കൊച്ചി രൂപതാ ചാൻസലർ ഫാ.റെജിൻ ജോസഫ് തോമസ് ആലുങ്കൽ നിര്യാതനായി
തിരുകർമങ്ങൾ ചൊവ്വാഴ്ച 3.00 മണിക്ക് എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ
ജോസ് മാർട്ടിൻ
ഫോർട്ടുകൊച്ചി: കൊച്ചി രൂപത ചാൻസലർ വെരി.റവ.ഫാ.റെജിൻ ജോസഫ് തോമസ് ആലുങ്കൽ നിര്യാതനായി, 41 വയസായിരുന്നു. 2021 ഏപ്രിൽ മുതൽ രൂപതാ ചാൻസലറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ശനിയാഴ്ച്ച സ്വവസതിയിൽ വെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികത്സ തുടരുന്നതിനിടെ ഹൃദയഘാതമുണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു.
ചന്തിരൂർ ആലുങ്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവർമെൻ്റ് എൻജിയിറിംഗ് കേളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട്, പൂനെ പേപ്പൽ സെമിനാരിയിൽ വൈദീകപഠനം പൂർത്തിയാക്കി 2020ൽ വൈദീക പട്ടം സ്വീകരിച്ചു. വൈപ്പിൻ പ്രത്യാശ മാതാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ചുകൊണ്ട് വൈദീക ജീവതം ആരംഭിച്ച അദ്ദേഹം ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ. പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.
വരുന്ന ചൊവ്വാഴ്ച 08/11/2022, രാവിലെ 7 മണിക്ക് മൃതദേഹം ഫോർട്ടുകൊച്ചി അരമനയിൽ ബിഷപ്പസ് ചാപ്പലിൽ പൊതുദർശനത്തിനുവെയ്ക്കും. പിന്നീട് ചന്തിരൂരിലുള്ള അദേഹത്തിന്റെ വസതിയിൽ അന്തിമോപചാരങ്ങൾക്ക് ശേഷം, ഇടവകയായ ചന്തിരൂർ സെന്റ് മേരീസ് ദേവാലയത്തിലേക്ക് കൊണ്ട് വരുകയും, ഔദ്യോഗിക രൂപതാ ബഹുമതികളോടെ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് തിരുകർമങ്ങൾ ആരംഭിച്ച് എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ പൂർത്തിയാകുകയും ചെയ്യുമെന്ന് രൂപതാ പി. ആർ. ഒ. ഫാ. ജോണി സേവ്യർ പുതുക്കാട്ടു് അറിയിച്ചു.
സഹോദരങ്ങൾ, ജെറിൻ (യു.കെ.), റിനു (യു. എസ്. എ).