Diocese

കുരിശുമല ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് തുടക്കം

കുരിശുമല ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് തുടക്കം

സ്വന്തം ലേഖകൻ

വെള്ളറട: ഭാഗ്യസ്മരണാര്‍ഹനായ ഒന്‍പതാം പിയൂസ് പാപ്പ വി.യൗസേപ്പിതാവിനെ ആഗോള കത്തോലിക്കാ തിരുസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് കുരിശുമല ഇടവകയില്‍ തുടക്കമായി. ഡിസംബര്‍ 31 രാത്രി പത്തിന് ദേവാലയാങ്കണത്തില്‍ ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ് ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതിക്കു തുടക്കം കുറിച്ചു.

കൊടിയ സഹനങ്ങളിലും ജീവിതപ്രതിസന്ധികളിലും ദൈവത്തില്‍ ആശ്രയം കണ്ടെത്തിയ വിശുദ്ധനാണ് വി.ജോസഫ്. ദൈവപുത്രന്റെ വളര്‍ത്തുപിതാവാകുവാന്‍ ലഭിച്ച നിയോഗം സംയമനത്തോടും ശാന്തതയോടും സ്വീകരിച്ച അദ്ദേഹം ദൈവതിരുഹിതം നിറവേറ്റുന്നതില്‍ അതീവ തീക്ഷ്ണത കാണിച്ചു. നീതിമാന്‍ എന്ന പദം കൊണ്ടാണ് വിശുദ്ധഗ്രന്ഥം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.

തൊഴിലാളികളുടെ മദ്ധ്യസ്ഥനായും നന്മരണത്തിന്റെ മദ്ധ്യസ്ഥനായും തിരുസഭ അദ്ദേഹത്തെ വണങ്ങുന്നു. രജതജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ മധ്യസ്ഥനും വി.ജോസഫ് ആണ്. വി.യൗസേപ്പിതാവിനെപ്പോലെ നിശ്ശബ്ദമായ സുകൃതജീവിതം നയിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ഫാ.രതീഷ് മാര്‍ക്കോസ് സന്ദേശത്തില്‍ പറഞ്ഞു.

ഇടവകയിലെ അള്‍ത്താര ബാലകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വി.യൗസേപ്പിതാവിന്‍റെ കുരിശടിയുടെ ആശീര്‍വാദകര്‍മ്മവും നടന്നു. കത്തിപ്പാറ സെന്‍റ് ആന്‍സ് കോണ്‍വെന്‍റിലെ സിസ്റ്റേഴ്സ്, വിന്‍സെന്‍റ് ഉപദേശി, കപ്യാര്‍ ക്രിസ്തുദാസ്, പ്രസാദ് പി.വി., ബ്രദര്‍ ജോബിന്‍, ജോബിന്‍ ജോണ്‍, ഷിജു ജോര്‍ജ്, ഇടവക അജപാലന സമിതി അംഗങ്ങള്‍, ഭക്ത സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker