കേരളത്തിൽ ലത്തീൻ സഭ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ശ്രമം നടക്കുന്നെന്നു ബിഷപ് ഡോ.സ്റ്റാൻലി റോമൻ
കേരളത്തിൽ ലത്തീൻ സഭ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ശ്രമം നടക്കുന്നെന്നു ബിഷപ് ഡോ.സ്റ്റാൻലി റോമൻ
കൊല്ലം: കേരളത്തിൽ ലത്തീൻ സഭ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ശ്രമം നടക്കുന്നെന്നു ബിഷപ് ഡോ. സ്റ്റാൻലി റോമൻ. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) വാർഷിക ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഇതിനു രാഷ്ട്രീയ, ഭരണ, ഉദ്യോഗസ്ഥ തലങ്ങളിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി കൊല്ലം ട്രിനിറ്റി സ്കൂൾ ഉൾപ്പെടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തമാക്കുന്നെന്നും ബിഷപ് പറഞ്ഞു.
ഓഖി വിഷയത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്നു സമ്മേളനം ആരോപിച്ചു. 250 കോടി രൂപയിലധികം ലഭിച്ചിട്ടും സർക്കാർ നടപടികൾ ആരംഭിക്കാത്തതു പ്രതിഷേധാർഹമാണ്. ഇനിയും മടങ്ങിവരാത്ത മുഴുവൻ മത്സ്യത്തൊഴിലാളികളെയും മരിച്ചതായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകുക, തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ എല്ലാ തലത്തിലുമുള്ള നിയമനങ്ങളിലും ഭരണഘടനാനുസൃതമായ സംവരണം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച തുടർ നടപടികൾ തീരുമാനിക്കുന്നതിനു മാർച്ച് 25-നു മാവേലിക്കരയിൽ കേന്ദ്രകമ്മിറ്റി യോഗം ചേരും. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ്, എൻ.കെ.പ്രേമചന്ദ്രൻ എംപി, കൊല്ലം വികാരി ജനറൽ മോൺ. പോൾ മുല്ലശേരി, മോൺ. ജോസ് നവസ്, ജോസഫ് പെരേര, അനിൽ ജോൺ ഫ്രാൻസിസ്, ഇ.ഡി.ഫ്രാൻസിസ്, എബി കുന്നേപ്പറമ്പിൽ, ഫാ.സഫറിൻ, അജു ബി.ദാസ്, സി.ടി.അനിത, ജോസഫ് ജോൺസൺ, ബേബി ഭാഗ്യോദയം, ആന്റണി ആൽബർട്ട്, എം.സി.ലോറൻസ്, ജസ്റ്റിൻ കരിപ്പാട്ട്, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, എൽ.സി.വൈ.എം. ജനറൽ സെക്രട്ടറി എം.എ.ജോണി എന്നിവർ പ്രസംഗിച്ചു.