കെ.സി.ബി.സി.ക്ക് ഇനി പുതിയ ഡപ്യൂട്ടി സെക്രട്ടറിയും, ആസ്ഥാനമായ പി.ഓ.സി.ക്ക് പുതിയ ഡയറക്ടറും
ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമം...
സ്വന്തം ലേഖകൻ
പാലാരിവട്ടം: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി.) പുതിയ ഡപ്യൂട്ടി സെക്രട്ടറിയും, പി.ഓ.സി.യുടെ പുതിയ ഡയറക്ടറുമായി എറണാകുളം – അങ്കമാലി മേജര്‍ അതിരൂപതാംഗമായ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പള്ളി ചുമതലയേൽക്കുന്നു. നിലവിലെ ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് കെ.സി.ബി.സി. വര്‍ഷകാല സമ്മേളനത്തിൽ വച്ച് മൂന്നു വര്‍ഷത്തെ കാലാവധിയോടെ പുതിയ ഡപ്യൂട്ടി സെക്രട്ടറിയെയും ആസ്ഥാന ഡയറക്ടറേയും തെരഞ്ഞെടുത്തത്.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, എറണാകുളം – അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ കോളേജ് മാനേജര്‍, കത്തോലിക്ക കോണ്‍ഗ്രസിന്റെയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും സംസ്ഥാന ഡയറക്ടര്‍, സീറോ മലബാര്‍ സഭ വിദ്യാഭ്യാസ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി, കേരള കാത്തലിക് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കണ്‍സോര്‍ഷ്യം ചെയര്‍മാന്‍, രൂപത ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
എഴുപുന്ന, കിഴക്കമ്പലം പള്ളികളില്‍ സഹവികാരിയായും ഇല്ലിത്തോട് പെരിയാര്‍മുഖം, വരാപ്പുഴ, ചേരാനല്ലൂര്‍ എന്നിവിടങ്ങളിലും കല്യാണ്‍ രൂപതയിലെ വിവിധ പള്ളികളിലും വികാരിയായും സേവനം ചെയ്തു.
പാലയ്ക്കാപ്പള്ളിയിൽ പരേതരായ പി.ഓ.ഔസേപ്പ് – ത്രേസ്യാമ്മ ജേക്കബ് ദമ്പതികളുടെ മകനാണ് ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പള്ളി.