കുറ്റമറ്റ വിശ്വാസ ജീവിതം കെട്ടിപ്പടുക്കാം
കുറ്റമറ്റ വിശ്വാസ ജീവിതം കെട്ടിപ്പടുക്കാം
ജറെമിയ 31 : 1-7
മത്തായി 15 : 21-28
“അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്‌ഷിച്ചു”.
കാനാൻകാരി സ്ത്രീയുടെ വിശ്വാസ തീക്ഷ്ണതയാണ് ഇന്നത്തെ ചിന്താവിഷയം. അവളുടെ വിശ്വാസതീക്ഷണതയ്ക്ക് വ്യത്യസ്തങ്ങളായ തലങ്ങൾ കാണാനാകും.
1) അവൾ യേശുവിനെ വിടാതെ പിന്തുടർന്ന് തന്റെ ആവശ്യം ഉണർത്തിക്കുന്നു. അതുകൊണ്ടാണല്ലോ ശിഷ്യന്മാർ പറയുന്നത്: ‘അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ’.
2) അവൾ കേണപേക്ഷിക്കുകയായിരുന്നു. സുവിശേഷം പറയുന്നതിങ്ങനെ : ‘അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്‌ഷിച്ചു’.
3) അവൾ പരീക്ഷണത്തിന് വിധേയയായി. യേശുവിന്റെ വാക്കുകൾ അങ്ങേയറ്റം മുറിപ്പെടുത്തുന്നതായിരുന്നു. എന്നിട്ടും അവൾ അതിനെ അതിജീവിച്ചു.
4) അവളുടെ പ്രതികരണം കുറ്റമറ്റതായിരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടാണല്ലോ യേശു പറയുന്നത് : “സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ” എന്ന്.
5) അവൾ യേശുവിന്റെ വാക്കുകൾ അതേപടി വിശ്വസിക്കുന്നു. അതുകൊണ്ടാണ് സുവിശേഷം പറയുന്നത് : ‘ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി’ എന്ന്.
സ്നേഹമുള്ളവരെ, കാനാൻകാരി സ്ത്രീ നമുക്ക് ഒരു ജീവിത പാഠമാണ്. അതായത്, യേശുവിൽ ആശ്രയിക്കുക എന്നാൽ ഇപ്രകാരമുള്ള ആശ്രയിക്കലാകണം എന്നുള്ള പാഠം. കുറ്റമറ്റ വിശ്വാസ ജീവിതം പടുത്തുയർത്തതാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ. ആത്മാർഥമായി ഓരോ ദിനവും കർത്താവിനോട് യാചിക്കേണ്ടതും ഇതുതന്നെയാണ്: പിതാവായ ദൈവമേ, എന്നിൽ ക്രിസ്തുവിലുള്ള കുറ്റമറ്റ വിശ്വാസം നൽകേണമേ എന്ന്.