Kerala

കേരള ബജറ്റ് ഭാവനാശൂന്യവും ജനജീവിതത്തെ ദുസ്സഹമാക്കുന്നതും; കെ.ആര്‍.എല്‍.സി.സി.

സര്‍ക്കാരിന്റെ മൂന്നാക്ക പ്രീണനനയം പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണെന്നും കുറ്റപ്പെടുത്തുന്നു...

ജോസ് മാർട്ടിൻ

കൊച്ചി: കേരളത്തിന്റെ വാര്‍ഷിക ബജറ്റ് ഭാവനാശൂന്യവും ജനജീവിതത്തെ ദുസ്സഹമാക്കുന്നതുമാണെന്ന് കേരള ലത്തീൻ (റോമൻ) കത്തോലിക്കാ സഭ. പുതിയ നികുതി നിര്‍ദേശങ്ങള്‍ സര്‍വ്വവ്യാപിയായ വിലക്കയറ്റത്തിന് കാരണമാകുമെന്നും, അതേസമയം, മത്സ്യബന്ധന മേഖല ഉള്‍പ്പെടെ തീരദേശം തീര്‍ത്തും അവഗണിക്കപ്പെട്ടതായും കേരള ലത്തീൻ (റോമൻ) കത്തോലിക്കാ സഭ (കെ.ആര്‍.എല്‍.സി.സി.) വിലയിരുത്തുന്നു.

തീരദേശ ജനത തള്ളിക്കളഞ്ഞ പുനര്‍ഗേഹം പദ്ധതിക്കായി 20 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതിയുടെ ആരംഭം മുതല്‍ ഇന്നുവരെ 1682 ഭവനങ്ങള്‍ മാത്രമെ ഈ പദ്ധതിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പ്രത്യേക ഭവനപദ്ധതി പ്രതീക്ഷിച്ചിരുന്നു. കീഫ്ബിയില്‍ സാമ്പത്തിക വിനിയോഗത്തിന് സാധ്യത ഇല്ലാതായി എന്ന് ബജറ്റ് പ്രസംഗത്തില്‍ തന്നെ ധനമന്ത്രി വ്യക്തമാക്കിയിരിക്കെ തീരദേശ സംരക്ഷണത്തിനും തീരശോഷണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ തുക അനുവദിക്കപ്പെട്ടിട്ടില്ല. തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ഗൗരവമായി സമീപിക്കാത്തത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ലത്തീൻ കത്തോലിക്ക സഭാ വക്താവും കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റുമായ ജോസഫ് ജൂഡ് പത്രക്കുറിപ്പിൽ പറയുന്നു.

കൂടാതെ, കേരള സംസ്ഥാനത്ത് മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന് 38.05 കോടി രൂപ വകയിരുത്തിയപ്പോള്‍ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് 16 കോടി മാത്രമാണ് നീക്കി വച്ചിരിക്കുന്നത്. ഇത് നീതിരഹിതവും പക്ഷപാതപരവുമാണെന്നും, ധനമന്ത്രി ഇതിന്റെ യുക്തിയും പശ്ചാത്തലവും വിശദമാക്കണമെന്നും പറയുന്ന പത്രക്കുറിപ്പ്, സര്‍ക്കാരിന്റെ മൂന്നാക്ക പ്രീണനനയം പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണെന്നും കുറ്റപ്പെടുത്തുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker