കൊറോണാക്കാലത്തെ ജനരഹിത കുർബാനയ്ക്ക് ശേഷം സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക്; ഫാ.തോമസ് അയിലൂക്കുന്നേൽ സഭയുടെ മറ്റൊരു മുഖം
പറയാനുള്ളതൊക്കെ ജീവിച്ചു കാണിക്കുന്ന അച്ചൻ...
സ്വന്തം ലേഖകൻ
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ പാചകത്തിന് നേതൃത്വം നൽകുന്നത് മാന്നാർ സെന്റ് മേരീസ് പള്ളി വികാരി ഫാ.തോമസ് അയിലൂക്കുന്നേലാണ്. അടുക്കളയിൽ കറിക്കരിയുന്നതിനും, ചോറ് വാർക്കുന്നതിനും, ചോറ് പൊതികളാക്കുന്നതിനും എല്ലാം മുന്നിലുണ്ട് അദ്ദേഹം.
ഒന്നാം തിയതി മുതലാണ് ഫാ.തോമസ് അയിലൂക്കുന്നേൽ കമ്മ്യൂണിറ്റി കിച്ചണിൽ സഹായത്തിന് എത്തിയത്. രാവിലെ ജനരഹിത കുർബാനയ്ക്കു ശേഷം പാന്റ്സും ബനിയനും ഇട്ട് കടപ്പൂരാൻ ഓഡിറ്റോറിയത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ എത്തുന്ന ഫാ.തോമസ് വൈകുന്നേരം വരെ അവിടെയുണ്ടാകും. നിരവധിപേർക്കുള്ള ചോറ് പൊതികളാണ് ഓരോദിവസവും വിതരണം ചെയ്യുന്നത്.
ഫാ.തോമസ് അയിലൂക്കുന്നേലിന്റെ സാമൂഹിക ഇടപെടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുൻ ഇടവകയായ കുറിഞ്ഞി ഇടവകാ ചുറ്റുപാടുകൾ അച്ചന്റെ സമരപോരാട്ടങ്ങൾക്ക് വേദിയായിട്ടുണ്ട്. സാമൂഹ്യ ഇടപെടലുകൾ നടത്തുവാൻ എന്നും മുന്നിൽ നിൽക്കുന്നതിന്റെ ഒരുദാഹരണമായിരുന്നു പാറമട സമരവും, പോരാട്ടങ്ങളും അതിനെതുടർന്നുണ്ടായ ജയിൽവാസവും. പ്രളയകാലത്ത് ജനങ്ങളോടൊപ്പം കൈത്താങ്ങായി അദ്ദേഹം മുന്നിലുണ്ടായിരുന്നു.
തോമസച്ചനെക്കുറിച്ച് ഇടവകജങ്ങൾക്കും ധാരാളം പറയാനുണ്ട്. ഒറ്റവാക്കിൽ അവർ പറയും ‘പറയാനുള്ളതൊക്കെ അച്ചൻ ജീവിച്ചു കാണിക്കുന്നു’ എന്ന്. ആത്മീയ ഉണർവും, സാമ്പത്തിക കാര്യങ്ങളിലെ സുതാര്യതയും ഇടവകയിൽ വലിയമാറ്റങ്ങളുണ്ടാക്കി. ഇടവകയെ സ്വന്തം ചങ്കോട് ചേർക്കുന്ന, താങ്കളിലൊരുവനാണ് അദ്ദേഹമെന്ന് ജനം സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തിൽ, മുന്നൂറോളം കുടുംബങ്ങളുള്ള മാന്നാർ ഇടവകയിൽ തോമസച്ചന് എല്ലാപേരും ഒരുപോലെയാണ്, പക്ഷപാതമില്ല, മുൻവിധികളില്ല, താരതമ്യങ്ങളില്ല, പൊരുത്തക്കേടുകളില്ല.
മാന്നാർ സെന്റ് മേരീസ് പള്ളിയിലേക്ക് കാറുകളുടെ അകമ്പടിയോടെ ചാർജ്ജെടുക്കാൻ വരുന്ന പുതിയ അച്ചനെ സ്വീകരിക്കുവാൻ കാത്തുനിന്ന ഇടവകജനത്തെ അതിശയിപ്പിച്ചുകൊണ്ട് ഒറ്റയ്ക്ക് കടന്നുവന്നത് അവർ ഇന്നും ഓർക്കുന്നു. പെയിനിങ്ങിനായി ഒരുലക്ഷത്തി എൺപതിനായിരവും, ഒരുലക്ഷത്തി അൻപതിനായിരവും ടെൻഡറുകൾ വന്നതും, ഒടുവിൽ അച്ചന്റെ നേതൃത്വത്തിൽ 40000 രൂപതയ്ക്ക് പെയിന്റിങ് ചെയ്തുതീർത്തതും ഇടവകജങ്ങൾക്ക് മറക്കാനാകില്ല. ഈ കൊറോണാക്കാലത്ത് സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കടന്നുപോകുന്ന തങ്ങളുടെ സ്വന്തം അച്ചനെ ഓർത്ത് അവർ അഭിമാനിക്കുന്നു.