കൊളംമ്പസ് അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയത് വിവരിക്കന്ന കത്ത് ഇനി വത്തിക്കാന് സ്വന്തം
കൊളംമ്പസ് അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയത് വിവരിക്കന്ന കത്ത് ഇനി വത്തിക്കാന് സ്വന്തം
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ഇറ്റാലിയൻ സാഹസികയാത്രികൻ, ക്രിസ്റ്റഫർ കൊളംബസിന്‍റെ (1451-1506) കൈപ്പടയിലുള്ള കത്ത്, യു.എസ്. അഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനെ ഏല്പിച്ചു. ജൂൺ 14-Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിൽ നടന്ന രാജ്യാന്തരതല അംഗീകൃത വാർത്താ ഏജൻസികളുടെ സമ്മേളനത്തിലായിരുന്നു യു.എസ്. അധികാരികൾ കൊളംമ്പസ്സ് എഴുതിയ കത്ത് വത്തിക്കാന് കൈമാറിയത്.
വത്തിക്കാനിലേയ്ക്കുള്ള യു.എസ്. അംബാസിഡർ, കലിസ്റ്റാ ജിഗ്രിച് വത്തിക്കാൻ ഗ്രന്ഥാലയത്തിന്‍റെ പ്രീഫെക്ട് ചെസാരെ പസീനിക്കാണ് കത്ത് കൈമാറിയത്.
1493-ൽ സ്പെയിനിലെ രാജാവ് ഫെർഡിനാന്‍റിനും രാജ്ഞി ഇസബെല്ലയ്ക്കുമായി ക്രിസ്റ്റഫർ കൊളംബസ് എഴുതിയതായിരുന്നു ഈ കത്ത്. കൊളംമ്പസിന്‍റെ സാഹസയാത്രയുടെയും കണ്ടുപിടുത്തത്തിന്‍റെയും പിന്നിൽ വലിയൊരു പങ്ക് സ്പെയിനിലെ ഈ രാജകുടുംബത്തിന് ഉണ്ട്. അതുകൊണ്ടാണ് അമേരിക്ക കണ്ടുപിടുത്തെക്കുറിച്ച് അദ്ദേഹം രാജകുടുംബത്തിന് വിശദമായതും ദീർഘമായതുമായ ഈ കത്ത് എഴുതിയത്.
അതേസമയം, കൊളംബസ് സ്പാനിഷ് ഭാഷയിൽ എഴുതിയ കത്ത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പകർപ്പുകൾ മൂലരചനയെന്ന വ്യാജേന യൂറോപ്പിൽ കച്ചവടം ചെയ്തിട്ടുണ്ട്. എന്നാൽ 1921-ൽ വത്തിക്കാൻ ഗ്രന്ഥാലയത്തിനു ലഭിച്ച മൂലരചന എങ്ങനെയോ നഷ്ടപ്പെട്ടതാണ്, അമേരിക്കൻ അഭ്യന്തര വിഭാഗം (Dept. Of Homeland Security) കണ്ടെത്തി വത്തിക്കാനെ തിരികെ ഏല്പിച്ചത്.
അറ്റലാന്‍റ സ്വദേശി പാഴ്സന്‍റെ കൈവശമെത്തിയ അമേരിക്ക ഭൂഖണ്ഡം കണ്ടുപിടിച്ച ചരിത്രം പറയുന്ന കൊളംബസിന്‍റെ കത്ത്, റോബർട് പാർസന്‍റെ വിധവ മേരി പാർസനാണ് സൗജന്യമായും സന്തോഷത്തോടുംകൂടെ വത്തിക്കാനു കൈമാറിയത്. അമൂല്യരചനകളുടെ വില്പന നടത്തുന്ന അറ്റ്ലാന്‍റ സ്വദേശികളായിരുന്നു പാർസൺ കുടുംബം.