കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “മട്ടാഞ്ചേരിയിലെ കൂനൻ കുരിശ് സത്യം” സെമിനാർ
'കൂനൻ കുരിശ് സത്യം' കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നത്...
ജോസ് മാർട്ടിൻ
കൊച്ചി: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോടനുബന്ധിച്ച് കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “മട്ടാഞ്ചേരിയിലെ കൂനൻ കുരിശ് സത്യം” എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന ഡയറക്ടർ ഫാ.പ്രസാദ് കണ്ടത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അധ്യക്ഷനായിരുന്നു. ചരിത്ര നിരീക്ഷകനായ സെലസ്റ്റിൻ കുരിശിങ്കലാണ് വിഷയം അവതരിപ്പിച്ചത്.
കേരള നവോത്ഥാനത്തിൽ സുപ്രധാന പങ്കുവഹിച്ച ഉദയംപേരൂർ സുനഹദോസിനെ തുടർന്നുണ്ടായ സംഭവികാസങ്ങളുടെ തുടർച്ചയായുണ്ടായ ‘കൂനൻ കുരിശ് സത്യം’ കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ.പ്രസാദ് പറഞ്ഞു.
വരും തലമുറയ്ക്ക് സ്വത്വബോധവും പൈതൃകവും പകർന്നു നൽകേണ്ടത് നമ്മുടെ കടമയാണെന്നും, അതിനായി കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ സഭാചരിത്രത്തെ കുറിച്ച് തുടർസെമിനാറുകൾ നടത്തുമെന്നും രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ പറഞ്ഞു.
ജനറൽ സെക്രട്ടറി കാസി പൂപ്പന, രൂപതാ ജോയിന്റ് ഡയറക്ടർ ഫാ.സാനിഷ് പുള്ളിക്കപറമ്പിൽ, ലിനു തോമസ്, സ്വപ്ന പട്രോണിക്സ്, ഡാനിയ ആന്റണി, എബിൻ തോമസ് എന്നിവർ വിഷയത്തിൽ പ്രതികരണങ്ങൾ നടത്തി.