കൊറോണക്കാലം ശാസ്ത്രം സകലത്തിനുമുള്ള പ്രതിവിധിയാണെന്നുള്ള പൊതുബോധത്തിന് കിട്ടിയ പ്രഹരം
യാഥാർത്ഥ്യ ബോധത്തിലധിഷ്ഠിതമായ ശാസ്ത്ര സാക്ഷരതയില്ലായ്മയാണ് ഈ കാലഘട്ടത്തിന്റെ പ്രധാന വെല്ലുവിളി...
വിനോദ് നെല്ലക്കൽ
പണ്ടൊരിക്കൽ ഒരു പണ്ഡിതൻ വള്ളത്തിൽ യാത്ര ചെയ്ത കഥ എല്ലാവരും കേട്ടിരിക്കും. തന്റെ പാണ്ഡിത്യം തെളിയിക്കാനുള്ള അവസരങ്ങളെല്ലാം വിദഗ്ദമായി ഉപയോഗിച്ചിരുന്ന അയാൾ ഗ്രാമീണരായ മറ്റു യാത്രക്കാർ കേൾക്കെ വള്ളക്കാരനോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. താൻ ഗണിതം പഠിച്ചിട്ടുണ്ടോ എന്നായിരുന്നു അയാളുടെ ആദ്യ ചോദ്യം. ഇല്ല എന്ന വള്ളക്കാരന്റെ മറുപടികേട്ടപ്പോൾ പണ്ഡിതൻ പറഞ്ഞു: ‘തന്റെ ജീവിതത്തിന്റെ കാൽഭാഗം നഷ്ടമായിരിക്കുന്നു’. ശാസ്ത്രം പഠിച്ചിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. അതും വള്ളക്കാരൻ പഠിച്ചിട്ടില്ലാതിരുന്നതിനാൽ ‘അയാളുടെ ജീവിതത്തിന്റെ പകുതി ഭാഗവും നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു’ എന്ന് പണ്ഡിതൻ പറഞ്ഞു. താൻ ചരിത്രം പഠിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും പതിവുപോലെ ഇല്ല എന്ന മറുപടി കേട്ടപ്പോൾ വലിയ അഹങ്കാരത്തോടെ: ‘എങ്കിൽ തന്റെ ജീവിതത്തിന്റെ മുക്കാൽപ്പങ്കും നഷ്ടമായിരിക്കുന്നു’ എന്നായിരുന്നു അയാളുടെ മറുപടി. അപ്പോൾ അപകടകരമായ ആഴവും അടിയൊഴുക്കുമുള്ള ആ വലിയ പുഴയുടെ മധ്യ ഭാഗത്തായിരുന്നു അവർ. എന്തോ കാരണത്താൽ ആ വള്ളത്തിനുള്ളിൽ പുഴവെള്ളം അരിച്ചുകയറുന്നത് ശ്രദ്ധയിൽ പെട്ടിരുന്ന വെള്ളക്കാരൻ പണ്ഡിതനോട് ഒരു മറുചോദ്യം ചോദിച്ചു: ‘താങ്കൾക്ക് നീന്തൽ അറിയാമോ?’ ഇല്ല എന്നായിരുന്നു പുച്ഛ ഭാവത്തിലുള്ള അയാളുടെ മറുപടി. ‘എങ്കിൽ താങ്കളുടെ മുഴുവൻ ജീവിതവും ഒരുപക്ഷെ ഇന്ന് നഷ്ടമായേക്കും, ഈ വള്ളം മുങ്ങാൻ പോവുകയാണ്’ വള്ളക്കാരൻ പറഞ്ഞു.
വളരെ വർഷങ്ങൾക്ക് മുമ്പ് ഏതോ ചെറിയ ക്ലാസിൽ പഠിച്ച ഓർമ്മയിൽനിന്ന് കുറിച്ചതാണ്. ഈ കഥ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വ്യക്തികൾ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ആഗ്രഹിച്ച പാഠം, ആരും ഒരിക്കലും തന്റെ അറിവിലും കഴിവിലും അഹങ്കരിച്ചുകൂടാ എന്നായിരിക്കണം. എത്രമാത്രം ഔന്നത്യത്തിൽ ആയിരുന്നാലും വീഴ്ചയ്ക്കും തകർച്ചയ്ക്കും വളരെ നിസാരമായ ഒരു കാരണം മതിയാവും. അത്തരം സൂക്ഷ്മമായ കാരണങ്ങൾക്കുള്ള സാധ്യതകൾ ഓരോ ജീവിതത്തിലും മാത്രമല്ല, മാനവരാശിയുടെ ചരിത്രത്തിൽ ഓരോ മുക്കിലും മൂലയിലും കണ്ടെത്താൻ കഴിയും എന്നുള്ളത് ഒരു സാമാന്യ വസ്തുതയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകജനത മുഴുവൻ നേരിടുന്ന, ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കുക. ‘ഏറ്റവും ശക്തർ’ എന്ന് അഹങ്കരിച്ചവർ ഏറ്റവും വലിയ തകർച്ചയെ നേരിടുന്നു. എന്തിനെയും അഭിമുഖീകരിക്കാൻ കഴിവുണ്ട് എന്ന് പലരും ചിന്തിച്ചിരുന്ന ‘ശാസ്ത്രം’ വലിയ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരിക്കുന്നു. കൊറോണ വൈറസ് രോഗബാധയെക്കുറിച്ച് ലോകം ചർച്ച ചെയ്ത് തുടങ്ങിയിട്ട് അഞ്ചു മാസങ്ങൾ പിന്നിട്ടിട്ടും വ്യക്തമായ ഒരു പരിഹാരം നിർദ്ദേശിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. അവകാശ വാദങ്ങൾ തുടരുന്നതല്ലാതെ, ഏതെങ്കിലും രാജ്യത്തെ ശാസ്ത്രസംഘങ്ങൾക്ക് അതിന് കഴിയുമെന്ന് ആർക്കും ഉറപ്പില്ല. ഒരുപക്ഷെ വരും നാളുകളിൽ അതിന് കഴിഞ്ഞേക്കാം. എങ്കിൽപ്പോലും, അത്തരമൊരു കണ്ടെത്തലിനെ ശാസ്ത്രത്തിന്റെ തിളക്കമാർന്ന ഒരു വിജയമായി ആരും കരുതിയെന്നു വരില്ല. കാരണം, ആ രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിൽ ശാസ്ത്രം പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഒരുപക്ഷെ, 1918-ൽ പൊട്ടിപ്പുറപ്പെടുകയും കോടിക്കണക്കിന് ജീവനുകൾ അപഹരിക്കുകയും ചെയ്ത ‘സ്പാനിഷ് ഫ്ലൂ’ എന്ന രോഗബാധയുടെ തനിയാവർത്തനമാണ് നൂറുവർഷത്തിനുശേഷം ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കടന്നുപോയ ഒരു നൂറ്റാണ്ടിനെ, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യകളുടെയും സ്വപ്നതുല്യമായ വളർച്ചയുടെ കാലമായിട്ടാണ് പലരും വിശേഷിപ്പിക്കുന്നത് എന്ന് ഓർക്കണം. എന്നാൽ, ‘ആ ഒരു നൂറ്റാണ്ടിൽ നാം എന്തുനേടി’ എന്ന ഒരു വലിയ ചോദ്യം ഇവിടെ ഉയരുന്നു.
ലോകത്തിലെ ഏറെക്കുറെ എല്ലാ രാജ്യങ്ങളെയും സമാനതകളില്ലാത്ത പ്രതിസന്ധിയിലാഴ്ത്തിയ ഒരു രോഗബാധ. അത്തരമൊന്ന് ഈ കാലഘട്ടത്തിലും സാധ്യമാണെന്ന് ചിന്തിച്ചിരുന്നവർ ചില ശാസ്ത്രജ്ഞർ മാത്രമാണ്. കാരണം, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്ര ലോകം ‘പരിമിതികൾ നിറഞ്ഞ’താണെന്നും, പൊതുസമൂഹം ചിന്തിക്കുന്നതുപോലെ ‘അമാനുഷികശക്തികളുള്ള ആരും/ ഒന്നും’ അവിടെയില്ലെന്നും അവർ മനസിലാക്കിയിരുന്നു. അതാണ് വാസ്തവവും. ശാസ്ത്ര നേട്ടങ്ങളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ കേട്ട്, താരതമ്യേന കഴിഞ്ഞ കാലത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ അനുഭവിച്ചും, സയൻസ് ഫിക്ഷൻ സിനിമകൾ കണ്ട് രോമാഞ്ചം കൊണ്ട ‘സാമാന്യ ജനത’യാണ് ശാസ്ത്രത്തെ സകലതിനും മീതെ പ്രതിഷ്ഠിച്ചത്. ‘ശാസ്ത്രവാദികൾ’ എന്നവകാശപ്പെട്ട ഒരു വിഭാഗം, ശാസ്ത്ര നേട്ടങ്ങളുടെ വെളിച്ചത്തിൽ സകലതിനെയും ചോദ്യം ചെയ്യാനും തള്ളിപ്പറയാനും മുന്നിയിട്ടിറങ്ങിയതോടെ സകലതും ശാസ്ത്രമാണെന്നും, ശാസ്ത്രം സകലത്തിനുമുള്ള പ്രതിവിധിയാണെന്നുമുള്ള പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ദൈവവിശ്വാസികളും ദൈവവിശ്വാസവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
ശാസ്ത്രത്തിന്റെ പേരിൽ ദൈവവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത് പുതുമയല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലും (അതിന് മുമ്പ് പല ഘട്ടങ്ങളിലും) പ്രബലരായ ഒരുവിഭാഗം മനുഷ്യർ പരക്കെ അപ്രകാരം ചിന്തിച്ചിരുന്നു. ‘ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന്റെ നേട്ടങ്ങളെ അത്യുന്നതിയിലെത്തിച്ചു’ എന്നാണ് അന്നും അനേകർ കരുതിയിരുന്നത്. എന്നാൽ, ഇപ്പോഴത്തേതിന് സമാനമായി പരിസ്ഥിതിയിൽ നിന്ന് മനുഷ്യൻ നേരിട്ട തിരിച്ചടികൾക്കൊപ്പം, ആപേക്ഷിക സിദ്ധാന്തത്തിന്റെയും മറ്റും വിപ്ലവകരമായ കടന്നുവരവും അത്തരം ചിന്താഗതികൾക്ക് തിരിച്ചടിയായി. 1915ൽ അവതരിപ്പിക്കപ്പെട്ട സാമാന്യ ആപേക്ഷികതാ സിദ്ധാന്തം സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഒരു നൂറ്റാണ്ടിനിപ്പുറം ഇന്നും അവസാനിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഇടുങ്ങിയ ചിന്താഗതികളോടെ ലോകത്തെ വീക്ഷിച്ചിരുന്ന ശാസ്ത്ര ചിന്തകർക്ക് മുന്നിൽ അതിവിശാലമായ ഒരു വാതിൽ തുറന്നിടുകയാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐൻസ്റ്റീൻ ചെയ്തത്.
തുടർന്ന്, ഭൗതിക ശാസ്ത്രത്തിൽ മാത്രമല്ല, ജീവശാസ്ത്രത്തിലും സംഭവിച്ച മുന്നേറ്റങ്ങൾ ശാസ്ത്രത്തിന്റെ സാദ്ധ്യതകൾ ഏതെങ്കിലുമൊരു കാലഘട്ടത്തിലെ മനുഷ്യന് കീഴടക്കാൻ കഴിയുന്നതിനുമപ്പുറം വ്യാപ്തിയുള്ളതാണ് എന്ന് തെളിയിക്കുകയുണ്ടായി. എങ്കിലും ചിലരുടെയെങ്കിലും കാര്യത്തിൽ, ക്രമേണ മനുഷ്യ മനസ്സിന്റെ സ്വാഭാവിക സങ്കുചിത സ്വഭാവം പ്രകടമാവുകയും വീണ്ടും ശാസ്ത്രത്തെ അത്യുന്നതിയിൽ പ്രതിഷ്ഠിക്കാൻ അത് കാരണമാവുകയും ചെയ്തു. അങ്ങനെ, ഒരു നൂറ്റാണ്ടിനു മുമ്പ് മനുഷ്യൻ എപ്രകാരം ചിന്തിച്ചുവോ, അതേ മനോഭാവങ്ങൾ ഈ തലമുറയെയും കീഴടക്കുകയുണ്ടായി. വാസ്തവത്തിൽ യാഥാർത്ഥ്യ ബോധത്തിലധിഷ്ഠിതമായ ശാസ്ത്ര സാക്ഷരതയില്ലായ്മയാണ് ഈ കാലഘട്ടത്തിന്റെ പ്രധാന വെല്ലുവിളി.
കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മുന്നേറ്റങ്ങളുടെ വെളിച്ചത്തിൽ ശാസ്ത്രത്തിന്റെ വളർച്ച ഒരു യാഥാർത്ഥ്യമാണ് എന്ന് വിലയിരുത്താൻ കഴിയും. പ്രപഞ്ച സത്യങ്ങളെ വിവേചിച്ചറിയാനുള്ള ശാസ്ത്രത്തിന്റെ കഴിവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, പൂർണ്ണമായ അറിവിലേക്കുള്ള യാത്രയിൽ ഇന്നത്തെ ശാസ്ത്രബോധത്തിന്റെ സ്ഥാനം എവിടെയാണെന്ന ചോദ്യത്തിനുള്ള ഉത്തരം ആ വളർച്ചയുടെ തോത് നിർണ്ണയിക്കുന്നു. ‘തിരിച്ചറിവുകളേക്കാൾ അധികമായി ഉത്തരമില്ലാത്ത ചോദ്യങ്ങൾ’ അവശേഷിക്കുന്ന ഈ കാലത്ത്, ശാസ്ത്രം അതിന്റെ യാത്രയിൽ എവിടെയെത്തി നിൽക്കുന്നു എന്ന് വിലയിരുത്തുക എളുപ്പമല്ല. ഒരുപക്ഷെ, എവിടെയുമെത്തിയിട്ടില്ല എന്ന ഒറ്റവാക്കാണ് വിലയിരുത്തലിന് കൂടുതൽ യുക്തം. ആ തിരിച്ചറിവിനെ കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളുവാൻ കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഈ ലോകത്തെ സഹായിച്ചേക്കും.