കോഴിക്കോട് രൂപത മുൻ ബിഷപ് ഡോ. മാക്സ്വെൽ നൊറോണ അന്തരിച്ചു
കോഴിക്കോട് രൂപത മുൻ ബിഷപ് ഡോ. മാക്സ്വെൽ നൊറോണ അന്തരിച്ചു
കോഴിക്കോട് :കോഴിക്കോട് രൂപത മുൻ ബിഷപ് ഡോ. മാക്സ്വെൽ വലെന്റയിൽ നൊറോണ (93) അന്തരിച്ചു. ഇന്നലെ രാത്രി 11.20ന് കോഴിക്കോട് വെള്ളിമാടുകുന്ന് നിർമല ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ ഉച്ചകഴിഞ്ഞു 3.30ന് ദേവമാതാ കത്തീഡ്രലിൽ. രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ഡോ. മാക്സ്വെൽ നൊറോണ. മതസൗഹാർദത്തിന്റെ വക്താവായിരുന്നു.
കോഴിക്കോട് രൂപതയുടെ നാലാമത്തെ ഇടയനായിരുന്ന ബിഷപ് മാക്സ്വെൽ 22 വർഷം രൂപതയെ കൈപിടിച്ചു നടത്തി. ബിഷപ് അൽദോ മരിയാ പത്രോണിയിൽനിന്ന് 1980ലാണ് രൂപതയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. 1923ൽ സ്ഥാപിതമായ രൂപതയെ അതുവരെ നയിച്ചിരുന്നത് വിദേശ മിഷനറിമാരായ ബിഷപ്പുമാരായിരുന്നു.
കായംകുളത്ത് 1926ൽ ജനിച്ച അദ്ദേഹം കുഞ്ഞായിരിക്കുമ്പോൾത്തന്നെ കുടുംബം മലബാറിലേക്കു കുടിയേറി. വടകര ബിഇഎം. ഹൈസ്കൂൾ, പയ്യോളി എലിമെന്ററി സ്കൂൾ, അഴിയൂർ ബോർഡ് ഹൈസ്കൂൾ, മാഹി ലബോർദനെ കോളജ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിൽ വൈദിക വിദ്യാർഥിയായി. തുടർന്ന് കാൻഡി പേപ്പൽ സെമിനാരി, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലും വിദ്യാഭ്യാസം തുടർന്ന അദ്ദേഹം റോമിൽനിന്ന് സഭാ നിയമത്തിൽ ഡോക്ടറേറ്റും നേടി.
1952 ഓഗസ്റ്റ് 24ന് ശ്രീലങ്കയിലെ ട്രിങ്കോമാലി ബിഷപ്പിൽനിന്നാണു വൈദിക പട്ടം സ്വീകരിച്ചത്. തലശ്ശേരിയിലും കോഴിക്കോട്ടും അസിസ്റ്റന്റ് വികാരി ആയി സേവനമനുഷ്ഠിച്ച ഡോ. മാക്സ്വെൽ നൊറോണ, 1962 മുതൽ പത്തു വർഷം ചുണ്ടേൽ ആർ.സി. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. 1979ൽ രൂപതാ വികാരി ജനറൽ ആയി. കോഴിക്കോട്ടെ പ്രവർത്തകാലത്ത് വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും അഗതിമന്ദിരങ്ങളും പാവപ്പെട്ടവർക്ക് വീടുകളും സ്വയം തൊഴിൽ സ്ഥാപനങ്ങളും നിർമിക്കാൻ മുൻകൈ എടുത്തു. സഭാ നവീകരണത്തിനാവശ്യമായ സെമിനാറുകൾ നടത്താനും പരിശീലനം നൽകാനും റിന്യൂവൽ സെന്റർ സ്ഥാപിച്ചു. വിശ്രമ ജീവിതം നയിച്ചു വരെയായിരുന്നു അന്ത്യം .