കൊറോണ ബാധിച്ച മോൺസിഞ്ഞോർ വിൻചെൻസോ റീനി മരിച്ചു; ഇറ്റലിയിൽ കൊറോണമൂലം മരിക്കുന്ന ആദ്യ വൈദീകൻ
മിലാൻ ഉൾപ്പെടുന്ന ലൊംബാർദിയ റീജിയനിൽ മാത്രം ഇതുവരെയായി 966 പേർ മരിച്ചു...
സ്വന്തം ലേഖകൻ
മിലാൻ: മിലാനിലെ ക്രെമോണ രൂപതയിൽ കൊറോണ ബാധിച്ച മോൺ.വിൻചെൻസോ റീനി എന്ന മുതിർന്ന വൈദീകൻ മരിച്ചു. ഇന്നലെ രാത്രി ക്രെമോണയിലെ മജ്ജോറെ ദി ക്രെമോണ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ കോവിഡ് -19 സ്ഥിതീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.
മോൺ.വിൻചെൻസോ റീനി പത്രപ്രവർത്തകനും, രൂപതയുടെ വീക്കിലി ദിനപത്രമായ “ലാ വീത്താ കത്തോലിക്ക”യുടെ മുൻ ഡയറക്ടറുമായിരുന്നു. 30 വർഷത്തിലേറെ അദ്ദേഹം “ലാ വീത്താ കത്തോലിക്ക”യുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.
ക്രെമോണയിലെ ബിഷപ്പ് അന്റോണിയോ നപോളിയോണി ആശുപത്രിയിൽ നിന്ന് മോൺ.വിൻചെൻസോ റീനിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ബിഷപ്പ് അന്റോണിയോയും കൊറോണ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
മിലാൻ ഉൾപ്പെടുന്ന ലൊംബാർദിയ റീജിയനിൽ മാത്രം ഇതുവരെയായി 966 പേരാണ് കൊറോണാ മൂലം മരണപ്പെട്ടത്.