Diocese

കുരിശാണ് നമ്മുടെ ചിഹ്നം, കുരിശിന്റെ ചിഹ്നവും പിടിച്ച് മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കണം; ആർച്ച് ബിഷപ്പ് സൂസപാക്യം

കുരിശാണ് നമ്മുടെ ചിഹ്നം, കുരിശിന്റെ ചിഹ്നവും പിടിച്ച് മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കണം; ആർച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്രിസ്തു വിശ്വാസികളായ നമ്മുടെ ഓരോരുത്തരുടെയും ചിഹ്‌നം നമ്മുടെ കൈകളിലുള്ള, നാം കഴുത്തിൽ ധരിക്കുന്ന കുരിശാണെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം മെത്രാപ്പോലീത്ത. തിരുനനതപുരത്ത് നടത്തിയ കർത്താവിന്റെ പീഡാസഹന പരിഹാര ശ്ലീവാപ്പാതയിൽ വചന സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്.

ചിഹ്‌നം എന്നാൽ അടയാളമാണെന്നും, അടയാളത്തിനുപിന്നിൽ എപ്പോഴും ഒരു യാഥാർഥ്യമുണ്ടെന്നും, അങ്ങനെ ഒരു യാഥാർഥ്യം ഇല്ലെങ്കിൽ ചിഹ്നത്തിന് ഒരർത്ഥവും, ഒരു വിലയുമില്ല എന്നും പിതാവ് പറഞ്ഞു. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിൽ ചിഹ്നത്തിന് അല്ല നാം പ്രാധാന്യം കൊടുക്കുന്നത്, മറിച്ച് അത് സൂചിപ്പിക്കുന്ന പാർട്ടിയുടെ സംഭാവനകളെക്കുറിച്ചാണ്, സ്ഥാനാർഥികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചാണ് നാം ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. അതിനാൽ ചിഹനമല്ല അതിനുപിന്നിലുള്ള യാഥാർഥ്യമാണ് നമ്മെ സ്വാധീനിക്കുന്നതെന്നും പിതാവ് ഓർമ്മിപ്പിച്ചു.

കുരിശ് ഒരു ചിഹ്നമാണെങ്കിൽ അതിനുപിന്നിലുള്ള യാഥാർഥ്യം എന്തെന്ന് നാം മനസിലാക്കിയിരിക്കണം. അപ്പോൾ മാത്രമേ, തെരെഞ്ഞെടുപ്പ് കാലഘട്ടങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തിരഞ്ഞെടുപ്പികൾ നടത്തേണ്ടി വരുമ്പോൾ മനഃസാക്ഷിക്ക് അനുസരിച്ചുള്ള, ആദർശ ശുദ്ധിയും മൂല്യ ബോധവും വെടിയാതെയുള്ള തീരുമാനങ്ങൾ എടുക്കുവാനുള്ള ശക്തിയും വെളിച്ചവും നമ്മുടെ ചിഹ്‌നം, അതായത് യേശുവിന്റെ കുരിശ് നമുക്ക് പകർന്നു തരും. മറ്റേതൊരു ചിഹ്നത്തെക്കാളും മഹത്തായ ഒരു യാഥാർഥ്യമാണ് കുരിശ് നമുക്ക് വെളിപ്പെടുത്തി തരുന്ന യാഥാർഥ്യം എന്ന് നാം വിശ്വസിക്കുന്നു.

നമ്മുടെ ചിഹ്നമായ കുരിശിനു പിന്നിലുള്ള യാഥാർഥ്യം ബലിയും, ബലിവസ്തുവും, ബലിയർപ്പകനുമായ യേശു തന്നെയാണ്. ഇത് തന്നെയാണ് നമ്മുടെ ചിഹ്നത്തിന് വിലയും നിളയും ശക്തിയും പകരുന്നത്. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തിൽ ഇന്ന് നമ്മുടെ ചിഹ്നമായ കുരിശും ഒരു വിവാദ വിഷയമായി തീർന്നിരിക്കുന്നു. സഭയെ താറടിക്കുവാനും, ശിഥിലമാക്കുവാനും ശ്രമിക്കുന്ന ശക്തികൾ കുരിശിലെ മുറിവേറ്റ കുഞ്ഞാടിനെ കണ്ട ആഹ്ലാദിക്കുകയും എല്ലാം ഇതോടുകൂടി അവസാനിച്ചു എന്ന് കുഞ്ഞാടിന്റെ സവിശേഷതകളെ അവർ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നു. ഓർക്കുക, കൊല്ലപ്പെട്ടതായി തോന്നുമെങ്കിലും ക്രിസ്തു എന്ന കുഞ്ഞാടിനോടൊപ്പം എന്നും ശിരസുയത്തിപ്പിടിച്ച് നിൽക്കുവാൻ സഭയ്ക്ക് സാധിക്കുക തന്നെ ചെയ്യും. ഈ ആത്മവിശ്വാസത്തോടുകൂടി കുരിശിന്റെ ചിഹ്നവും പിടിച്ച് മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കണം. ഈ കുരിശിൽ നിന്ന് ശക്തി സംഭരിച്ച് കൊണ്ട്, ഒരു സാഹചര്യങ്ങളെയും ഭയപ്പെടാതെ, സന്മനസ്സുള്ള എല്ലാ നല്ല മനുഷ്യരോടുമൊപ്പം പുതിയൊരാകാശവും പുതിയൊരു ഭൂമിയും പടുത്തുയർത്തുവാനുള്ള നിശ്ചയ ദാർഢ്യവുമായി നമ്മുടെ മാതൃരാജ്യമായ ഭാരതത്തെ ഒരു ക്ഷേമ രാഷ്ട്രമായി രൂപാന്തരപ്പെടുത്തുവാനുള്ള സ്വപ്നങ്ങളുമായി നമുക്ക് മുന്നോട്ട് പോകാമെന്ന് ഉദ്‌ബോധിപ്പിച്ചു.

കുരിശാണ് രക്ഷ, കുരിശുലാണ് രക്ഷ. എന്റെ കത്താവായ ക്രിസ്തുവിലല്ലാതെ മറ്റൊന്നിലും മേന്മഭാവിക്കാൻ എനിക്കിടയാകാതിരിക്കട്ടെ എന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലനോടൊപ്പം അഭിമാനത്തോടെ, ഏതൊരു പ്രതികൂല സാഹചര്യത്തിലും പറയുവാനായിട്ട് നമുക്ക് സാധിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker