Categories: Sunday Homilies

കാരുണ്യത്തിന്റെ ഉറവിടമായ തിരുഹൃദയം

ജീവിതത്തിൽ വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെയെല്ലാം സ്നേഹത്തിൽ ചേർത്തു നിറുത്താൻ ഈശോയുടെ തിരുഹൃദയം വെമ്പൽകൊള്ളുന്നു...

തിരുഹൃദയത്തിരുനാൾ
യോഹന്നാൻ – 19: 31-37

ദിവ്യബലിക്ക് ആമുഖം

പെന്തക്കോസ്താ ഞായറിനെ തുടർന്ന് മൂന്നു സുപ്രധാന തിരുനാളുകൾ സഭ ആചരിക്കുന്നുണ്ട്. ഒന്നാമത്തേത് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ, രണ്ടാമത്തേത് യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാൾ, മൂന്നാമത്തേത് നാം ഇന്ന് ആഘോഷിക്കുന്ന തിരുഹൃദയത്തിന്റെ തിരുനാൾ. കൊറോണാ മഹാമാരിയുടെ ആകുലതകൾ നമുക്ക് ചുറ്റും അലയടിക്കുമ്പോൾ ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ അഭയം യാചിക്കാം. യേശുവിന്റെ തിരുഹൃദയത്തെ ധ്യാനിക്കുമ്പോൾ, ഈ തിരുനാളിന്റെ ചരിത്രവും പ്രാധാന്യവും നമുക്ക് വിചിന്തന വിധേയമാക്കാം.

ദൈവവചന പ്രഘോഷണകർമ്മം

ക്രീസ്തുവിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
വിശുദ്ധ മാർഗരറ്റ് അലക്കോക്കിന് (1647-1690) യേശു നൽകിയ ദർശനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുസഭയിൽ തിരുഹൃദയ ഭക്തി ആരംഭിക്കുന്നത്. കർത്താവിന്റെ തിരു ശരീര രക്തങ്ങളുടെ തിരുനാൾ കഴിഞ്ഞിട്ടുള്ള ദിനങ്ങളിൽ ഈ വിശുദ്ധക്ക് നൽകിയ സന്ദർശനത്തിലാണ് തിരുസഭയിൽ തിരുഹൃദയ തിരുനാൾ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതൊരു സ്വകാര്യ വെളിപാട് ആയതുകൊണ്ട് തന്നെ വളരെ സാവധാനത്തിലെ നടപ്പാക്കപ്പെട്ടുള്ളൂ. ഏകദേശം 100 വർഷത്തിനു ശേഷം ക്ലെമൻസ് പതിമൂന്നാമൻ പാപ്പയാണ് ചില പ്രത്യേക മേഖലകളിൽ ഈ തിരുനാൾ ആഘോഷിക്കുവാൻ അനുവാദം നൽകിയത്. വീണ്ടും ഏകദേശം നൂറു വർഷങ്ങൾക്ക് ശേഷം 1856-ൽ പീയൂസ് ഒമ്പതാമൻ പാപ്പായാണ് ഇത് തിരുസഭ മുഴുവൻ ആഘോഷിക്കുന്ന തിരുനാളായി ഉയർത്തിയത്. 1899-ൽ ലെയോ പതിമൂന്നാമൻ പാപ്പ ലോകം മുഴുവനെയും യേശുവിന്റെ തിരുഹൃദയത്തിൽ സമർപ്പിച്ചു. തിരുഹൃദയ തിരുനാളിന്റെ സാർവത്രിക സഭയുടെ മഹോത്സവമാക്കി ഉയർത്തിയതിന്റെ നൂറാം വാർഷികം ആഘോഷിച്ച 1956-ൽ പയസ് പന്ത്രണ്ടാമൻ പാപ്പാ ജലം കോരിയെടുക്കും എന്നർത്ഥംവരുന്ന “ഹൌറിയേറ്റിസ് അക്വാസ്” (Haurietis Aquas) എന്ന പേരിൽ തിരുഹൃദയ ഭക്തിയെക്കുറിച്ചുള്ള ചാക്രികലേഖനം പുറപ്പെടുവിച്ചു. ഇന്ന് നമ്മുടെ ഭവനങ്ങളെല്ലാം തന്നെ യേശുവിന്റെ ഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടുന്ന രീതിയിൽ, തിരുഹൃദയ ഭക്തി ജീവനാഡിയായി തിരുസഭയുടെയും നമ്മുടെയും വിശ്വാസജീവിതത്തിലുണ്ട്.

ശരീരത്തിലെ സുപ്രധാനഅവയവം എന്നതിനേക്കാളുപരി “ഹൃദയത്തിന്” നാം നൽകുന്ന ആത്മീയവും, വൈകാരികവുമായ പ്രാധാന്യം നമുക്കെല്ലാവർക്കുമറിയാം. ഹൃദയപൂർവ്വം, ഹൃദ്യമായി… തുടങ്ങിയ വാക്കുകളിലൂടെ നാമത് പ്രകടിപ്പിക്കാറുമുണ്ട്. തിരുവചനത്തിലും ഹൃദയത്തെ പരാമർശിക്കുന്ന ധാരാളം ഭാഗങ്ങളുണ്ട്. ഹൃദയ പരിശ്ചേദനത്തെക്കുറിച്ച് റോമാ 2:29 -ൽ വി.പൗലോസപ്പൊസ്തലൻ പറയുന്നു, ഹൃദയ കാഠിന്യത്തെക്കുറിച്ച് വി.മാർക്കോസ് 10:59 -ൽ യേശു പറയുന്നു. കൂടാതെ, ദൈവത്തെ പൂർണ്ണാത്മാവോടും, പൂർണ്ണ ഹൃദയത്തോടും സ്നേഹിക്കാൻ വി.മത്തായി 22:37 പറയുന്നു, ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാണെന്ന് വി.മത്തായി 11:29 – ൽ യേശു വീണ്ടും ഓർമ്മിപ്പിക്കുന്നു. എല്ലാറ്റിലുമുപരി, യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും നമുക്ക് വേണ്ടി സ്പന്ദിക്കുന്ന അവന്റെ ഹൃദയത്തിന് തെളിവാണ്. അതുകൊണ്ടുതന്നെയാണ് ഒട്ടുമിക്ക തിരുഹൃദയ ചിത്രങ്ങളിലും ഹൃദയത്തിലെ മുറിവും, കുരിശും നമ്മോടുള്ള സ്നേഹത്തിന്റെ പ്രതീകമായ ജ്വലിക്കുന്ന അഗ്നിയും ഉള്ളത്.

മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് കാൽവരിയിലെ കുരിശുമരണം. ഇത് ഉറപ്പുവരുത്താൻവേണ്ടി പടയാളികൾ ഈശോയുടെ മാറിടം കുത്തിതുറക്കുകയാണ്. അവിടെനിന്നും അവസാനതുള്ളി രക്തവും ജലവും പുറത്തുവരുന്നു.
എന്നാല്‍, “പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവും വെള്ളവും പുറപ്പെട്ടു” (യോഹ 19 : 34). ഇതുമായി ബന്ധപ്പെട്ട് വിശുദ്ധ ബർണാർദ് പറയുന്നതിങ്ങനെയാണ്: “ക്രിസ്തുവിന്റെ പാർശ്വത്തിലെ പിളർപ്പ് അവിടുത്തെ നന്മയേയും ഹൃദയത്തിലെ സ്നേഹത്തേയും വെളിപ്പെടുത്തി”.

അതായത്, സ്നേഹത്തിന്റെ പ്രതീകമാണ് ഹൃദയം. പരസ്പരം സ്നേഹിക്കുന്നവരെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ശ്രദ്ധേയമായ ചിഹ്നവുമാണ് ഹൃദയം. സ്നേഹത്തിന്റെ ഇരിപ്പിടമായിട്ടാണ് ഹൃദയം അവതരിപ്പിക്കപ്പെടുക. സ്നേഹം ഇല്ലാത്തവരെക്കുറിച്ച് ‘ഹൃദയമില്ലാത്തവൻ’ എന്നാണ് നാം പറയുക. ഈശോയുടെ ഹൃദയം കവിഞ്ഞൊഴുകുന്ന കരുണയുടെ ഉറവിടമാണ്. അതുകൊണ്ടുതന്നെ, ഈശോയുടെ തിരുഹൃദയം തന്നിൽനിന്ന് അകന്നുപോകുന്നവരെയും പാപത്തിലേക്ക് വീണുപോകുന്നവരെയും ഓർത്ത് അനുദിനം വേദനിക്കുണ്ട്. കൂടാതെ, ജീവിതത്തിൽ വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെയെല്ലാം സ്നേഹത്തിൽ ചേർത്തു നിറുത്താൻ ഈശോയുടെ തിരുഹൃദയം വെമ്പൽകൊള്ളുന്നുമുണ്ട്. ഇതാണ് തുറന്ന ഹൃദയം.

നമ്മുടെ വിശ്വാസത്തിന്റെ സവിശേഷ അടയാളമാണ് ക്രിസ്തുവിന്റെ ദിവ്യഹൃദയം. അന്ത്യബലിയുടെ ആത്യന്തിക ചിഹ്നമാണിത്. സ്നേഹത്താൽ തുടിക്കുന്നതും, കാരുണ്യസ്പര്‍ശത്തിന്റെ സ്രോതസുമാണ് കുരിശില്‍ കുത്തിത്തുറക്കപ്പെട്ട ക്രിസ്തുവിന്റെ തിരുഹൃദയം. ഓർക്കുക, തന്റെ ഹൃദയം കുത്തി മുറിവേൽപ്പിച്ചവന് ആ മുറിവിൽ നിന്ന് ഒഴുകിയ ജലത്താൽ സൗഖ്യം നൽകിയ സ്‌നേഹസ്‌ത്രോതസ്സാണ് യേശുവിന്റെ തിരുഹൃദയം. യേശുവിന്റെ ഹൃദയ കാരുണ്യത്തിലേയ്ക്ക് നമുക്കും മുന്നേറാം, രൂപാന്തരം പ്രാപിക്കാം.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago