മലയാറ്റൂർ: പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള ഈ വർഷത്തെ കുരിശുമുടി തീർഥാടനം മലയാറ്റൂർ മഹാ ഇടവക മലകയറ്റത്തോടെ ഔദ്യോഗികമായി ആരംഭിച്ചു. മലയാറ്റൂർ മഹാ ഇടവകയിലെ നാല് ഇടവകകളിലെ വികാരിമാരുടെ നേതൃത്വത്തിൽ മഹാ ഇടവകാംഗങ്ങൾ ഇന്നലെ കുരിശുമുടി കയറി. രാവിലെ ഏഴിനു മലയടിവാരത്തെ മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മലയാറ്റൂർ മഹാ ഇടവകാംഗങ്ങൾ ഒത്തുചേർന്നു.
തുടർന്നു മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രാർഥനകൾ അർപ്പിച്ചു മലകയറ്റം ആരംഭിച്ചു. കുരിശിന്റെ വഴി ചൊല്ലിയുള്ള മലകയറ്റത്തിനു മലയാറ്റൂർ മഹാ ഇടവകയിലെ വികാരിമാരായ ഫാ. ഡോ. ജോൺ തേയ്ക്കാനത്ത് (മലയാറ്റൂർ സെന്റ് തോമസ് പള്ളി), ഫാ. ജോഷി കളപ്പറമ്പത്ത് (വിമലഗിരി അമലോദ്ഭവമാതാ പള്ളി), ഫാ. ബിനീഷ് പൂണോളി (സെബിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി), ഫാ. അഗസ്റ്റിൻ മൂഞ്ഞേലി (ഇല്ലിത്തോട് തിരുഹൃദയ പള്ളി) എന്നിവർ നേതൃത്വം നൽകി. മലമുകളിലെ പള്ളിയിൽ ഫാ. ഡോ. ജോൺ തേയ്ക്കാനത്തിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു.