കെഎല്‍സിഎ 48 മത് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നാളെ കോഴിക്കോട് നടക്കും.
കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുക്കും...
സ്വന്തം ലേഖകന്‍
എറണാകുളം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48 മത് സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നാളെ കോഴിക്കോട് നവജ്യോതിസ് റിന്യൂവല്‍ സെന്‍ററില്‍ (സെന്‍റ് സേവ്യേര്‍സ് കോളേജ്) ചേരുമെന്നും, കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് അറിയിച്ചു.
സമുദായത്തിന്‍റെ ആവശ്യങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, സഭകളിലെ ആംഗ്ളോ ഇന്ത്യന്‍ പ്രാതിനിധ്യം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കോഴിക്കോട് രൂപത കെ.എല്‍.സി.എ. ആതിഥേയത്വം വഹിക്കും.
രാവിലെ 9 30 ന് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍ ഡോ. തോമസ് പനക്കല്‍ നേതൃത്വം നല്‍കുന്ന ദിവ്യബലിയോടെ കൗണ്‍സില്‍ ആരംഭിക്കും. തുടര്‍ന്ന്, 10 30 ന് സംസ്ഥാന പ്രസിഡന്‍റ് പതാകയുയര്‍ത്തും. കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും. ജനറല്‍സെക്രട്ടറി ഷെറി ജെ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍ ബഡ്ജറ്റ് അവതരിപ്പിക്കും.
ഉദ്ഘാടനസമ്മേളനത്തില്‍ സമുദാ വക്താവ് ഷാജി ജോര്‍ജ്ജ്, മുന്‍ കോഴിക്കോട് മേയറും കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് സി ജെ റോബിന്‍, സംസ്ഥാന ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍ ജോസ് നവസ്, ഫാ. വില്യം രാജന്‍, ജോസഫ് പ്ളാറ്റോ, നൈജു അറക്കല്‍, എന്നിവര്‍ പ്രസംഗിക്കും. വൈകീട്ട് കൗണ്‍സില്‍ സമാപിക്കും.