കേരള സർക്കാരിന്റെ പുതിയ മദ്യനയം ആശങ്കാജനകം; കെ.സി.വൈ.എം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് വിരുദ്ധം കെ.സി.വൈ.എം. ആലപ്പുഴ രൂപത
ജോസ് മാർട്ടിൻ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മദ്യനയം ആശങ്കാജനകമെന്ന് കെ.സി.വൈ.എം. ആലപ്പുഴ രൂപത. യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയം സമൂഹത്തിൽ കൂടുതൽ വിനാശകരമായി ഭവിക്കുമെന്ന് ആലപ്പുഴ രൂപതാ പ്രസിഡന്റ് വർഗ്ഗീസ് ജയിംസ് മാപ്പിള കുറ്റപ്പെടുത്തി. കെ.സി.വൈ.എം.ആലപ്പുഴ രൂപതാ ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി. പാർക്കുകളിൽ മദ്യം നല്കുന്നതുൽപ്പടെയുള്ള തീരുമാനങ്ങൾ ആശങ്കാജനകമെന്ന് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ജൂഡോ മൂപ്പശ്ശേരിയിൽ പറഞ്ഞു. സർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായാണ് ഈ നയം നടപ്പിലാക്കുന്നതെന്നും, കേരളം മദ്യ ഉപഭോഗ സംസ്ഥാനമാക്കി മറ്റുന്നതിലൂടെ ലഭിക്കുന്ന വലിയ നികുതി മുന്നിൽകണ്ടുകൊണ്ടാണ് മദ്യനയം ഉദാരവൽക്കാരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
പുതുക്കിയ മദ്യനയത്തിൽ പുനഃപരിശോധന ഇല്ലായെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. രൂപത ജന. സെക്രട്ടറി ജിതിൻ മാത്യു, അനിമേറ്റർ സി. റീനാ തോമസ്, പി.ജെ. എൽറോയ്, വിനിത ലൂയിസ്, കിരൺ ആൽബിൻ, ജോമോൾ ജോൺകുട്ടി എന്നിവർ സംസാരിച്ചു.