Articles

കാലുകഴുകൽ

കാലുകഴുകൽ എന്നത് നമ്മുടെ ഐഡൻറിറ്റിയാണ് എന്ന കാര്യം മറന്നു ഒരു റിച്വൽ ആയി മാത്രം ചുരുങ്ങിയിരിക്കുന്നു...

റവ.ഡോ. മാർട്ടിൻ എൻ.ആന്റണി

ഈശോയ്ക്ക് തന്റെ മരണസമയം അടുത്തു എന്ന ബോധ്യമാണ് കാലുകഴുകൽ എന്ന തന്റെ അവസാനത്തെ പാഠം നൽകാൻ പ്രേരിപ്പിച്ചത്. ഇനി പഠിപ്പിക്കലില്ല. പ്രാർത്ഥനയും താൻ എന്തൊക്കെയാണ് ശിഷ്യരെ പഠിപ്പിച്ചത് അതിന്റെയെല്ലാം പ്രവർത്തി തലങ്ങളുമാണ്. അതായത് നിശബ്ദമായ ഒരു കാൽവരി യാത്ര.

അവൻ ആരുടെ കാലാണ് ആദ്യം കഴുകിയതെന്നോ ആരുടേതായിരുന്നു അവസാനത്തെതെന്നോ സുവിശേഷം വ്യക്തമാക്കുന്നില്ല. യേശു യൂദാസിന്റെ കാലു കഴുകിയില്ലയെന്നും കഴുകിയെന്നും ഉള്ള തർക്കങ്ങൾ ആദിമസഭയിൽ ഉണ്ടായിരുന്നു. ഈ തർക്കം തന്നെയാണ് സഭാപിതാക്കന്മാരായ ഒറിജനും അഗസ്റ്റിനും തമ്മിലുള്ള വ്യത്യാസം. എന്തായാലും ആരിൽ നിന്നും തുടങ്ങിയെന്നും ആരിൽ അവസാനിച്ചുവെന്നും സുവിശേഷം വ്യക്തമാക്കുന്നില്ല. അതുകൊണ്ട് തന്നെ കാലുകഴുകൽ നിത്യതയുടെ ഭാഗമാണ്. കാരണം യേശുവിന്റെ ഈ പ്രവർത്തിക്ക് ആദ്യാവസാനങ്ങളില്ല. അതായത് കാലുകഴുകൽ എന്നത് സഭയുടെ ഐഡൻറിറ്റിയാണ്.

യേശുവിന്റെ ഈ പ്രവർത്തി മുകളിൽ നിന്നും ഇട്ടു കൊടുക്കുന്ന ദാനധർമ്മ പരിപാടിയല്ല. മറിച്ച് അടിത്തട്ടിലേക്ക് ഇറങ്ങി വന്നു താഴെ നിന്നുള്ള ഉയർത്തലാണ്. കർത്താവും ഗുരുവുമാണ് യേശു. അധികാരമുള്ളവൻ ദാസനായി ശിഷ്യരുടെ കാലുകൾ കഴുകുന്നു. എല്ലാവരും തന്നെ പോലെ ദാസരാകൂ, നമ്മെളെളല്ലാവരും സമരാണ്, ആരും ആർക്കും മുകളിലല്ല എന്ന സന്ദേശമാണ് അവൻ നൽകുന്നത്. പറഞ്ഞു വരുന്നത് സഭയുടെ ഐഡൻറിറ്റിയുടെ കാര്യമാണ്.

ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന പത്രോസിനാണ് ഇത് വിഷമതകൾ ഉണ്ടാക്കുന്നത്. അവൻ യേശുവിനെ തടയുന്നു. എല്ലാവരും സമരാണെന്നും ഉയരങ്ങളിൽ നിന്നല്ല താഴെ നിന്നാണ് എല്ലാം തുടങ്ങേണ്ടതും സാഹോദര്യത്തിനാണ് സ്വാർത്ഥതയേക്കാൾ പ്രാധാന്യം നൽകേണ്ടതും എന്ന ഗുരുവിന്റെ സന്ദേശം അവന് ഉൾകൊള്ളാൻ കഴിയുന്നില്ല.

George Orwell തന്റെ Animal Farm എന്ന നോവലിൽ പറയുന്നതുപോലെ all are equal, but some are more equal എന്ന മനോഭാവമായിരിക്കണം പത്രോസിന്റെ അപക്വമായ മനസ്സിൽ ഉണ്ടായിട്ടുണ്ടാവുക. ചിലപ്പോൾ കൂട്ടത്തിൽ പ്രായം കൂടിയവനായതുകൊണ്ടായിരിക്കണം ദാസൻ എന്ന സങ്കല്പത്തിനോടും കാലു കഴുകലിനോടും ഇത്തിരി അകലം കാണിച്ചതെന്നു തോന്നുന്നു. എന്തായാലും അവസാനം “കർത്താവേ നീ എന്നെ കുളിപ്പിച്ചോ” എന്ന് പറഞ്ഞത് ഇത്തിരി കടന്ന കൈയ്യായിപ്പോയി.

ഇങ്ങനെയാണ് ചിലപ്പോൾ നമ്മളും, അവസാനം കർത്താവിനെ പോലും കൺഫ്യൂഷനാക്കി കളയും. അതുകൊണ്ടാണ് ഇപ്പോഴും അധികാരം വിട്ടുകൊണ്ടുള്ള ഒരു കളിയും നമുക്കില്ല. കാലുകഴുകൽ എന്നത് നമ്മുടെ ഐഡൻറിറ്റിയാണ് എന്ന കാര്യം മറന്നു ഒരു റിച്വൽ ആയി മാത്രം ചുരുങ്ങിയിരിക്കുന്നു. സ്വയം ശൂന്യനായ യേശുവിനെ ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker