കമുകിന്‍കോട് വിശുദ്ധ അന്തോണിസ് ദേവാലയ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം
കമുകിന്‍കോട് വിശുദ്ധ അന്തോണിസ് ദേവാലയ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം
അനിൽ ജോസഫ്
ബാലരാമപുരം: ‘തെക്കിന്‍റെ കൊച്ചു പാദുവ’ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ ഇക്കൊല്ലത്തെ തീര്‍ത്ഥാടന തിരുനാളിന് ഭക്തിനര്‍ഭരമായ സമാപനം. ചപ്രപ്രദക്ഷണത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും പങ്കെടുക്കാന്‍ ആയിരങ്ങള്‍ നാടിന്‍റെ നാനാഭാഗത്തു നിന്ന് ദേവാലയത്തിലേക്ക് എത്തിച്ചേര്‍ന്നു.
പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ശേഷം 2 മണിക്കൂറോളം തീര്‍ത്ഥാടകരുടെ തിരക്കുകാരണം കമുകിന്‍കോട് നെയ്യാറ്റിന്‍കര റോഡില്‍ ഗതാഗതം സ്തംഭിച്ചു. 13 ദിവസങ്ങളിലായി നടന്നു വന്ന തീര്‍ത്ഥാടനം ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അര്‍പ്പിച്ച സമൂഹദിവ്യബലിയോടെയാണ് സമാപിച്ചത്.
ഇന്നലെ രാവിലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച ചപ്രപ്രദക്ഷിണം ഇന്നലെ പുലര്‍ച്ചയോടെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
തുടർന്ന്, രാവിലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ശേഷം ചപ്രങ്ങള്‍ 3 തവണ ദേവാലയത്തിന് ചുറ്റും വലയം വച്ചു. വൈകിട്ട് 5 മണിക്ക് വലിയപളളിയില്‍ നിന്ന് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം തിരികെ കൊച്ചുപളളിയിലേക്ക് പ്രദക്ഷിണമായി കൊണ്ട് പോയി.
തീര്‍ത്ഥാടനത്തിന്‍റെ കൃതഞ്ജതാ ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് കൊച്ചുപളളിയില്‍ പുതിയതുറ ഇടവക വികാരി ഫാ.രാജശേഖരന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.