Diocese

കമുകിൻകോട്‌ തെക്കിന്റെ കൊച്ചു പാദുവയിൽ തിരുനാൾ വ്യത്യസ്‌തം

കമുകിൻകോട്‌ തെക്കിന്റെ കൊച്ചു പാദുവയിൽ തിരുനാൾ വ്യത്യസ്‌തം

നെയ്യാറ്റിൻകര: കേരള സംസ്‌ക്കാര പഠനങ്ങളിൽ വ്യത്യസ്‌തമായ അദ്ധ്യായമാണ്‌ കമുകിന്‍കോടും ഇവിടത്തെ കത്തോലിക്കാ വിശ്വാസ പാരമ്പര്യവും എഴുതിച്ചേർക്കുന്നത്‌. ഈഴവസമുദായാംഗങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഈ പ്രദേശം ഈശോ സഭാ വൈദികരുടെ പ്രേഷിത പ്രവർത്തനങ്ങളാൽ 1713-ൽ സുവിശേഷവെളിച്ചം സ്വീകരിച്ചു.

കരംപിരിവിനോടൊപ്പം ജൗളിവ്യാപാരവും ഉപജീവനമാർഗ്ഗമാക്കിയ `എനവറ’ എന്ന സ്ഥാനപ്പേരോടുകൂടിയ പൂർവ്വികൻ 1701-ൽ നേമത്ത്‌ പ്രവർത്തനമാരംഭിച്ച ഈശോസഭ (ജെസ്വീറ്റ്‌) വൈദികരുമായി ബന്ധം സ്ഥാപിക്കുകയും തുടർന്ന്‌ നേമത്ത്‌ ക്രൈസ്‌തവ മിഷനറിമാർക്ക്‌ സുവിശേഷപ്രചരണത്തിന്‌ തടസ്സം നേരിട്ടപ്പോൾ കമുകിൻകോടിന്‌ സമീപം സ്ഥിതിചെയ്യുന്ന വാളികോട്‌ (ശാസ്‌താംതല) ആസ്ഥാനമാക്കി മിഷണറി പ്രവർത്തനങ്ങൾക്ക്‌ സൗകര്യമൊരുക്കുകയും ചെയ്‌തു. തുടർന്ന്‌ നേമം മിഷണറിമാരുടെ ആസ്ഥാനം വടക്കൻകുളം (തിരുനെൽവേലി ജില്ല) പ്രദേശത്തേക്ക്‌ മാറ്റിയെങ്കിലും ക്രിസ്‌തീയ വിശ്വാസം ഉപേക്ഷിച്ചില്ല.

1741-ൽ കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട ഡിലനായിൽ നിന്ന്‌ ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ച പടത്തലവനായ ദേവസഹായം പിള്ള തന്റെ പ്രേഷിതപ്രവർത്തനങ്ങൾ ക്ക്‌ കമുകിൻകോട്‌ വേദിയാക്കിയെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഇവിടുത്തെ വിശ്വാസജീവിതത്തിന്‌ ദൃഢതയേകി എന്നതും വരമൊഴിയായും വാമൊഴിയായും പ്രസിദ്ധിയാർജിച്ച ചരിത്രവസ്‌തുതകളാണ്‌.

ജാതിമതഭേദമെന്യേ അനേകം ഭക്തജനങ്ങൾ കടന്നുവരുന്ന `കൊച്ചുപാദുവ’ എന്ന കമുകിൻകോട്‌ കൊച്ചുപള്ളിയിലെ മുഖ്യപ്രതിഷ്‌ഠയായ വിശുദ്ധ അന്തോനീസിന്റെ ചെറിയ തിരുസ്വരൂപം ഇവിടെ സുവിശേഷപ്രഘോഷണത്തിനുവന്ന വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള പ്രതിഷ്‌ഠിച്ചതാണെന്ന്‌ പാരമ്പര്യം ഉറച്ചുവിശ്വസിക്കുന്നു. ഓലപ്പുരയിൽ നിലവിലിരുന്ന ദൈവാലയം 1784-ൽ പുതുക്കിപ്പണിതതായി കൊല്ലം ബിഷപ്പ്‌സ്‌ ഹൗസ്‌ രേഖകളിൽ കാണാം.
വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ 1910-ൽ ഇന്നുകാണുന്ന ഇടവക ദൈവാലയം പണികഴിപ്പിച്ചു.

കമുകിൻകോട്‌ പ്രേദശത്ത്‌ ക്രിസ്‌ത്യാനികൾ ഈഴവ സമുദായാംഗങ്ങളാണെന്നും അവരെ ഹൈന്ദവവിശ്വാസത്തിലേക്ക്‌തിരികെക്കൊണ്ടുവരണമെന്നും ശ്രീ നാരായണ ഗുരുവിനോട്‌ ചിലർ ആവശ്യപ്പെട്ടപ്പോൾ ഇവിടത്തെ വിശ്വാസജീവിതവും സാംസ്‌ക്കാരിക അഭ്യുന്നതിയും നേരിൽ ദർശിച്ച്‌ ബോധ്യപ്പെട്ട ഗുരു കമുകിൻകോടിനെ ഉദാഹരിച്ച്‌ `മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന മഹദ്‌സന്ദേശം ലോകത്തിനു നല്‍കി. ഓരോ സ്ഥലത്തെയും സാംസ്‌ക്കാരികപൈതൃകത്തെ അംഗീകരിച്ചും ഉൾക്കൊണ്ടും വേണം അവിടങ്ങളിൽ കത്തോലിക്കാ സഭ പ്രവർത്തിക്കേണ്ടതെന്ന ആഹ്വാനം രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിക്കുകയും ഇതരമതങ്ങളുമായുള്ള `ഡയലോഗ്‌’ സംബന്ധിച്ച ഡിക്രി നിയമം ഉണ്ടാക്കുകയും ചെയ്‌തത്‌ അരനൂറ്റാണ്ടുമുമ്പായിരുന്നുവെങ്കിൽ മൂന്നുനൂറ്റാണ്ടുമുമ്പ്‌ ഈ നിയമം പ്രാവർത്തികമാക്കാൻ കമുകിൻകോടിനു സാധിച്ചു.

`തെക്കിന്റെ കൊച്ചുപാദുവ’ എന്നറിയപ്പെടുന്ന ഈ തീർത്ഥടനകേന്ദ്രത്തിലെ തിരുനാൾമഹാമഹം 2018 ജനുവരി 30-ന്‌ കൊടിയേറി ഫെബ്രുവരി 11-ന്‌ സമാപിക്കുന്നു. പരിശുദ്ധകുർബാനയുടെ പ്രദക്ഷിണം, തിരുസ്വരൂപ പ്രദക്ഷിണങ്ങൾ, സമൂഹദിവ്യബലികൾ, സാംസ്‌ക്കാരിക സമ്മേളനം, കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികളോടെ തിരുനാൾ ആഘോഷിക്കുന്നു. മറ്റുനേർച്ചകളോടൊപ്പം മാസംതോറും സംഘടിപ്പിച്ചുവരുന്ന രക്തദാനനേർച്ചയും, പരിഗണനകൾ കൂടാതെ രോഗികൾക്ക്‌ നൽകുന്ന ധനസഹായ പദ്ധതിയും കാരുണ്യപ്രവർത്തികളുടെ പര്യായമായി ഈ തീർത്ഥാടനകേന്ദ്രത്തിന്‌ തിലകക്കുറി ചാർത്തുന്നു. പതിനായിരക്കണക്കിന്‌ തീർത്ഥാടകർ പങ്കെടുക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക്‌ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker