Public Opinion

കുമ്പസാരത്തെയും പ്രതിചേർക്കാനാണോ ഈ പാഴായ ശ്രമം

കുമ്പസാരത്തെയും പ്രതിചേർക്കാനാണോ ഈ പാഴായ ശ്രമം

ഫാ.ബിബിൻ മഠത്തിൽ

“അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തിൽ കന്യാസ്ത്രീ കുമ്പസരിച്ചതുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ ബാക്കിയുണ്ട്. കഴിഞ്ഞ ദിവസം ധ്യാനകേന്ദ്രം സന്ദർശിച്ച് അവിടുത്തെ വൈദികരുമായി സംസാരിച്ച കടുത്തുരുത്തി സിഐക്ക് വൈദികരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല. ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ ചില പൊരുത്തക്കേടുകള്‍ വ്യക്തമായിരുന്നു. കുമ്പസാരം സംബന്ധിച്ചു കന്യാസ്ത്രീയുടെ മറുപടി ലഭ്യമാക്കുന്നതിനാണ് സിഐ എത്തിയത്….”

ഇന്നു മലയാള മനോരമയിൽ വന്ന വാർത്തയുടെ ഒരു ഭാഗം ആണിത്. ആർക്ക് എന്തു മനസിലായി? അട്ടപ്പാടിയിൽ കുമ്പസാരിച്ചപ്പോൾ ബിഷപ്പ് പീഡിപ്പിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നുവെന്ന് കന്യാസ്ത്രീ മൊഴി കൊടുക്കുന്നു. അതിന്റെ വെളിച്ചത്തിൽ അട്ടപ്പാടിയിൽ ധ്യാനകേന്ദ്രത്തിൽ കുമ്പസാരിപ്പിക്കുന്ന അച്ചന്മാരുടെ മൊഴി എടുക്കാൻ പോലിസ് പോകുന്നു. എന്തു വന്നാലും കുമ്പസാരരഹസ്യം വെളിപ്പെടുത്തില്ല എന്ന് പോലിസിനു അറിയണമെന്നില്ലെങ്കിലും കന്യാസ്ത്രീക്ക് അറിയേണ്ടതാണ്. പിന്നെ എന്തിനാണു ഇങ്ങനെ ഒരു മൊഴി? രണ്ടു കാരണങ്ങൾ ആണു ഇതിനു പുറകിൽ ഞാൻ കാണുന്നത്.

1. കുമ്പസാരിച്ചപ്പോൾ ഇതു വെളിപ്പെടുത്തിയിരുന്നു എന്നത് സ്ഥിരീകരിക്കാനോ തള്ളിപ്പറയാനോ ഒരു വൈദികനും തയാറാകില്ല. അതിനെ അന്വേഷണവുമായി വൈദികർ സഹകരിക്കുന്നില്ല എന്നു വരുത്താം. അത് കേസിന് അനുകൂലമാക്കി തീർക്കാം.

2. ഇപ്പോൾ സമരം ചെയ്യാൻ കൂടെ കൂടിയിരിക്കുന്ന സംഘടനകളിൽ ചിലതിന്റെ ആവശ്യം കത്തോലിക്കാസഭയിലെ കുമ്പസാരത്തെ താറടിച്ചുകാണിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നുള്ളതാണ്. സമരപന്തലിലെ പ്ലക്കാർഡുകളിൽ പോലും നാം ആ കാര്യം കണ്ടതാണ്. ഇതുമായി കന്യാസ്ത്രീയുടെ മൊഴിയെ കൂട്ടിവായിച്ചാൽ ഈ കേസിലേക്ക് കുമ്പസാരത്തെ വലിച്ചിഴക്കുന്നത് വെറുതെ ആണു എന്നു കരുതാൻ പറ്റില്ല.

ഇനി മനോരമയിലെ വാർത്ത അനുസരിച്ച് അട്ടപ്പാടിയിലെ വൈദികരിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ല. അങ്ങനൊരു പ്രതികരണം ലഭിക്കില്ല. കാരണം, ഇതു വൈദികർക്ക് സ്വന്തം ജീവനു ഭീഷണി ഉണ്ടെങ്കിൽ കൂടി വെളിപ്പെടുത്താൻ സാധിക്കാത്ത രഹസ്യം ആണ്. പക്ഷെ മനോരമ എന്തിനാണു “ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ ചില പൊരുത്തക്കേടുകള്‍ വ്യക്തമായിരുന്നു” എന്നു എഴുതിയതെന്നു മനസിലായില്ല. കാരണം, അട്ടപ്പാടിയിൽ കുമ്പസാരിച്ചതുമായി ബിഷപ്പിനു എന്തു ബന്ധമാണുള്ളത്? ബിഷപ്പിൻറ്റെ മൊഴിയുമായി എന്തു പൊരുത്തക്കേടാണു ഇതിനുള്ളത്? കുമ്പസാരരഹസ്യം മറച്ചുവയ്ക്കുന്നത് ബിഷപ്പ് പറഞ്ഞിട്ടാണു എന്നു വരുത്താൻ ഉള്ള ശ്രമമാണോ ഇത്? അങ്ങനെയാണെങ്കിൽ നിങ്ങളോട് പറയാൻ ഉള്ളത് ഇതാണ് – ബിഷപ്പല്ല, സാക്ഷാൽ മാർപ്പാപ്പ പറഞ്ഞാൽ പോലും കുമ്പസാരരഹസ്യം ഒരു വൈദികനും വെളിപ്പെടുത്തില്ല. ഇതു വെളിപ്പെടുത്താതിരിക്കുന്നത് ഒരു ബിഷപ്പിന്റെയും പക്ഷം പിടിക്കുന്നതുകൊണ്ടല്ല, വൈദികൻ പാവനമായി കരുതുന്ന ഒരു രഹസ്യമായതുകൊണ്ടാണ്.

അതുകൊണ്ട് സാറമ്മാരേ… കുമ്പസാരത്തിൽ വെളിപ്പെടുത്തി എന്ന കന്യാസ്ത്രീയുടെ വാദത്തിനു പുറകേ സമയം കളയാതെ സോളിഡ് ആയിട്ടുള്ള മറ്റു തെളിവുകൾ അന്വേഷിക്കുക. കുമ്പസാരത്തെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് അത്ര നിഷ്കളങ്ക ബുദ്ധിയോടെ ആണെന്ന് കരുതാൻ തത്ക്കാലം താത്പര്യം ഇല്ല.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker