Public Opinion

കത്തോലിക്കാസഭയിലെ സംഘടനകളും… സെബാസ്റ്റ്യൻ വർക്കിയും

സെബാസ്റ്റ്യൻ വർക്കി എന്ന 'പേ പിടിച്ച' മനുഷ്യന് കത്തോലിക്കാസഭയിലെ കന്യാസ്ത്രീമഠങ്ങളെല്ലാം ലൈസൻസ്ഡ് വേശ്യാലയങ്ങൾ

ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

കത്തോലിക്കാസഭയിൽ ഉള്ളത്ര സംഘടനകൾ വേറൊരു സമുദായത്തിനുമുണ്ടെന്നു തോന്നുന്നില്ല. വ്യത്യസ്ത വയോവിഭാഗങ്ങൾക്കുവേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന സംഘടനകൾ എല്ലാ വർഷവും വ്യത്യസ്തമായ കർമ്മപരിപാടികളൊക്കെ ആസൂത്രണംചെയ്ത് വാർഷികറിപ്പോർട്ടും കണക്കുമൊക്കെ അവതരിപ്പിച്ചങ്ങനെ കഴിയുകയാണ്. എല്ലാ സംഘടനകളുടെയും ആത്യന്തികലക്ഷ്യം സഭയുടെ വിശ്വാസം ജീവിക്കാനും സംരക്ഷിക്കാനുംവേണ്ടി വിവിധങ്ങളായ കർമ്മപദ്ധതികൾ വിശ്വാസികൾക്കുവേണ്ടി വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവർഷവും ഒരുവർഷത്തെ കർമ്മപദ്ധതികൾ പ്ലാൻ ചെയ്ത് അതു ക്രമമായി നടത്തി മുമ്പോട്ടു പോവുകയാണ്. ആ പദ്ധതികളുടെ വിജയകരമായ നടത്തിപ്പാണ് സംഘടനയുടെ പ്രവർത്തനവിജയമായി കരുതപ്പെടുന്നത്.

എന്നാൽ, എഴുതിയുണ്ടാക്കിയ കർമ്മപദ്ധതികളിൽനിന്ന് മാറി സഭയെയും സമൂഹത്തെയും ബാധിക്കുന്ന അടിയന്തരസ്വഭാവമുള്ള കാര്യങ്ങളോടുള്ള പ്രതികരണം സംഘടനകളുടെ മുഖ്യഅജണ്ടയായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാനിതു കുറിക്കാൻ കാരണം ഇന്നലെ ഫെയ്സ്ബുക്കിൽ കണ്ട ഒരു പോസ്റ്റാണ്. മാനന്തവാടിയിലെ ലൂസിപ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ സെബാസ്റ്റ്യൻ വർക്കി എന്നൊരു ‘പേ പിടിച്ച’ മനുഷ്യൻ കത്തോലിക്കാസഭയിലെ കന്യാസ്ത്രീമഠങ്ങളെല്ലാം ലൈസൻസ്ഡ് വേശ്യാലയങ്ങളാണെന്നുതുടങ്ങി കുറേ അസഭ്യങ്ങളും അശ്ലീലങ്ങളും അവിടെ കുറിച്ചിരിക്കുകയാണ്. സഭയയ്ക്കും സന്ന്യാസത്തിനും മാത്രമല്ല, സ്ത്രീകളുടെ അന്തസിനുമെതിരെയുളള ഈ പോസ്റ്റിൽ കമന്റെഴുതിയിരിക്കുന്ന പലരും കൈയടിക്കുകയും കൂടുതൽ വഷളായ വാക്കുകൾ അവരുടെ കമന്റുകളിൽ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ഒരുപക്ഷെ ഇതുപോലുള്ള നെറികെട്ടവരോട് തിരിച്ചു സംസാരിക്കാനുള്ള ഭാഷ സാധാരണ വിശ്വാസികളുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. എന്നാൽ അത്യന്തം ഗുരുതരമായ ഒരു ക്രിമിനൽ കുറ്റമായി ഇതിനെ മനസിലാക്കി നിയമപരമായ നടപടികൾ സ്വീകരിക്കാൻ വിശ്വാസികൾക്കു കടമയുണ്ട്. അവിടെയാണ് മുകളിൽ സൂചിപ്പിച്ചതുപോലെ കത്തോലിക്കാസഭയിലെ സംഘടനകൾ അച്ചടിച്ചുവച്ചിരിക്കുന്ന പ്രവർത്തനമാർഗ്ഗരേഖയിൽനിന്നു പുറത്തുവന്ന് പ്രവർത്തിക്കണം എന്നു പറയുന്നത്. ഇതുപോലെ സഭയ്ക്കും സന്ന്യാസത്തിനും എതിരായി ധാരാളം പ്രവർത്തനങ്ങൾ സംഘടിതമായി നടക്കുന്ന ഈ സമയത്ത് നിസംഗതയാവസിച്ച കാഴ്ച്ചക്കാരായി കരയ്ക്കിരിക്കാതെ ക്രൈസ്തവോചിതമായ പ്രതികരണങ്ങളിലൂടെ സഭാസംഘടനകൾ മുന്നിട്ടിറങ്ങിയേ മതിയാകൂ. കാരണം, സഭാവിരോധികളായ മാധ്യമങ്ങളും മറ്റുചില സമുദായ സംഘടനകളും സംസ്കാരം എന്നതിന്റെ നിർവചനംപോലും അറിയില്ലാത്ത സാംസ്ക്കാരികസംഘടനകളും വഴിതെറ്റി നടക്കുന്ന സ്ത്രീകളെമാത്രം സംരക്ഷിക്കുന്ന ചില സ്ത്രീസംഘടകളും സഭയിലെതന്നെ ചില തലതിരിഞ്ഞവരെ കൂട്ടുപിടിച്ച് വളരെ സംഘാതമായിട്ടാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ലൂസിയുടെ അവകാശം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർക്ക് ആ മഠത്തിലുള്ള ബാക്കി കന്യാസ്ത്രീമാരുടെ അവകാശത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ കന്യാസ്ത്രീകളെയും വേശ്യകളെന്നു വിളിച്ച് അപമാനിക്കുമ്പോഴും ഒരു സ്ത്രീസംഘടനയ്ക്കും അതൊരു വിഷയമല്ല. ചുരുക്കത്തിൽ സഭയെയും സന്ന്യാസത്തെയും സമൂഹത്തിൽ അവമതിപ്പുള്ളതാക്കിത്തീർക്കുകയെന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. അതുതിരിച്ചറിഞ്ഞ് ഉചിതമായ പ്രതികരണങ്ങൾ നടത്താൻ ഇനിയും ക്രൈസ്തവസംഘടനകൾ മടിച്ചുനില്ക്കുന്നത് ആത്മഹത്യാപരമാണ്. ലോകത്തിൽ ക്രൈസ്തവർക്കുമാത്രമുള്ള ഒരു പുണ്യമാണ്, ആരൊക്കെ എന്തൊക്കെ ശോഭകേട് സഭയോടു കാണിച്ചാലും ആ കൂട്ടത്തിൽ ചേർന്നുനിന്നു കൈയടിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നത്. അതുതന്നെയാണ് ഇതുപോലുള്ള പിതൃശൂന്യരുടെ ബലവും.

ഇനിയെങ്കിലും കത്തോലിക്കാസഭയിലെ സംഘടനാംഗങ്ങൾ പശമുക്കിയ വസ്ത്രവും ബാഡ്ജും മെത്രാന്മാരുടെ കൂടെനില്ക്കുന്ന പ്രൊഫൈൽ പടവും മാററിവച്ച് സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാകണം. മുട്ടുകുത്തി ഉപവസിച്ചു പ്രാർത്ഥിക്കുന്നതുമാത്രമല്ല ക്രൈസ്തവപ്രതികരണം എന്നു സ്വയം ബോദ്ധ്യപ്പെടുകയും ഇതുപോലുള്ള കീടങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാൻ ഇനിയെങ്കിലും നിങ്ങൾക്കു കഴിയട്ടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker