Public Opinion

കത്തോലിക്കാ സഭയെ അപകീർത്തിപ്പെടുത്താൻ മനഃപ്പൂർവം കെട്ടിപ്പടുക്കുന്ന മാധ്യമ ധർമ്മം 

കത്തോലിക്കാ സഭയെ അപകീർത്തിപ്പെടുത്താൻ മനഃപ്പൂർവം കെട്ടിപ്പടുക്കുന്ന മാധ്യമ ധർമ്മം 

ജസ്റ്റിൻ ജോർജ്

മാർപാപ്പ 3 ദിവസത്തെ UAE സന്ദർശനത്തിന് ശേഷം വത്തിക്കാനിൽ തിരിച്ചെത്തിയെങ്കിലും കേരളത്തിലെ മാധ്യമങ്ങളിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. UAE യുടെ ചരിത്രത്തിൽ ഇതുവരെ ഒരു രാഷ്ട്ര നേതാവിനും കൊടുക്കാത്തയത്രയും ബഹുമാനത്തോടും ആദരവോടും കൂടെ അദ്ദേഹത്തെ സ്വീകരിച്ചത്, കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പാ അത് തികച്ചും അർഹിക്കുന്നത് കൊണ്ടുതന്നെയാണ്. എന്നാൽ, കേരളത്തിലെ മാധ്യമങ്ങൾക്ക് അത് അത്ര വലിയ വാർത്തയായി കണ്ടതായി തോന്നിയില്ല. ആദ്യത്തെ ദിവസങ്ങളിൽ, UAE മാർപാപ്പയെ ക്ഷണിച്ചിട്ടും ഇന്ത്യ എന്ത് കൊണ്ടാണ് ക്ഷണിക്കാത്തത് എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ചരിത്രത്തിൽ ആദ്യമായി ഒരു അറബ് രാജ്യം മാർപാപ്പയെ ക്ഷണിച്ചതും, ഇന്ത്യ ക്ഷണിക്കാത്തതും എന്ത് കൊണ്ടാണെന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ, അത് രാഷ്ട്രീയ കാരണങ്ങളാൽ മാത്രമാണ്.

ദീർഘവീഷണമുള്ള UAE യിലെ ഭരണാധികാരികൾ മാർപാപ്പയെ ക്ഷണിച്ചു, അദ്ദേഹം അർഹിക്കുന്ന ബഹുമാനത്തോടെ തന്നെയാണ് യാത്രയാക്കിയതും. തങ്ങളുടെ രാജ്യത്തിന്റെ ഭാവിക്ക് ഒരു മുതൽ കൂട്ടാകുമെന്ന് കരുതി തന്നെയാണ് എന്നതിലും സംശയമില്ല. അല്ലാതെ, UAE യിലെ പ്രവാസികളായ കത്തോലിക്കർ മാർപാപ്പയെ നേരിട്ട് കണ്ടോട്ടെ എന്നതാണ് കാരണമെന്ന് ഞാൻ ഏതായാലും വിശ്വസിക്കുന്നില്ല. എന്നിരിക്കിലും, കത്തോലിക്കരായ ലക്ഷ കണക്കിന് ആൾക്കാർക്ക് മാർപാപ്പയെ നേരിട്ട് കാണാനും അദ്ദേഹം അർപ്പിച്ച കുർബാനയിൽ പങ്കെടുക്കാനും ഭാഗ്യം ലഭിച്ചു എന്നത് വസ്തുതയാണ്.

