കത്തോലിക്കാ സഭയുടെ വളർച്ച കാംക്ഷിക്കുന്ന വിമർശകരെന്ന് നടിക്കുന്നവരുടെ ലക്ഷ്യം എന്ത്?
കത്തോലിക്കാ സഭയുടെ വളർച്ച കാംക്ഷിക്കുന്ന വിമർശകരെന്ന് നടിക്കുന്നവരുടെ ലക്ഷ്യം എന്ത്?
ക്ലിന്റൺ എൻ.സി. ഡാമിയൻ
രക്ഷകരുടെ സെൽഫ് ഗോളുകൾ…
“ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം” എന്നിവ ഒരു സന്യാസ ജീവിതത്തിന്റെ അടിസ്ഥാനമെന്നു ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് മനസിലാക്കി തന്നത് പാങ്ങോട് ആശ്രമത്തിലെ ഭൂഗർഭസിമിത്തേരിയാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ പല ദിക്കുകളിൽ നിന്നും അന്നുവരെ കാണാത്ത ദേശത്തിലേയ്ക്ക് ക്രിസ്തുവിനു വേണ്ടി ഓടിയെത്തി. നല്ല നെൽമണികളായി സ്വയം അഴുകി നുറുമേനി പുറപ്പെടുവിച്ച് തങ്ങളുടെ അന്ത്യവിശ്രമം വെറുമൊരു ചതുര അറയ്ക്കുള്ളിൽ ഒതുക്കി തീർത്തവർ. ആ അറകളുടെ മുൻപിൽ നിൽക്കുമ്പോൾ അവരുടെ ദൈവരാജ്യതീഷ്ണതയെന്തെന്ന് അറിയാനാകും.
പക്ഷേ, കാലം മാറി. സഭ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ട്. ആകുലരായി നിൽക്കുന്ന സഭാ വിശ്വാസികൾക്കു മുൻപിൽ “ചില സമർപ്പിതർ” സഭയുടെ കുറ്റങ്ങൾ മാത്രം ഉയർത്തി കാട്ടുമ്പോൾ ആശങ്കകൾ ഉയരുന്നുണ്ട്. വിമർശനാത്മകമായ തിരുത്തലാകാം അവർ ഉദ്ദേശിക്കുന്നത്. തങ്ങളുടെ സന്യാസ സമൂഹങ്ങൾക്കു അതീതരായി സ്വയം നിലപാടുകൾ രൂപീകരിച്ച് അത് പ്രചരിപ്പിക്കുമ്പോൾ ഇങ്ങനെ തോന്നിയിട്ടുണ്ട്.
സ്വന്തം ടീം ജഴ്സിൽ ഇറങ്ങുകയും എന്നാൽ എതിർ ടീമിന്റെ ഒപ്പം മത്സരിച്ചോടി അവരെക്കാൾ വേഗത്തിൽ സ്വന്തം ടീമിന്റെ ഗോൾ പോസ്റ്റിൽ സെൽഫ് ഗോൾ അടിച്ചിട്ട് തിരിഞ്ഞു നിന്ന് എതിർ ടീം ആ ഗോൾ ആഘോഷമാക്കിടുമ്പോൾ നിങ്ങളുടെ കളിക്കാരൻ തന്നെയാണ് ഞങ്ങൾക്കു വേണ്ടി ഗോളടിച്ചത് എന്നു പറഞ്ഞു എതിർ ടീം പരിഹസിക്കുമ്പോൾ നിസഹായരായി നോക്കി നിൽക്കുന്ന സ്വന്തം ടീം അംഗങ്ങളോട്…
“നമ്മൾ തോൽക്കണം. നമ്മുടെ ടീമിനെ രക്ഷിക്കാനാണ് ഞാൻ സെൽഫ് ഗോളടിച്ചത്” എന്നു പറഞ്ഞ് ന്യായീകരിക്കുന്നവരോട് പെരുത്ത് ബഹുമാനമാണ്. ഒരു പക്ഷേ സെൽഫ് ഗോൾ അടിക്കുന്നവർക്ക്… മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക്… ഒരു സുപ്രഭാതത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല എന്നതു സത്യം തന്നെ.
തന്റെ ആശയങ്ങൾ മാർപ്പാപ്പയുടെ അടുത്ത് പറഞ്ഞപ്പോൾ ‘അത് പന്നികളോട് ചെന്നു പറയു’ എന്ന ഉത്തരം കിട്ടിയപ്പോൾ പുറത്ത് ചെന്ന് സെൽഫ് ഗോൾ അടിക്കുകയല്ല സെന്റ് ഫ്രാൻസിസ് അസീസ്സീ ചെയ്തത്. മറിച്ച്, ക്ഷമാപൂർവ്വം പ്രാർത്ഥന നിറഞ്ഞ മനസ്സുമായി സഭയുടെ ഉള്ളിൽ നിന്നു കൊണ്ടാണ് സഭയെ പ്രതിസന്ധിയിൽ നിന്നും താങ്ങി കരകയറ്റിയത്…
ലോകത്ത് വേറെ ഏതൊരിടത്തും അപ്പോൾ തന്നെ ആ ജഴ്സി ഊരി വാങ്ങും… പിന്നെ സ്വന്തമായി ഗ്രൗണ്ടിൽ ഒരു മൂലയിൽ പന്ത് തട്ടിയിരിക്കാം (ചിലയിടങ്ങളിൽ സ്വന്തം ജീവൻ തന്നെ നൽകേണ്ടി വരും). പക്ഷേ ഇത്തരം കളി മനോഭാവം ഉള്ളവരെ സ്നേഹപൂർവ്വം ചേർത്തു പിടിക്കുന്നത് കത്തോലിക്കാ സഭ മാത്രമാണ്. നീ എത്രവേണമെങ്കിലും കുത്തിക്കോള്ളു… പക്ഷേ മറ്റാരും തന്നീടുന്ന വേദനകളെക്കാൾ ഒരുപടി മുന്നിലാണെങ്കിലും നിന്നെ ഞാൻ എന്റെ നെഞ്ചോട് ചേർത്തു പിടിക്കും എന്ന് സഭ മൗനമായി പറഞ്ഞീടുന്നു.
പന്ത് തട്ടി സെൽഫ് ഗോൾ അടിക്കുന്നർ ചിന്തിക്കട്ടെ…
അതെ, അവർ തീരുമാനിക്കട്ടെ…
“സെന്റ് ഫ്രാൻസിസ് അസ്സീസിയുടെ മാർഗ്ഗമോ, അതോ മാർട്ടിൻ ലൂഥറിന്റെ പുറംവഴികളോ…. ഏതാണ് തങ്ങളുടെ നവീകരണ പ്രത്യയശാസ്ത്രമായി മാറേണ്ടതെന്ന്….”