കൊറോണാക്കാലത്ത് ഇറ്റലിയിൽ നിന്നൊരു ഡീക്കൻപട്ട സ്വീകരണം
ഫോർളി രൂപതാ ബിഷപ്പ് ലീവിയോ കൊറാസ്സയിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിച്ചു...
സ്വന്തം ലേഖകൻ
റോം: കൊറോണാക്കാലത്ത് ഇറ്റലിയിൽ വച്ച് ഡീക്കൻപട്ടം സ്വീകരിച്ചിരിക്കുകയാണ് നെയ്യാറ്റിൻകര രൂപതയിലെ ബ്രദർ ജിനു ആർ.എൻ. കൊറോണാക്കാലത്തിന്റെ പ്രത്യേകതയിൽ എല്ലാ രാജ്യങ്ങളും കോവിഡ് 19 പ്രതിരോധ പ്രക്രിയകളുമായി മുന്നോട്ട് പോകുമ്പോൾ, പ്രായോഗികത കണക്കിലെടുത്ത് ഇറ്റലിയിൽ വച്ച് ഡീക്കൻപട്ടം നൽകാൻ നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് വിൻസെന്റ് സാമുവൽ തീരുമാനിക്കുകയായിരുന്നു. അങ്ങനെ, ആഗസ്റ്റ് 14-ന് ഫോർളിയിലെ സമാധാനത്തിന്റെ രാജ്ഞി ദേവാലയത്തിൽ വച്ച്, ഫോർളി രൂപതാ ബിഷപ്പ് ലീവിയോ കൊറാസ്സയിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിച്ചു.
പാറശാല ഫെറോനയിലെ നെടുവാൻവിള, ഹോളിട്രിനിറ്റി ദേവാലയ അംഗമായ ഡീക്കൻ ജിനു, 2009 ലാണ് വൈദീക രൂപീകരണത്തിനായി സെമിനാരിയിൽ ചേർന്നത്. തത്വശാസ്ത്ര പഠനം ബാംഗളൂർ സെന്റ് പീറ്റേഴ്സ് സെമിനാരിയിലും, സെന്റ് ജോസഫ് സെമിനാരിയിലുമായി പൂർത്തിയാക്കുകയും, റീജൻസിക്കാലം സെന്റ് വിൻസെന്റ് മൈനർ സെമിനാരി, സെന്റ് ഫ്രാൻസിസ് സേവിയർ മൈനർ സെമിനാരികളിലായി പൂർത്തിയാക്കി.
തുടർന്ന്, 2017-ൽ ദൈവശാസ്ത്ര പഠനത്തിനായി ഇറ്റലിയിലേയ്ക്ക്. ഇറ്റലിയിലെ ഓപ്പുസ് ഡേയ് സഭാ സമൂഹത്തിന്റെ ‘കൊളേജോ എക്ലേസിയാസ്റ്റിക്കോ ഇന്റർനാസിയോണാലേ സേദേസ് സാപ്പിയൻസിയെ’യിലാണ് തിയോളജി പഠനം.
പാറശാല ഫെറോനയിലെ നെടുവാൻവിളയിൽ രാജേന്ദ്രൻ-നിർമ്മല ദമ്പതികളുടെ മകനാണ്.