കുറ്റവാളികൾക്ക് അനുവദിക്കുന്ന പരിരക്ഷ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നു; സുഗതകുമാരി ടീച്ചർ
കുറ്റവാളികൾക്ക് അനുവദിക്കുന്ന പരിരക്ഷ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നു; സുഗതകുമാരി ടീച്ചർ
അൽഫോൻസാ ആന്റിൽസ്
തിരുവനന്തപുരം: കുറ്റവാളികൾക്ക് അനുവദിച്ചുനൽകുന്ന പരിരക്ഷ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന് സുഗതകുമാരി ടീച്ചർ. കേരളത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ “സ്ത്രീ കൂട്ടായ്മ” യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാന്ന ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുഗതകുമാരി ടീച്ചർ.
കേരളത്തിലങ്ങോളമിങ്ങോളമുള്ള 12-ൽ അധികം വരുന്ന സ്ത്രീ മുന്നേറ്റ കൂട്ടായ്മയാണ് “സ്ത്രീ കൂട്ടായ്‌മ”. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ജാതിയ്ക്കും മതത്തിനും അതീതമായി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് “സ്ത്രീ കൂട്ടായ്‌മ”. ലത്തീൻ കത്തോലിക്കാ സ്ത്രീ സംഘടനയായ കെ.എൽ.സി.ഡബ്യു. എ.യുടെ സാന്നിധ്യവും ശ്രദ്ധേയമായി.
ഇന്ന് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുകയാണെന്നും; ഗോവിന്ദ ചാമിയെ പോലുള്ളവരുടെ ജയിൽ ജീവിതം, അവിടെ അവർക്കു ലഭ്യമാക്കുന്ന പരിരക്ഷ ഇവ കുറ്റവർദ്ധനയ്ക്ക് ഒരു പ്രധാന കാരണമാണെന്നും ടീച്ചർ ഓർമ്മിപ്പിച്ചു. ക്രൂര പീഡനം നടത്തുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന അവസ്ഥ വന്നാലേ ഈ കുറ്റകൃത്യത്തിന് മാറ്റം ഉണ്ടാക്കുവാൻ സാധിക്കുകയുള്ളൂ എന്നും സുഗതകുമാരി ടീച്ചർ അഭിപ്രായപ്പെട്ടു.
അതേസമയം തന്നെ, കുറ്റവാളികൾക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയെയും ടീച്ചർ നിശിതമായി വിമർശിച്ചു. കാരണം, 10 വർഷം മുൻപ് നടന്ന ഒരു ബാലപീഡനം ഇപ്പോഴാണ് പോലീസ് കേസന്വേഷണവിധേയമാക്കിയത്. തുടർന്ന്, അന്ന് സംഭവിച്ചവ വള്ളി പുള്ളി തെറ്റാതെ പറയാൻ കുട്ടിയോട് ആവശ്യപ്പെടുന്ന അവസ്ഥ എങ്ങനെയായിരിക്കും അന്നത്തെ 4 വയസ്സുകാരിക്ക് ഇന്ന് വിശദമാക്കാൻ സാധിക്കുക. അപ്പോൾ പിന്നെ ആ കേസിൽ നിന്ന് പ്രതിയ്ക്ക് രക്ഷപെട്ടു പോകുവാൻ നമ്മുടെ നിയമ വ്യവസ്ഥിതി തന്നെയും പാകപ്പെട്ടുപോകുന്നില്ലേ, എന്ന ആശങ്ക സുഗതകുമാരി ടീച്ചർ പ്രകടമാക്കി.
ഇന്ന് 60% അതിക്രമങ്ങളും കുടുംബങ്ങളിലെ അടുത്ത ബന്ധുക്കളിൽ നിന്നുമാണ് ഉണ്ടാകുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ട കരുതൽ എല്ലാ തലങ്ങളിലും ഉണ്ടാകണം; അതിക്രമത്തിന് ഇരയായവർക്ക്, അതിനെ അതിജീവിച്ചവർക്ക് എത്രയും വേഗം നീതിയും ഉചിതമായ നഷ്ടപരിഹാരവും മതിയായ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിനു മുൻഗണന നൽകണം; പൊലീസ് അന്വേഷണത്തിലെ കാലവിളംബം ഒഴിവാക്കണം. എന്നീ ആവശ്യങ്ങളും ഈ ‘സ്ത്രീ കൂടായ്‌മയുടെ സായാഹ്ന ധർണ്ണയിൽ’ ഉയർന്നുവന്നു.
തുടർന്ന്, “മരിച്ച കുഞ്ഞുങ്ങൾ വരുന്നു” എന്ന സുഗതകുമാരി ടീച്ചറിന്റെ കവിത ശ്രീമതി സന്ധ്യ അവതരിപ്പിച്ചു.
രക്തസാക്ഷി മണ്ഡപത്തിൽ തിരികൾ കത്തിച്ചാണ് “സ്ത്രീ കൂട്ടായ്‌മ” അംഗങ്ങൾ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.