Daily Reflection

കൊടുക്കുന്നതിൽ അളവുപാത്രം വേണോ?

എന്റെ കുറവുകൾ തിരിച്ചറിഞ്ഞ മനസ്സോടെ അപരനുവേണ്ടി പ്രാർത്ഥനകൾ ഉയർത്തുമ്പോൾ ഉയർത്തപ്പെട്ട പ്രാർത്ഥനകൾ കരുണയുടെ വാതിലുകളായി മാറുന്നു...

ദാനിയേൽ പ്രവാചകൻ ചാക്കുടുത്ത്, ചാരംപൂശി, ഉപവസിച്ച് ദൈവമായ കർത്താവിനോടു തീഷ്ണമായി പ്രാർത്ഥിക്കുന്നത് ദാനിയേൽ 9, 4-10 വചനഭാഗങ്ങളിൽ കാണാം. അതിന്റെ ആദ്യഭാഗത്ത് ദാനിയേൽ തന്റെ തന്നെ പാപങ്ങൾ ഏറ്റുപറയുന്നു. തുടർന്ന് ജനത്തിന്റെ പാപങ്ങളുടെ മോചനത്തിനായി പ്രാർത്ഥിക്കുന്നു. അവസാനം കൂട്ടിച്ചേർക്കുന്നു, “ഞങ്ങളുടെ ദൈവമായ കർത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്” (ദാനിയേൽ 9, 9). കാരുണ്യം തോന്നി പാപമോചനം തരാൻ കഴിയുന്ന ഒരു ദൈവത്തെ അറിയുന്ന ഒരു വിശ്വാസിയുടെ പ്രാർത്ഥനയുടെ കാതലാണിത്. കരുണയുള്ള ദൈവത്തിനുമുന്നിൽ എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടതെന്നു പഠിപ്പിക്കുകയാണിവിടെ പ്രവാചകൻ. എന്റെ കുറവുകൾ തിരിച്ചറിഞ്ഞ മനസ്സോടെ അപരനുവേണ്ടി പ്രാർത്ഥനകൾ ഉയർത്തുമ്പോൾ ഉയർത്തപ്പെട്ട പ്രാർത്ഥനകൾ കരുണയുടെ വാതിലുകളായി മാറുന്നു.

ഇതുതന്നെയാണ് സുവിശേഷത്തിലും ഈശോ പറയുന്നത്, “വിധിക്കരുത്… ക്ഷമിക്കുവിൻ… കൊടുക്കുവിൻ… നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും” (ലൂക്കാ 6:3638). കാരണം, “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ. 6, 36). കരുണയുള്ള തമ്പുരാന്റെ മുന്നിൽ പ്രാർത്ഥനകൾ ഉയർത്തുമ്പോൾ ഈ മൂന്നുകാര്യങ്ങൾ ഓർക്കണം.

1) വിധിക്കരുത്: വെറുതെ ഒരാളെ വിധിക്കാം, അപരന് കുറവുണ്ടായിട്ടു അയാളെ വിധിക്കാം, അപരൻ എന്നോട് തെറ്റ് ചെയ്തതുകൊണ്ട് അപരനെ വിധിക്കാം. പക്ഷെ ഈ മൂന്നു സാഹചര്യത്തിലും തിന്മയാണ് എനിക്ക് കിട്ടുന്നതെങ്കിൽ പോലും അപരനെ ഒരുവാക്കുകൊണ്ടോ ചിന്തകൊണ്ടോ പോലും കുറ്റവിധിക്കാതെ യാചിക്കുന്ന പ്രാർത്ഥനകളിൽ അനുഗ്രഹത്തിന്റെ സമൃദ്ധി കാണും.

2) ക്ഷമിക്കുവിൻ: ക്ഷമിക്കുക എന്നുപറഞ്ഞാൽ അപരന് എന്റെ ഹൃദയത്തിൽ സ്ഥാനം കൊടുക്കുകയന്നർത്ഥം. എന്നോട് തെറ്റുചെയ്തവനും എന്റെ ഹൃദയത്തിൽ ഒരു സ്ഥാനം കൊടുത്ത് അപരനുവേണ്ടി ഉയർത്തുന്ന പ്രാർത്ഥനകൾക്ക് എന്റെ തെറ്റുകൾ ക്ഷമിക്കുന്ന പിതാവിന്റെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ട്. ക്ഷമിക്കുക എന്ന് പറയുമ്പോൾ അപരന് എന്റെ ഹൃദയത്തിൽ സ്ഥാനം കൊടുത്തു അവനുവേണ്ടി പ്രാർത്ഥിക്കുക എന്നുകൂടിയാകുന്നു. അതല്ലേ ക്രിസ്തു കുരിശിൽ കിടന്ന് ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച് നമ്മളെ പഠിപ്പിച്ചതും.

3) കൊടുക്കുവിൻ: എന്തുകൊടുക്കുന്നുവോ അത് തിരിച്ചുകിട്ടും. വിധിക്കാതെ, ക്ഷമിച്ചുകൊണ്ടു കൊടുത്ത നിന്റെ മനസ്സാണ് ദൈവത്തിനു കൊടുത്തതെങ്കിൽ നിനക്കും അതുപോലെ ദൈവത്തിൽ നിന്നും പേരാണിത് നിന്നും തിരിച്ചുകിട്ടും. എന്ത് കൊടുക്കുന്നുവോ എത്ര കൊടുക്കുവോ അതിനനുസരിച്ചു നിനക്ക് തിരിച്ചുകിട്ടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും. കൊടുക്കുന്നതിലും ക്ഷമിക്കുന്നതിലും അളവുപാത്രം വേണോ? വേണ്ടയോ? ഉത്തരം നീ ദൈവത്തിൽനിന്നും അപരനിൽനിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്ന തോതിനനുസരിച്ചായിരിക്കട്ടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker