ആഗമനകാലം ഒന്നാം ഞായർ
ആഗമനകാലത്തിന്റെ ആരംഭം. പ്രധാനമായും ‘കാത്തിരിപ്പ്’, ‘ജാഗ്രത’ എന്നീ വിഷയങ്ങൾ ധ്യാന വിഷയങ്ങളാകുന്ന കാലയളവ്. ദൈവാന്വേഷണം നിശ്ചലമാകുകയും അവനു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കുകയും ചെയ്യുന്ന സമയം. എന്നും ജനിക്കുന്ന ഒരു ദൈവത്തിനായുള്ള കാത്തിരിപ്പ്. അശ്രദ്ധമായ ഹൃദയങ്ങൾ കാണാതെ പോകുന്ന ദൈവത്തിനായുള്ള കാത്തിരിപ്പ്. ഇനി അവനെ തേടി അലഞ്ഞു തിരിയേണ്ട കാര്യമില്ല. ക്ഷമയോടെ കാത്തിരിക്കുക. അവൻ നിന്നെ തേടി വരും. കാത്തിരിപ്പ് എന്ന സങ്കൽപ്പത്തിന്റെ മറുവശമാണ് ജാഗ്രത. ആഗമനകാലം ജാഗ്രതയോടെ ജീവിക്കാനുള്ള കാലമാണ്. ജാഗ്രത എന്ന പദം നിർഗുണാവസ്ഥയെ സൂചിപ്പിക്കുന്ന ഒരു പദമല്ല. അതിൽ അടങ്ങിയിരിക്കുന്നത് ക്രിയാത്മകത എന്ന സങ്കല്പമാണ്. അതൊരു ഇറങ്ങിത്തിരിക്കലിനെ കൂടി സൂചിപ്പിക്കുന്ന പദമാണ്. അതായത് അഹത്തിന്റെ കെട്ടുപിണയലുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനെ സൂചിപ്പിക്കുന്ന പദം. അതുകൊണ്ടാണ് ആഗമനകാലത്ത് ‘വഴി’, ‘നിരത്ത്’, ‘പാത’ എന്നീ വാക്കുകൾ ധ്യാനം വിഷയമായി കടന്നു വരുന്നത്. ആഗമന കാലത്തെ നിരത്തിന്റെ സമയം എന്നും പറയാറുണ്ട്. ‘നിന്റെ പാതകൾ നേരെയാക്കുവിൻ’ എന്ന ആഹ്വാനം നിരന്തര മാറ്റൊലി കൊള്ളുന്ന സമയം. ദൈവത്തിനെ ‘വരാനിരിക്കുന്നവൻ’ എന്നു വിളിക്കുന്ന സമയം. അതെ, ആഗമനകാലം കാത്തിരിപ്പിന്റെയും ജാഗ്രതയുടെയും കാലമാണ്. കണ്മുൻപിൽ നിൽക്കുന്നവനിൽ വരാനിരിക്കുന്നവനെ കാണാനുള്ള കാലം.
ഇനി ഇന്നത്തെ സുവിശേഷം എന്ത് സന്ദേശമാണ് നമുക്ക് നൽകുന്നത് എന്ന് ശ്രദ്ധിക്കാം:
അശ്രദ്ധയെ ഒരു ഇതിവൃത്തമാക്കി അതിന്റെ കാഴ്ചപ്പാടിലൂടെ ഒരു ചരിത്ര സംഭവത്തെ വ്യാഖ്യാനിച്ചു കൊണ്ടാണ് ഇന്നത്തെ സുവിശേഷ ഭാഗം ആരംഭിക്കുന്നത്. “നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസം വരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞുപോന്നു” (v.38). ചോദ്യമിതാണ്. ഇങ്ങനെ ജീവിക്കുവാൻ സാധിക്കുമോ? ഒന്നുമറിയാതെ…? ഒരു സ്വപ്നവുമില്ലാതെ…? സാധിക്കും. ഇങ്ങനെയും ജീവിക്കാൻ സാധിക്കും. ഒന്നിനെക്കുറിച്ചും അറിയാതെയും ഇടപെടാതെയും സ്വപ്നമില്ലാതെയും ജീവിക്കാൻ നമുക്കും സാധിക്കും. സ്വന്തം ഭവനത്തിനുള്ളിലെ പൂമൊട്ടുകളുടെ തളിരിടലുകൾ കാണാതെയും അറിയാതെയും ജീവിക്കാൻ സാധിക്കും. നിന്നോട് നിരന്തരം ഇടപെടുന്നവരുടെ ഉള്ളം കാണാതെയും ജീവിക്കാൻ സാധിക്കും. വാതിലിൽ മുട്ടുന്ന ഒരു യാചകന്റെ കണ്ണിലെ ദൈന്യത അറിയാതെയും ജീവിക്കാൻ സാധിക്കും. നിരന്തരം മലീമസമായി കൊണ്ടിരിക്കുന്ന നിന്റെ ആവാസവ്യവസ്ഥയെ പോലും അറിയാതെയും ജീവിക്കാൻ സാധിക്കും. അതുപോലെതന്നെ ആൾക്കൂട്ടത്തിനിടയിൽ ഒരു മുഖമില്ലാതെയും ജീവിക്കാൻ സാധിക്കും. കഠിനാദ്ധ്വാനത്താൽ കരിപുരണ്ട മുഖങ്ങളുടെയിടയിൽ, പീഡിതരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നിസ്സഹായമായ മുഖങ്ങളുടെയിടയിൽ, ദുരിതങ്ങളാൽ ഭാവി നഷ്ടപ്പെട്ട നിസ്സ്വരുടെയിടയിൽ ഒന്നുമറിയാതെയും ഒരു മുഖവുമില്ലാതെയും നിനക്കും ജീവിക്കാൻ സാധിക്കും. അതെ, നോഹയുടെ ദിവസങ്ങളിൽ എന്ന പോലെ ഇന്നും ജീവിക്കാൻ സാധിക്കും. തിന്നുന്നു, കുടിക്കുന്നു, വിവാഹം ചെയ്യുന്നു, ചെയ്തുകൊടുക്കുന്നു. ഒന്നും അറിയുന്നില്ല. ഒന്നും അറിയുകയും വേണ്ട.
എല്ലാവരും ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിലാണ്. എല്ലാവർക്കും തിരക്കാണ്. അതുകൊണ്ടു തന്നെ ചുറ്റുമുള്ളതൊന്നും കാണുന്നില്ല. കേൾക്കുന്നില്ല. അറിയുന്നില്ല. അറിയണമെങ്കിൽ നിൽക്കണം. എന്നിട്ട് മുട്ടു കുത്തണം. ഒരു കുഞ്ഞിനെപ്പോലെ കേൾക്കണം. ഒരു പ്രണയിനിയെ പോലെ നോക്കണം. അപ്പോൾ നീ കാണും; നൊമ്പരം പേറും മുഖങ്ങൾ, നീട്ടിയ കരങ്ങൾ, ആരെയോ അന്വേഷിക്കുന്ന കണ്ണുകൾ, നിശബ്ദമായി ഒഴുകുന്ന കണ്ണീരുകൾ, വിറയ്ക്കുന്ന കൈകാലുകൾ. ഒപ്പം ഓരോ ദിനവും നിന്റെ മുന്നിലേക്ക് നീട്ടി വയ്ക്കുന്ന അസംഖ്യമായ അവസരങ്ങളും അനുഭവങ്ങളും, അതിലുപരി ഓരോ സഹജീവികളിൽ നിന്നും പ്രസരിക്കുന്ന നന്മയുടെയും സൗന്ദര്യത്തിന്റെയും ഊർജ്ജപ്രവാഹങ്ങളും. ഈ അറിവാണ് തിരിച്ചറിവ്. അതെ ആഗമനകാലം തിരിച്ചറിയാനുള്ള കാലമാണ്.
സുവിശേഷകൻ പിന്നീട് കുറിക്കുന്നു; “അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും.രണ്ടു സ്‌ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും” (vv.40-41). ലോകാവസാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പദങ്ങളല്ല ഇവകൾ. അപ്രതീക്ഷിതമായ മരണത്തെക്കുറിച്ചുമല്ല ഇവകൾ പറയുന്നത്. യേശുവിന്റെ പഠനങ്ങളുടെ യുക്തി മനസ്സിലാകുന്നവർക്ക് ഈ വചനഭാഗം പെട്ടെന്ന് മനസ്സിലാകും. അവന്റെ പഠനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ‘ഒന്നുങ്കിൽ ഇത് അല്ലെങ്കിൽ അത്’ (either/or) എന്ന വ്യവസ്ഥ. ‘അതും വേണം ഇതും വേണം’ (both/and) എന്ന സങ്കൽപ്പം യേശുവിന്റെ പഠനങ്ങളിലില്ല. രണ്ടു വഞ്ചിയിൽ കാൽ വച്ച് അക്കരെയ്ക്കെത്താം എന്ന ചിന്ത യേശു പഠിപ്പിക്കുന്നില്ല. ഇരുളിനെയും പ്രകാശത്തെയും ഒന്നിച്ച് സ്വീകരിക്കാൻ സാധിക്കില്ല. സ്നേഹവും വെറുപ്പും ഒന്നിച്ചു പോകുന്ന യാഥാർത്ഥ്യമല്ല. ഏതെങ്കിലും ഒന്നിന് മാത്രമേ നിലനിൽപ്പുള്ളൂ. അതുപോലെതന്നെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന ഈ ‘രണ്ടു പേർ’ അല്ലെങ്കിൽ ‘രണ്ടു സ്ത്രീകൾ’ എന്ന ദൃഷ്ടാന്തം നന്മ-തിന്മ വൈപരീത്യങ്ങളുടെ പ്രതിനിധികളാണ്. നമ്മൾ തന്നെയാണവർ. നമ്മൾ തന്നെയാകാമവർ.
ഈ സുവിശേഷ വരികൾ ജീവിതത്തിന്റെ രണ്ടു തലങ്ങളെ പ്രതീകാത്മകമായ ഭാഷയിൽ രേഖപ്പെടുത്തുന്നു: ജീവിതമാകുന്ന വയലേലകളിൽ ചിലർ പക്വതയോടെ വളരുമ്പോൾ, മറ്റുചിലർ എല്ലാ കാര്യങ്ങളിലും അപക്വവും ശൈശവാവസ്ഥയിലുമാണ്. ചിലർ നിത്യതയുടെ അരികോരങ്ങളിൽ ജീവിക്കുമ്പോൾ, മറ്റു ചിലർ നൈമിഷികതയുടെയും ശാരീരികമായ സുഖങ്ങളുടെയും വൃത്തത്തിനുള്ളിൽ ഒതുങ്ങുന്നു. ചിലർ അറപ്പുരകൾ നിറയ്ക്കാനും സ്വാർത്ഥതയോടെ എല്ലാം സ്വരൂപിക്കാനും ശ്രമിക്കുമ്പോൾ, മറ്റു ചിലർ സ്നേഹവും അപ്പവും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ശ്രമിക്കുന്നു. ചിലർ അറിവ് സമ്പാദിച്ച് അതിനെ ഒരു മർദ്ദനോപകരണമാകുമ്പോൾ, മറ്റു ചിലർ അവർക്ക് ലഭിച്ച അറിവിലൂടെ മറ്റുള്ളവരെ നന്മയിലേക്കും അനന്തമജ്ഞാനമായ ദൈവത്തിലേക്കും നയിക്കുന്നു. നമ്മൾ ഇവിടെ സൂചിപ്പിച്ച വിപരീത ദിശകളിൽ ഉള്ള വ്യക്തികളിൽ ദൈവവുമായി കണ്ടുമുട്ടാൻ യോഗ്യതയുള്ളത് ഒരു കൂട്ടർക്ക് മാത്രമാണ്. രണ്ടു പേരിൽ ഒരാൾ മാത്രമേ തന്റെ ഉള്ളിലുള്ള നന്മകളെ ജാഗ്രതയോടെ പരിചരിക്കുന്നുള്ളൂ. അതുപോലെതന്നെ തന്റെ ചുറ്റിലുമുള്ള നന്മകളിലേക്ക് പ്രകാശം വിതറുകയും ചെയ്യുന്നത് ഒരാൾ മാത്രമാണ്. മറ്റേയാൾ ഒന്നുമറിയുന്നില്ല. രണ്ടു പേരിൽ ഒരാൾ മാത്രമാണ് നിത്യതയുടെ തരംഗങ്ങളെ കുറിച്ച് ബോധവാനാകുന്നത്. മറ്റേയാൾ കണ്മുൻപിലെ ഇത്തിരിവട്ടത്തിൽ ഞെരിഞ്ഞമരുന്നു. അപ്പോൾ നോക്കുക, ‘എടുക്കപ്പെടും’ എന്ന സുവിശേഷ വാക്കിൽ ചില പ്രൊട്ടസ്റ്റൻറ് വ്യാഖ്യാതാക്കൾ പറയുന്നതുപോലെ ഒരു ‘റാപ്ചർ തിയറി’ (rapture theory) അടങ്ങിയിട്ടില്ല. സുവിശേഷ വരികൾ ഭയം വിതറുന്നില്ല. മറിച്ച് ജീവിതത്തിന്റെ ആഴമായ അർത്ഥതലങ്ങളെ പ്രതീകാത്മകമായ ഭാഷയിലൂടെ രേഖപ്പെടുത്തുകയാണ്. അപ്പോൾ വേണ്ടത് ഒന്നു മാത്രമാണ്. ജാഗ്രതയോടെ ജീവിക്കുക.