കുരുത്തോല ഞായറില്‍ പങ്കെടുത്ത് വിശ്വാസികള്‍; വിശുദ്ധ വാരത്തിന് തുടക്കമായി
കുരുത്തോല ഞായറില്‍ പങ്കെടുത്ത് വിശ്വാസികള്‍; വിശുദ്ധ വാരത്തിന് തുടക്കമായി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് കുരുത്തോല ഞായറില്‍ പങ്കെടുത്ത് വിശ്വാസികള്‍. കുരുത്തോല ഞായറോടെ ദേവാലയങ്ങളില്‍ വിശുദ്ധവാരത്തിനും തുടക്കമായി. നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ ദേവാലയത്തില്‍ നടന്ന ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പശ്ചാത്തപിക്കാനും പ്രായശ്ചിത്തം ചെയ്യാനുമുളള കാലമാണ് വിശുദ്ധവാരമെന്ന് ബിഷപ്പ് പറഞ്ഞു. പരസ്നേഹ പ്രവര്‍ത്തികളിലൂടെ ഈസ്റ്ററിനെ വരവേല്‍ക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. ഇടവക വികാരി മോണ്‍.വി.പി ജോസ് റവ. ഡോ.രാജദാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കുരുത്തോല പ്രദക്ഷിണം നെയ്യാറ്റിന്‍കര പട്ടണം ചുറ്റി അലുംമ്മൂട് ജംഗ്ഷന്‍, സെന്റ് തെരേസാസ് കോണ്‍വെന്റ് വഴി ദേവാലയത്തില്‍ സമാപിച്ചു.
രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ തെക്കന്‍ കുരിശുമലയില്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്ററും, ബോണക്കാട് കുരിശുമലയില്‍ മോണ്‍.റൂഫസ് പയസലിനും, കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഫാ.ജോയി മത്യാസും, വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ.എസ്.എം.അനില്‍കുമാറും, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില്‍ ഫാ.ഇഗ്നേഷ്യസും മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ഫാ.അലക്സ് സൈമണും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തിങ്കളാഴ്ച്ച വൈകിട്ട് 4-ന് നെയ്യാറ്റിൻകര കത്തീഡ്രല്‍ ദേവാലയത്തില്‍ തൈല പരികര്‍മ്മപൂജയും പൗരോഹിത്യ നവീകരണവും നടക്കും
തെക്കന്‍ കുരിശുമല
മേലാരിയോട് മദര്‍ തെരേസ ദേവാലയം
സെന്‍റ് ആല്‍ബര്‍ട്ട് ദേവാലയം മുതിയാവിള
പേയാട് സെന്‍റ് സേവ്യേഴ്സ്
കമുകിന്‍കോട് സെന്‍റ് ആന്‍റണീസ് ദേവാലയം