കൊച്ചി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് കരിയിൽ വിരമിച്ചു, മോൺ.ഷൈജു പരിത്തുശ്ശേരി അഡ്മിനിസ്‌ട്രേറ്റർ
കൊച്ചി രൂപതയുടെ 35-ാമത്തെ മെത്രാനും രൂപതയുടെ നാലാമത്തെ തദ്ദേശീയ മെത്രാനും ആയിരുന്നു...
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് കരിയിൽ വിരമിച്ചു. ഇന്ന് വൈകുന്നേരം (മാർച്ച് രണ്ടാം തീയ്യതി ശനിയാഴ്ച്ച 4.30-ന്) ഫോർട്ട് കൊച്ചി ബിഷപ്പ്സ് ഹൗസിൽ വിളിച്ചു ചേർത്ത വൈദീകരുടെ യോഗത്തിലാണ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ തന്റെ സ്ഥാനമൊഴിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തുടർന്ന്, അഡ്മിനിസ്‌ട്രേറ്ററായി മോൺ.ഷൈജു പരിത്തുശ്ശേരി ചുമതലയേൽക്കുകയും ചെയ്തു. സഭയുടെ കാനോൻ നിയമങ്ങൾ അനുസരിച്ച് രൂപതാ ചാൻസിലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് അഡ്മിനിസ്ട്രെറ്ററായി മോൺ.ഷൈജു പരിത്തുശ്ശേരിയെ തിരഞ്ഞെടുത്തത്.
പോൾ നാലാമൻ പാപ്പയുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-ന് സ്ഥാപിതമായ കൊച്ചി രൂപതയുടെ 35-ാമത്തെ മെത്രാനും രൂപതയുടെ നാലാമത്തെ തദ്ദേശീയ മെത്രാനും ആയിരുന്നു ബിഷപ്പ് ഡോ.ജോസഫ് കരിയിൽ. പുനലൂർ രൂപതാ ബിഷപ്പായി സേവനമനുഷ്ഠിച്ച് വരവേ കൊച്ചി ബിഷപ്പ് ഡോ.ജോൺ തട്ടുങ്കലിന്റെ രാജിയെ തുടർന്ന് കൊച്ചി രൂപതയുടെ ബിഷപ്പായി 2009 ജൂലായ് 5-ന് സ്ഥാനമേറ്റു.
1949 ജനുവരി 11-ന് ഇന്നത്തെ ആലപ്പുഴ രൂപതയുടെ ഭാഗമായ അർത്തുങ്കലിൽ ജനിച്ചു,1973 ഡിസംബർ 19-ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ അൽഫോൻസിയാനോ അക്കാദമിയിൽ നിന്ന് ധാർമ്മിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പാസ്റ്ററൽ ഓറിയന്റേഷൻ സെന്റെർ (പി.ഓ.സി.) ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.