കൊല്ലം രൂപതയുടെ ചരിത്രത്തെ ജറോം പിതാവിനു മുൻപും ശേഷവുമെന്ന് വിശേഷിപ്പിക്കാം; ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി
കൊല്ലം രൂപതയുടെ ചരിത്രത്തെ ജറോം പിതാവിനു മുൻപും ശേഷവുമെന്ന് വിശേഷിപ്പിക്കാം; ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ ചരിത്രത്തെതന്നെ ജറോം പിതാവിനു മുമ്പും ശേഷവുമെന്ന് നമുക്ക് വിശേഷിപ്പിക്കാമെന്നാണ് ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി. കൊല്ലം രൂപതയുടെ ചരിത്രത്തിലേക്ക് വിശുദ്ധിയുടെ പൊന്‍തൂവലായി മാറുകയാണ് പുണ്യശ്ലോകനായ ജറോം പിതാവിന്റെ ദൈവദാസ പദവി. 40 വര്‍ഷക്കാലം കര്‍മ്മം കൊണ്ടും ഹൃദയവിശുദ്ധികൊണ്ടും കൊല്ലം രൂപതയുടെ ചരിത്രത്തെ മാറ്റിമറിച്ച്, രൂപവും ഭാവവും നൽകിയ ഇടയനായിരുന്നു അദ്ദേഹം.
സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്പിനുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചുകൊണ്ട് ജറോം പിതാവ് എല്ലാവര്‍ക്കും എല്ലാമായി മാറി. വളരെയധികം പിന്നോക്കാവസ്ഥയില്‍ നിന്ന ഒരു രൂപതയെ, ഇന്ന് കാണുന്ന വളര്‍ച്ചയിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സുവർണ്ണ ലിപികളിൽ എന്നും എഴുതപ്പെട്ടുകഴിഞ്ഞു ബിഷപ്പ് പറയുന്നു.
നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ കലര്‍പ്പില്ലാത്ത തീരുമാനങ്ങളുടെ ഉടമയായിരുന്നു ജറോം പിതാവ്. സത്യത്തിലും ധര്‍മത്തിലും ഊന്നിയ പോരാട്ടമായിരുന്നു ആ ജീവിതം എന്നതിൽ സംശയമില്ല. നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും തന്റെ ആദര്‍ശശുദ്ധിയുള്ള ജീവിതംകൊണ്ട് പരാജയപ്പെടുത്തുവാന്‍ അദ്ദേഹത്തിനുകഴിഞ്ഞിരുന്നുവെന്നും, അധ:കൃതരായ ന്യൂനപക്ഷങ്ങളുടെ ശബ്ദവും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു അദ്ദേഹമെന്നും ബിഷപ്പ് പറഞ്ഞു.
ചുരുക്കത്തിൽ, സമാനതകളില്ലാത്ത വ്യക്തിവൈഭവങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു പിതാവിന്റെ ജീവിതം. ഒരു കറകളഞ്ഞ ക്രൈസ്തവ താപസനും പൗരബോധമുള്ള ഉത്തമനായ ദേശസ്‌നേഹിയുമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രക്രിയയിലൂടെ സമൂഹത്തിലെ സകല അന്ധകാരവും മാറ്റുവാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും, വിദ്യാഭ്യാസത്തിലൂന്നിയ അജപാലന പ്രവര്‍ത്തനത്തിന് മുൻതൂക്കം നൽകുകയും ചെയ്തു. വിദ്യാഭ്യാസം വിശുദ്ധനായ വിശ്വാസിയെയും പരിണിതപ്രജ്ഞരായ പൗരന്മാരെയും വാര്‍ത്തെടുക്കുമെന്നായിരുന്നു ജറോം പിതാവിന്റെ വിശ്വാസം. അതുകൊണ്ടുതന്നെ, സഭയുടെയും സമൂഹത്തിന്റെയും വിദ്യാഭ്യാസ വികസനത്തിനുവേണ്ടി നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തുവെന്ന് ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി ഓർമ്മിപ്പിക്കുന്നു.