പതിവ് പോലെ ‘മാധ്യമം’ പത്രത്തിൽ മാർപാപ്പയുടെ UAE സന്ദർശനവുമായി ബന്ധപ്പെട്ട് തേനിൽ പൊതിഞ്ഞ വിഷവുമായി എഡിറ്റോറിയൽ ഇറങ്ങിയിട്ടുണ്ട്. അതിലെ പ്രധാന ആരോപണം UAE ക്ഷണിച്ചിട്ടും ഇന്ത്യ എന്ത് കൊണ്ട് മാർപാപ്പയെ ക്ഷണിച്ചില്ല എന്നാണ്. എനിക്ക് മനസ്സിലാകാത്തത് ഇന്ത്യയിൽ മാർപാപ്പ വരുകയോ വരാതിരിക്കുകയോ ചെയ്യുന്നതിൽ കുത്തി തിരുപ്പിന് അപ്പുറം ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമം പത്രത്തിന്റെ ആശങ്ക എന്താണെന്നാണ് ! അമേരിക്കയിലും, യൂറോപ്പിലും തീവ്ര വലത് രാഷ്ട്രീയം ശക്തി പ്രാപിക്കുകയും മത ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, UAE യിൽ ജീവിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ ആണെന്നാണ് മാർപാപ്പ പറഞ്ഞിരിക്കുന്നത് എന്നാണ് മാധ്യമം എഡിറ്റോറിയലിലൂടെ പറയാൻ ശ്രമിക്കുന്നത്. ജനാധിപത്യ രാജ്യങ്ങളിൽ അനുവദിക്കുന്ന അത്രയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കിലും സമാധാന പൂർണ്ണമായ ജീവിതം തന്നെയാണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളതെന്ന് അംഗീകരിക്കുന്നു.

അതേസമയം പാകിസ്താനിലും, തുർക്കിയിലും, ഇറാനിലും, സിറിയ ഉൾപ്പടെയുള്ള മറ്റു മധ്യ പൗരസ്ത്യ രാജ്യങ്ങളിലെയും മത ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ച് എഡിറ്റോറിയൽ എഴുതുവാനുള്ള ആർജവം മാധ്യമത്തിന് ഉണ്ടാകുമോ ?

ഇനിയെങ്കിലും അമേരിക്കയും, യൂറോപ്പും ഉൾപ്പടെയുള്ള സെക്കുലർ രാജ്യങ്ങളിൽ തീവ്ര വലതുപക്ഷം പിടിമുറുക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് സ്വയം വിചിന്തനം നടത്തുന്നതും നല്ലതായിരിക്കും. ഗൾഫിൽ പ്രവാസികൾക്ക് ജോലി കൊടുത്തിരിക്കുന്നത് അവിടെയുള്ള ജോലിക്ക് ആവശ്യമായ സ്കിൽ സെറ്റ് ഉള്ളതിനാൽ മാത്രമാണ്. എന്നാൽ, എന്ന് ജോലി ഇല്ലാതാകുന്നുവോ അന്ന് ജാതി-മത ഭേദമന്യേ ഇവിടെയുള്ള പ്രവാസികൾ തിരിച്ചു പോകേണ്ടി വരും. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ക്രൂഡ് ഓയിൽ വിൽക്കുന്നതിലൂടെ അറബ് രാജ്യങ്ങൾക്ക് കിട്ടുന്ന പണത്തിന്റെ ഒരു പങ്ക്, ചെയ്യുന്ന ജോലിക്ക് പ്രതിഫലമായി തരുന്നത് അത്ര വലിയ ഔദാര്യം ആയി എടുത്ത് പറയേണ്ട സാഹചര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.

മാർപാപ്പയുടെ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മതാന്തര സമ്മേളനത്തിലും, കുർബാനക്ക് ഇടക്കുള്ള പ്രസംഗത്തിലും പറഞ്ഞ കാര്യങ്ങളാണ്. മതാന്തര സമ്മേളനത്തിൽ പറഞ്ഞത്: എല്ലാ മതത്തിൽ പെട്ടവരും ഒരുമിച്ചു സ്നേഹത്തോടെ ജീവിക്കുമ്പോൾ സമാധാനം കൈവരുമെന്നും, അതിനാൽ മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നുമാണ്. ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ പേരിൽ സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യരുതെന്നും മതപരമായ കാഴ്ചപ്പാടുകൾ സ്വർഗ്ഗ തുല്യം ആയിരിക്കണമെന്നും പാപ്പാ അഭിപ്രായപ്പെട്ടു. അതോടൊപ്പം മറ്റുള്ളവരുടെ മത സ്വാതന്ത്ര്യവും മതപരമായ അവകാശങ്ങളും നാം അംഗീകരിക്കണം, മത സ്വാതന്ത്ര്യം എന്നത് ആരാധന മാത്രമല്ല എന്റെ ദൈവം എനിക്ക് തന്ന മത സ്വാതന്ത്ര്യത്തിന് മറ്റുള്ളവരും അവകാശപെട്ടവർ ആണെന്ന് അംഗീകരിക്കലും കൂടിയാണെന്നാണ് പാപ്പാ ഉദ്ബോധിപ്പിച്ചത്. കുർബാനക്ക് ഇടയിലുള്ള സന്ദേശത്തിൽ മാർപാപ്പ പ്രധാനമായി പറഞ്ഞത് : നല്ല ക്രിസ്ത്യാനി ആകുവാൻ, സാധിക്കുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തു നല്ല രീതിയിൽ ജീവിക്കുക എന്നതിന് അപ്പുറം ഒന്നും ചെയ്യേണ്ടതില്ല എന്നാണ്.

കത്തോലിക്കാ സഭക്കെതിരെ പ്രത്യേക അജണ്ട സെറ്റ് ചെയ്തിരിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും കാണുകയോ കേൾക്കുകയോ ചെയ്യാതെ, കഴിഞ്ഞ രണ്ടു ദിവസമായി വലിയ ചർച്ചയാക്കി മാറ്റിയിരിക്കുന്നത് വത്തിക്കാനിലേക്കുള്ള മടക്ക യാത്രയിൽ പാപ്പായോട് പത്രലേഖകർ ചോദിച്ചപ്പോൾ കൊടുത്ത മറുപടിയിലെ ചില കാര്യങ്ങളാണ്.

കത്തോലിക്കാ സഭയിൽ കന്യാസ്ത്രീകൾക്ക് എതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് L’Osservatore Romano യുടെ സ്ത്രീകളുടെ മാഗസിനിൽ വന്ന ലേഖനത്തെ കുറിച്ചുള്ള പാപ്പായുടെ അഭിപ്രായം അസ്സോസിയസ്റ്റഡ് പ്രസ്സ് ജേർണലിസ്റ്റ് ആയ Nicole Winfield ചോദിച്ചപ്പോൾ, ആദ്യം UAE ലേക്കുള്ള അപ്പസ്തോലിക യാത്രയെ കുറിച്ച് സംസാരിക്കാം, അതിന് ശേഷം താങ്കളുടെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി തരമെന്നാണ് മാർപാപ്പ പറഞ്ഞത്.

കുറഞ്ഞ സമയം അല്ലെ ഉള്ളൂ ആദ്യം തന്നെ തന്റെ ചോദ്യത്തിന് മറുപടി തരാമോ എന്ന് പത്ര ലേഖകൻ ചോദിച്ചപ്പോൾ ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിക്കാതെ, അദ്ദേഹം കൊടുത്ത മറുപടിയാണ് അനാവശ്യമായി വിവാദം ആക്കികൊണ്ടിരിക്കുന്നത്.

മാർപാപ്പയുടെ മറുപടി ചുരുക്കത്തിൽ ഇങ്ങനെയാണ് – ‘സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ ഗുരുതരമായ വിഷയമാണ്, ഈ കാര്യത്തിൽ മനുഷ്യ വംശം ഇതുവരെ പക്വത പ്രാപിച്ചിട്ടില്ല എന്ന് തുറന്ന് പറയുവാൻ മടിയില്ല. സാംസ്കാരികമായ കാരണങ്ങളാൽ ചില സ്ഥലങ്ങളിൽ സ്ത്രീകളെ ഇപ്പോളും രണ്ടാം തരക്കാരായാണ് കാണുന്നത്. സ്ത്രീകളായി ജനിച്ചതിന്റെ പേരിൽ മാത്രം മനുഷ്യർ കൊല്ലപ്പെടുന്ന ചില രാജ്യങ്ങൾ ഇപ്പോളും ഈ ലോകത്തുണ്ട് എന്നാണ് കേട്ടിരിക്കുന്നത്. കേട്ടത് കൃത്യമാണോ എന്നറിയില്ല, ഇത് ശരിയാണോ എന്ന് നിങ്ങൾ തന്നെ അന്വേഷണം നടത്തി കണ്ടു പിടിക്കൂ. സ്ത്രീകൾ വിലയേറിയ ആഭരണങ്ങൾ ധരിച്ചു തുടങ്ങിയതിന്റെ കാരണത്തെ കുറിച്ച് കേട്ടതിൽ എത്ര മാത്രം ശരിയുണ്ട് എന്നറിയില്ല എന്ന ആമുഖത്തോടെ അദ്ദേഹം പറഞ്ഞത്, ഭർത്താവിന് തോന്നുന്ന പോലെ വീട്ടിൽ നിന്ന് ഒന്നും എടുക്കാൻ പോലും അനുവദിക്കാതെ സ്ത്രീകളെ ഇറക്കി വിടുന്ന കാലം ഉണ്ടായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ അപ്പോൾ അണിഞ്ഞിരിക്കുന്ന സ്വർണ്ണവും വിലയേറിയ മുത്തുകളും ഉപയോഗിച്ചുള്ള ആഭരണങ്ങൾ അവർക്ക് കുറച്ചു കാലത്തേക്ക് എങ്കിലും സാമ്പത്തിക സുരക്ഷിതത്വം നൽകിയിരുന്നു എന്നാണ്’.

അതിന് ശേഷമാണ്, ‘കത്തോലിക്കാ സഭയിലെ ചില ബിഷപ്പുമാരും വൈദികരും ഇങ്ങനെയുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്, പൂർണ്ണമായി ഈ രീതിയിലുള്ള പ്രവണത ഇല്ലാതാക്കി എന്ന് അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും, ശക്തമായ നടപടികൾ കത്തോലിക്കാ സഭ എടുക്കുന്നുണ്ട്. ചില പ്രത്യേക രാജ്യങ്ങളിൽ അത് ഇത്തിരി കൂടുതലാണ്’ എന്നും അദ്ദേഹം തുറന്ന് പറഞ്ഞു. അതോടൊപ്പം, ‘ഇതിന് മുൻപുള്ള മാർപാപ്പ ഒരു കോൺഗ്രിഗേഷൻ തന്നെ പിരിച്ചു വിട്ട കാര്യം ഉദാഹരണമായി സൂചിപ്പിച്ചു’. സ്വാർത്ഥ താൽപര്യക്കാരായ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്, ബിഷപ്പുമാരുടെയും അച്ചന്മാരുടെയും പീഡനങ്ങൾ മൂലം മാർപ്പാപ്പ ഒരു കോൺഗ്രിഗേഷൻ പിരിച്ചു വിട്ടു എന്നാണെങ്കിലും, മാർപാപ്പ പറഞ്ഞത്: ‘ഒരു പ്രത്യേക കോൺഗ്രിഗേഷനിലെ നേതൃസ്ഥാനത്ത് ഉൾപ്പടെയുള്ള കുറച്ചു കന്യാസ്ത്രീകളും അച്ചന്മാരും പരസ്പര സമ്മതത്തോടെ ബന്ധം സ്ഥാപിക്കുകയും, വലിയ സാമ്പത്തിക തിരിമറികൾ നടത്തുകയും ചെയ്തതിനാൽ ആ കോൺഗ്രിഗേഷൻ പിരിച്ചു വിടുകയും അച്ചന്മാർക്ക് എതിരെ നടപടി എടുക്കുകയും ചെയ്‌തുവെന്നാണ്’. അതിനർത്ഥം ആ കോൺഗ്രിഗേഷനിൽ ഉണ്ടായിരുന്ന എല്ലാവരും അങ്ങനെയാണ് ജീവിച്ചതെന്ന് അല്ല. നല്ല രീതിയിൽ ജീവിച്ചിരുന്നവരെ തീർച്ചയായും മറ്റു കോൺഗ്രിഗേഷനിലേക്ക് മാറ്റിയിട്ട് ഉണ്ടാവും.

കത്തോലിക്കരായി ജീവിക്കാൻ അവസരം ലഭിക്കാത്തവരിൽ ചിലർ താൻ ആയിരിക്കുന്ന മതത്തെ കുറിച്ചോ, ദൈവ വിശ്വാസം ഇല്ലാത്തവർ തന്റെ നിരീശ്വരവാദ സിദ്ധാന്തത്തെ കുറിച്ചോ പ്രചരിപ്പിക്കുന്നതിന് പകരം, മാധ്യമ ഗൂഢാലോചന വഴി കേരളത്തിലെ കത്തോലിക്കാ സഭയെ തകർക്കാൻ നടത്തുന്ന ശ്രമത്തെ കേരളത്തിലെ ആത്മാഭിമാനമുള്ള കത്തോലിക്കർ പുച്ഛത്തോടെ തള്ളി കളയുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker