Articles

കത്തോലിക്കാ സഭയെ തകർക്കാൻ ശ്രമിക്കുന്ന ആധുനിക ഡയോക്ലീഷ്യന്മാര്‍ അറിയാന്‍

കത്തോലിക്കാ സഭയെ തകർക്കാൻ ശ്രമിക്കുന്ന ആധുനിക ഡയോക്ലീഷ്യന്മാര്‍ അറിയാന്‍

ഫാ.ജോഷി മയ്യാറ്റിൽ

സഭാചരിത്രത്തിന് ഒരു നിര്‍വചനം ചമയ്ക്കാന്‍ ബൈബിളിലെ ഒരു തിരുവചനം ഏറെ സഹായകമാണ്: ”നീ പത്രോസാണ്: ഈ പാറമേല്‍ എന്റെ സഭ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” (മത്താ 16,18). ഈ തിരുവചനത്തിന്റെയും 2000 വര്‍ഷത്തെ അനുഭവത്തിന്റെയും വെളിച്ചത്തില്‍ വ്യക്തമാണ് – സഭാചരിത്രമെന്നത് നരകവാതിലുകള്‍ നിരന്തരം സഭയ്‌ക്കെതിരേ പ്രബലപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ചരിത്രമാണ്!

ദൈവപുത്രത്വത്തെ മരുഭൂമിയില്‍ കഴുത്തുഞെരിച്ചു കൊല്ലാനും കേസറിയാ ഫിലിപ്പിയില്‍ കെട്ടിപ്പിടിച്ചു കൊല്ലാനും ശ്രമിച്ചു പരാജയപ്പെട്ട നരകകവാടങ്ങള്‍ സമാനമായ രീതിയില്‍ സഭയെ ഇല്ലായ്മചെയ്യാന്‍ അകത്തുനിന്നും പുറത്തുനിന്നും ശ്രമിച്ചിട്ടുണ്ടെന്നതിനു ചരിത്രം സാക്ഷി. സഭയുടെ പ്രാരംഭംമുതല്‌ക്കേ തെറ്റായ പ്രബോധനങ്ങളുമായി സഭയ്ക്കകത്തുനിന്ന് ചിലര്‍ ഉയര്‍ന്നുവന്നു (അപ്പ 15,1.2; 2 പത്രോ 3,16; യൂദാസ് 4). പക്ഷേ, അവയെല്ലാം നിഷ്പ്രഭമാക്കി അപ്പസ്‌തോലന്മാരും അപ്പസ്‌തോലിക പിതാക്കന്മാരും സഭാപിതാക്കന്മാരും സഭാപണ്ഡിതരും സഭയുടെ വിശ്വാസസമഗ്രത കാത്തുസൂക്ഷിച്ചു. ആദിമനൂറ്റാണ്ടില്‍ത്തന്നെ ഉയര്‍ന്നുവന്ന മറ്റൊരു നരകവാതില്‍ യഹൂദരില്‍നിന്നും റോമന്‍ ചക്രവര്‍ത്തിമാരില്‍നിന്നും സഭ നേരിട്ട മതപീഡനമാണ്. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിന് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചതോടെ പിന്നീട് നരകവാതിലുകള്‍ പ്രബലപ്പെടാന്‍ ശ്രമിച്ചത് ലൗകികാധികാരങ്ങളില്‍ സഭയെ കുടുക്കിയിടാന്‍ ശ്രമിച്ചുകൊണ്ടാണ്. രാജാവിനെ വാഴിക്കാന്‍ മാര്‍പാപ്പയ്ക്ക് അധികാരമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. സന്ന്യാസത്തിന്റെയും വിശുദ്ധ വ്യക്തിത്വങ്ങളുടെയും പിന്‍ബലത്തില്‍ അതിനെ അതിജീവിക്കാനുള്ള കരുത്ത് സഭ സമ്പാദിച്ചു. മാര്‍പാപ്പയുടെ വിശേഷപ്പെട്ട മേലങ്കി ഫ്രാന്‍സിസിന്റെ നഗ്നത മറയ്ക്കാന്‍ ഇടയായത് ആകസ്മികമായിരുന്നോ?

ഒട്ടുമിക്ക ചരിത്രസംഭവങ്ങളിലും – സാമൂഹിക രാഷ്ട്രീയ അവസ്ഥകളില്‍പോലും – പത്രോസിന് ഈശോ നല്കിയ ഉറപ്പിന്റെ പ്രതിഫലനം കാണാം. ഗ്രീക്ക്-പ്രൊട്ടസ്റ്റന്റു ശീശ്മകള്‍, ഫ്രഞ്ചു വിപ്ലവം, ഇറ്റലിയുടെ ഏകീകരണം, മെക്‌സിക്കോയിലെ കാല്ലെസ് നിയമം, കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവം എന്നിവയെല്ലാം, പ്രത്യക്ഷത്തില്‍, സഭയ്‌ക്കെതിരേ ഉയര്‍ന്നുവന്ന വന്‍ നരകവാതിലുകളായിരുന്നുവെങ്കിലും അവയെല്ലാം സുവര്‍ണശോഭയോടെ അതിജീവിക്കാന്‍ സഭയ്ക്കു കഴിഞ്ഞു. അതോടൊപ്പം, അവയെല്ലാം സഭയുടെ ആഭ്യന്തരനവീകരണത്തിനുള്ള അവസരങ്ങളാക്കി ദൈവം മാറ്റുകയും ചെയ്തു.

ലോകത്തില്‍ അമ്മയും ഗുരുനാഥയുമായി സഭ വര്‍ത്തിച്ചുപോരുന്നു. വിദ്യാഭ്യാസപുരോഗതിയും ശാസ്ത്രപുരോഗതിയും പൗരബോധവും സ്ത്രീപുരുഷസമത്വവും പാവപ്പെട്ടവരുടെ സമുദ്ധാരണവും ധാര്‍മികാവബോധവും ഉറപ്പിക്കാന്‍ ലോകത്തിന്റെ മനസ്സാക്ഷിയായും ശുശ്രൂഷകയായും സഭ നിലകൊള്ളുന്നു. ലോകമെമ്പാടും വിദ്യാഭ്യാസമേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റിതര പ്രസ്ഥാനമാണ് കത്തോലിക്കാസഭ. 2010-ലെ റിപ്പോര്‍ട്ടനുസരിച്ച്, ലോകത്തിലുള്ള ആരോഗ്യപരിപാലനകേന്ദ്രങ്ങളില്‍ (ആശുപത്രികള്‍, ക്ലിനിക്കുകള്‍, കുഷ്ഠരോഗികള്‍ക്കും എയിഡ്‌സ് രോഗികള്‍ക്കുമുള്ള കേന്ദ്രങ്ങള്‍ etc.) 26 ശതമാനവും നടത്തുന്നത് കത്തോലിക്കാസഭയാണ്. സദൃശമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും നിലപാടുകളിലൂടെയും സഭ ലോകത്തില്‍ ദൈവരാജ്യത്തിന്റെ പുളിമാവായി നിലകൊള്ളുന്നു.

ഏതായാലും ഒരു കാര്യം ഉറപ്പായും ഏവരും അറിയണം. സഭയ്‌ക്കെതിരേ ഭീകരമായ പീഡനങ്ങള്‍ അഴിച്ചുവിട്ടവരൊന്നും ഇന്നില്ല. പക്ഷേ, രണ്ടായിരം വര്‍ഷം തികച്ച ലോകത്തിലെ ഏക പ്രസ്ഥാനമായ സഭ പൂര്‍വാധികം ആത്മശക്തിയോടും ജ്ഞാനത്തോടും ഭാവാത്മകതയോടുംകൂടെ ഇന്നും ഉണ്ട്! ഇനിയും ഉണ്ടാകും.

ഇതിനിടയില്‍, ദൈവജനം മനുഷ്യരുടെ കൂട്ടായ്മയാണ് എന്നതുകൊണ്ടുതന്നെ സഭയില്‍ ഏറെ തെറ്റുകളും കുറവുകളും സംഭവിച്ചിട്ടുണ്ട്. അവയെല്ലാം കാലാകാലങ്ങളില്‍ തിരുത്താനും ക്രിസ്തുവിന്റെ പരിശുദ്ധിയിലേക്ക് കൂടുതല്‍ അടുക്കാനും ദൈവംതന്നെ സഭയ്ക്ക് അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കറയോ ചുളിവോ കുറവുകളോ മാറ്റി സഭയെ അതിമനോഹരിയാക്കുന്ന പ്രക്രിയ (എഫേ 5,26.27) അവളുടെ നാഥന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതു തിരിച്ചറിഞ്ഞ് പ്രാര്‍ത്ഥനയുടെയും ആത്മവിമര്‍ശനത്തിന്റെയും അനുതാപത്തിന്റെയും ഇടുങ്ങിയ വഴിയിലൂടെ നടക്കാന്‍ ക്രിസ്തുവിന്റെ സഭ മടികാണിച്ചിട്ടുമില്ല. ‘അണിഞ്ഞൊരുങ്ങിയ സ്വര്‍ഗീയ ജറുസലേമി’ന്റെ (വെളി 21,2) നിലവാരത്തിലേക്കാണല്ലോ അവളുടെ വളര്‍ച്ച.

കേരള സഭയുടെ വിശുദ്ധീകരണചരിത്രവും നരകവാതിലുകള്‍ പ്രബലപ്പെടാന്‍ ശ്രമിച്ചു പരാജയപ്പെട്ട ചരിത്രംതന്നെയാണ്. നമുക്ക് സംഘാതവും പ്രത്യക്ഷവുമായ മതപീഡനങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. കേരളത്തില്‍ നരകവാതിലുകള്‍ സഭയ്‌ക്കെതിരേ പ്രബലപ്പെടാന്‍ ശ്രമിച്ചിട്ടുള്ളത് മുഖ്യമായും ആഭ്യന്തര വിഷയങ്ങളിലൂടെയാണ്. ഐക്യം തകര്‍ക്കാനാണ് സാത്താന്‍ നിരന്തരം ശ്രമിച്ചിട്ടുള്ളത്. സമീപകാലത്തെ സംഭവവികാസങ്ങള്‍ പരിഗണിച്ചാല്‍ ഈ വിള്ളലുണ്ടായിട്ടുള്ളത് മുഖ്യമായും എറണാകുളം കേന്ദ്രീകരിച്ചാണെന്നു മനസ്സിലാകും. മദര്‍തേരേസ സ്‌ക്വയര്‍ ഇതിനകം വെറും വഞ്ചിസ്‌ക്വയറായിത്തീര്‍ന്നു! ക്രൈസ്തവമായ എന്തിനെയും തച്ചുടയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന രാഷ്ട്രീയ-മാധ്യമ-മതമൗലികഛിദ്രശക്തികളോടു കൈകോര്‍ക്കാന്‍ നമ്മില്‍ ചിലര്‍ തയ്യാറായപ്പോള്‍ കെസിബിസിയുടെയും സിബിസിഐയുടെയും ‘ശവപ്പെട്ടി’ കാണാന്‍ നമുക്കു ദുര്യോഗമുണ്ടായി!

നരകവാതിലുകള്‍ സഭയ്‌ക്കെതിരേ പ്രബലപ്പെടുകയില്ല എന്ന തിരുവചനം ആരുടെയും ഉത്തരവാദിത്വത്തെ ലഘൂകരിക്കുന്നില്ല. സഭാനേതൃത്വത്തിന് ചരിത്രപരമായ ഒരു ബാധ്യതയുണ്ട്. കൈകെട്ടിയിരുന്ന് ആരും ഒരിടത്തും സഭയെ ബലപ്പെടുത്തിയിട്ടില്ല. ദൈവത്തിന്റെ ഇടപെടല്‍ സഭാധികാരികളുടെ ജ്ഞാനപൂര്‍ണവും നിസ്വാര്‍ത്ഥവും പ്രവാചകപരവുമായ ഉത്തരവാദിത്വനിര്‍വഹണത്തിലൂടെയാണ് സംഭവിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker