കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ 49-Ɔο സ്ഥാപക ദിനം ആഘോഷിച്ചു
നിയമസഭ തെരെഞ്ഞെടുപ്പിൽ ജനാധിപത്യം, മതേതരത്വം, ഈശ്വര വിശ്വാസം തുടങ്ങിയവ സംരക്ഷിക്കുന്നവരെ വിജയിപ്പിക്കണം...
സ്വന്തം ലേഖകൻ
കണ്ണൂർ: അടുത്ത് നടക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ജനാധിപത്യം, മതേതരത്വം, ഈശ്വര വിശ്വാസം തുടങ്ങിയ മൂല്യങ്ങളിൽ നിലയുറപ്പിക്കുന്നവരും, അഴിമതി ഇല്ലാത്തവരുമായ വ്യക്തികളെ വിജയിപ്പിക്കണമെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ആഹ്വാനം ചെയ്തു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെ.എൽ.സി.എ.) 49-Ɔο സ്ഥാപക ദിനാഘോഷം കണ്ണൂർ രൂപതാ കെ.എൽ.സി.എ. യുടെ അഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൗസിൽ സംഘടിപ്പിച്ച പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിലൂടെ തിരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രതിബദ്ധതയുള്ളവരാകണമെന്നും, സാമൂഹ്യ സേവനം ലക്ഷ്യമാക്കി ഉത്കൃഷ്ട മാർഗ്ഗത്തിലൂടെ ജനസേവനം നടത്തുമ്പോൾ മാത്രമേ യഥാർത്ഥ ജനപ്രതിനിധികളാവുകയുള്ളുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
കെ.എൽ.സി.എ. രൂപത പ്രസിഡണ്ട് രതീഷ് ആന്റെണി അദ്ധ്യക്ഷത വഹിച്ച ദിനാഘോഷയോഗത്തിൽ കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ മുഖ്യപ്രഭാഷണം നടത്തി. വിവിധ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ ഫാ.ജോമോൻ ചെമ്പകശ്ശേരിയിൽ, പുഷ്പ ക്രിസ്റ്റി, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ആശംസകൾ നേർന്നു കൊണ്ട് കണ്ണൂർ രൂപത വികാരി ജനറൽമാരായ മോൺ.ക്ലാരൻസ് പാലിയത്ത്, മോൺ.ദേവസി ഈരത്തറ, രൂപതാ കെ.എൽ.സി.എ. ഡയറക്ടർ ഫാ.മാർട്ടിൻ രായപ്പൻ, ഗോഡ്സൺ ഡിക്രൂസ്, ജോൺ ബാബു, ക്രിസ്റ്റഫർ കല്ലറക്കൽ, ഷേർളി സ്റ്റാൻലി, ജോൺ കെ.എച്ച്., ശ്രീജൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
കെ.എൽ.സി.എ. സ്ഥാപക ദിനാത്തോടനുബന്ധിച്ച് കണ്ണൂർ രൂപത സമിതി ആഹ്വാനം ചെയ്ത പതാക ഉയർത്തലും സമ്മേളനവും കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യൂണിറ്റുകളിൽ ആഘോഷമായി നടന്നു.