Kerala

കെ.സി.ബി.സി. ശീതകാല സമ്മേളനം സമാപിച്ചു

ക്രൈസ്തവ വിവാഹനിയമ നിർമ്മാണ ബില്ല് ദുരുദേശപരമാണെന്ന് കെ.സി.ബി.സി...

ജോസ് മാർട്ടിൻ

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനം സമാപിച്ചു. സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിട്ടുള്ള 2021-2023 സിനഡിന്റെ പശ്ചാത്തലത്തിൽ കേരള കത്തോലിക്കാ സഭയിൽ സിനധാത്മകതയും സഭാനവീകരണവും, 2022-2025 എന്ന പേരിൽ നവീകരണവർഷങ്ങൾ ആചരിക്കാനും, വിശുദ്ധ പൗലോസ് ശ്ലീഹ എഫേസൂസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി സഭയെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുന്നതിന് വൈദികർക്കും സന്യസ്തർക്കും അൾമായർക്കും അവസരം ഒരുക്കുന്നതിനും കെ.സി.ബി.സി.യുടെ ശീതകാലസമ്മേളനം തീരുമാനിച്ചു.

അതോടൊപ്പം കേരളത്തിലെ ക്രൈസ്തവർക്കു മാത്രമായി ഒരു വിവാഹ നിയമം ഉണ്ടാക്കേണ്ട സാഹചര്യം നിലവിലില്ലാതിരിക്കെ സംസ്ഥാന നിയമപരിഷ്കരണ കമ്മീഷൻ ക്രൈസ്തവ വിവാഹനിയമ നിർമ്മാണത്തിനുവേണ്ടി ഒരു ബില്ല് തയ്യാറാക്കി നൽകിയിരിക്കുന്നത് ദുരുദേശപരമാണെന്ന് സമിതി വിലയിരുത്തി. അതുപോലെതന്നെ, തീരദേശ നിവാസികളുടെ ആശങ്കകൾ ഗൗരവമായി കാണുവാൻ ബന്ധപ്പെട്ടവർ താല്പര്യമെടുക്കണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു.

പൗരോഹിത്യ സുവർണജൂബിലിയുടെയും മെത്രാഭിഷേക രജതജൂബിലിയുടെയും നിറവിൽ ആയിരിക്കുന്ന മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, പൗരോഹിത്യ സുവർണജൂബിലി നിറവിൽ ആയിരിക്കുന്ന ആർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് വിൻസന്റ് സാമുവൽ എന്നിവരെ സമാപന സമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ഇന്ത്യയുടെ സംയുക്ത സേനാതലവൻ ശ്രീ.ബിപിൻ റാവത്തിന്റെ അപകടമരണത്തിൽ കെ.സി.ബി.സി. അനുശോചനം രേഖപ്പെടുത്തിയതായും കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker