപത. രൂപതയിലെ പള്ളിപ്പുറം ഇടവകാംഗമായ കോവിഡ് ബാധിച്ച് മരിച്ച അഗസ്റ്റിന്റെ മൃതശരീരമാണ് ക്രൈസ്തവ ആചാര പ്രകാരം, പ്രാർത്ഥനകളോടെ പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കരിച്ചത്, 77 വയസ്സ് വയസായിരുന്നു. കോട്ടപ്പുറം രൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) നേതൃത്വം നൽകിയെന്ന് കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ പറഞ്ഞു.
മഞ്ഞുമാതാ ബസിലിക്ക റെക്ടർ ഫാ.ജോൺസൻ പങ്കേത്ത് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപതയുടെ കീഴിൽ കിഡ്സ് രൂപം കൊടുത്ത വൈദികരും അൽമായരുമടങ്ങുന്ന കോട്ടപ്പുറം സമരിറ്റൻസിലെ വോളന്റിയർമാരായ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, അസി.ഡയറക്ടർ ഫാ.നീൽ ചടയമുറി, ഫാ.ഡയസ് വലിയ മരത്തിങ്കൽ, ഫാ.ഡെന്നീസ് അവിട്ടംപിള്ളി, ഫാ.ആന്റണി ഒളാട്ടുപുറത്ത്, ഫാ.ഷിനു വാഴക്കുട്ടത്തിൽ, ജിതിൻ ഡോൺബോസ്ക്കോ, ആന്റണി ജോസഫ് എന്നിവർ സംസ്ക്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകി.