കത്തോലിക്കാ സ്കൂള്‍ മധ്യപ്രദേശില്‍ അടിച്ച് തകര്‍ത്തു
'ജയ് ശ്രീറാം' വിളിയോടെ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്...
സ്വന്തം ലേഖകൻ
സാഗര്‍: വടക്കേ ഇന്ത്യയില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് നേരെയുളള ആക്രണം തുടരുന്നു. മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദ കാമ്പസിലെ സെന്‍റ് ജോസഫ് സ്കൂളാണ് ഇന്നലെ ഉച്ചയോടെ തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്. സ്കൂളിന് നേരെ ഇരച്ചെത്തിയ തീവ്രഹിന്ദുത്വവാദികള്‍ മറ്റ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ സ്കൂള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികളെ ക്രിസ്ത്യാനികളാക്കി പരിവര്‍ത്തനം ചെയ്യുന്നുവെന്നു പ്രാദേശിക യുട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തയ്ക്കു പിന്നാലെയാണ് ‘ജയ് ശ്രീറാം’ വിളിയോടെ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്.
ഗേറ്റിന്‍റെ പൂട്ട് തകര്‍ത്താണ് അക്രമികള്‍ സ്കൂള്‍ ക്യാമ്പസില്‍ പ്രവേശിച്ചത്. ക്രൈസ്തവര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ ഹിന്ദുത്വവാദികള്‍ ആക്രോശിച്ചായിരുന്നു ആക്രമണം. സ്കൂളിന് നേരെ കല്ലെറിയുകയും ജനല്‍ച്ചില്ലുകളും വാഹനവും തകര്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് സെന്റ് ജോസഫ് ഗഞ്ച് ബസോദ ഇടവകയിലെ കത്തോലിക്ക കുട്ടികള്‍ക്കായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. രൂപത ബിഷപ്പിനും ഇടവക വൈദികനൊപ്പം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ രൂപതയുടെ പ്രതിമാസ ഇ മാഗസിനായ ‘സാഗര്‍ വോയ്സില്‍’ പ്രസിദ്ധീകരിച്ചു.
എന്നാല്‍ ‘ആയുദ്ധ്’ എന്ന യൂട്യൂബ് ചാനലില്‍ ഈ ഫോട്ടോ സ്കൂളിലെ ഹിന്ദു കുട്ടികളുടെ മതംമാറ്റമാണെന്ന് വ്യാജ ആരോപണം ഉന്നയിച്ച് അവതരിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രൂപതാധികാരികള്‍ കലക്ടറെയും പോലീസ് സൂപ്രണ്ടിനെയും സമീപിച്ചപ്പോള്‍ പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തെങ്കിലും ഇന്നത്തെ ആക്രമണം തടയന്‍ പോലീസിനായില്ല. സംഭവം അതീവ ഗുരുതരമാണെന്നും അക്രമികളെ ഉടന്‍ നിയമ നടപടികള്‍ക്ക് മുന്നിലെത്തിക്കണമെന്നും സാഗര്‍ രൂപതയുടെ പി ആര്‍ ഓ ഫാ. സാബു പുത്തന്‍പുരക്കല്‍ ആവശ്യപെട്ടു.