Vatican

കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് 

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളില്‍ കത്തോലിക്കാസഭാംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ഫീദെസ് ഏജന്‍സി

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: 2025-ല്‍ ആഠഗാള കത്തോലിക്കാ സഡ ജൂബിലിക്കൊരുങ്ങുമ്പോള്‍ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഫീദെസ് ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 20 ഞായറാഴ്ച തൊണ്ണൂറ്റിയെട്ടാമത് ആഗോളമിഷനറി ദിനം ആഘോഷിക്കാനിരിക്കെയാണ് സഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍, കത്തോലിക്കാസഭാവിശ്വാസികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നതെന്ന് ഫീദെസ് ഏജന്‍സി. അതോടൊപ്പം, അജപാലനകേന്ദ്രങ്ങളുടെയും, ആരോഗ്യ, സേവന, വിദ്യാഭ്യാസരംഗങ്ങളിലും സഭ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും ഏജന്‍സി ഒക്ടോബര്‍ 17 വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

 

1998 മുതല്‍ 2022 വരെയുള്ള ഔദ്യോഗികകണക്കുകള്‍പ്രകാരം, ലോകത്ത് കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിയൊന്ന് കോടിയില്‍നിന്ന് (1,01,82,57,000) നൂറ്റിമുപ്പത്തിയെട്ട് കോടിയിലേക്ക് (1,38,95,73,000) വളര്‍ന്നു. ഇതേ കാലയളവില്‍ ആഗോളജനസംഖ്യ അഞ്ഞൂറ്റിയെണ്‍പത്തിയഞ്ച് കോടിയില്‍നിന്ന് (5,85,56,23,000) എഴുന്നൂറ്റിയെണ്‍പത്തിമൂന്ന് കോടിയിലേക്കാണ് (7,83,89,44,000) വളര്‍ന്നത്. ഇതനുസരിച്ച്, 1998ല്‍ കത്തോലിക്കര്‍ ലോകജനസംഖ്യയുടെ 17.4 ശതമാനമായിരുന്നതില്‍നിന്ന് 2022ല്‍ 17.7 ശതമാനമായി ഉയര്‍ന്നു. യൂറോപ്പില്‍ മാത്രമാണ് കത്തോലിക്കരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുള്ളത്.

 

പുരോഹിതരുടെ എണ്ണത്തിലും ചെറുതായ വളര്‍ച്ച ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നാലുലക്ഷത്തിനാലായിരത്തില്‍നിന്ന് (4,04,628) നാലുലക്ഷത്തിഏഴായിരത്തിലേക്ക് (4,07,730) പുരോഹിതരുടെ എണ്ണം ഇതേ കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. ഇടവകവൈദികരുടെ എണ്ണത്തിലാണ് വര്‍ദ്ധനവ് രേഖപ്പെടുത്തപ്പെട്ടത് (2,64,202ല്‍നിന്ന് 2,79,171ലേക്ക്). എന്നാല്‍ സന്ന്യസ്തവൈദികരുടെ എണ്ണത്തില്‍ ഇതേ കാലയളവില്‍ കുറവ് (1,40,424ല്‍നിന്ന് 1,28,559ലേക്ക്) രേഖപ്പെടുത്തി.

 

സ്ത്രീകളും പുരുഷമാരുമുള്‍പ്പെടുന്ന വൈദികരല്ലാത്ത മറ്റു സന്ന്യസ്തരുടെ എണ്ണത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. പുരുഷന്മാരായ സന്ന്യസ്തരുടെ എണ്ണം അന്‍പത്തിഏഴായിരത്തില്‍ (57,813) നിന്ന് നാല്പത്തിയൊന്‍പതിനായിരമായി (49,414) കുറഞ്ഞു.

അതേസമയം സന്ന്യസ്തകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 1998ല്‍ എട്ടുലക്ഷത്തിലധികം (8,14,779) സന്ന്യസ്തകളുണ്ടായിരുന്നിടത്ത് 2022ല്‍ അവരുടെ എണ്ണം അഞ്ചുലക്ഷത്തിഅന്‍പതിനായിരം (5,59,228) മാത്രമാണ്.

 

കത്തോലിക്കാജനസംഖ്യ വര്‍ദ്ധിച്ചുവരുമ്പോഴും മാമ്മോദീസാ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1998ല്‍ ഒരുകോടി എഴുപത്തിയൊന്‍പത് ലക്ഷത്തോളം (1,79,32,891) ആളുകള്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ 2022ല്‍ ഇത് ഒരുകോടി മുപ്പത്തിമൂന്ന് ലക്ഷമായി (1,33,27,037) കുറഞ്ഞു. രണ്ടായിരാമാണ്ടിലെ ജൂബലിയുടെ അവസരത്തിലാണ് മാമ്മോദീസ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായത്. ഒരുകോടി എണ്ണൂറ്റിനാല്പത് ലക്ഷത്തിലധികം (1,84,08,076) ആളുകളാണ് 2000ല്‍ മാത്രം മാമ്മോദീസ സ്വീകരിച്ചത്.

 

ലോകമാസകലമായി കത്തോലിക്കാസഭ 74,322 നഴ്സറി സ്കൂളുകളും, 1,02,189 പ്രൈമറി സ്കൂളുകളും 50,851 ഹൈസ്കൂളുകളും നടത്തുന്നുണ്ട്. 5,420 ആശുപത്രികളും, 14,205 ഡിസ്പെന്‍സറികളും, 525 കുഷ്ഠരോഗാശുപത്രികളും, 15,476 വയോജനസംരക്ഷണകേന്ദ്രങ്ങളും സഭ നടത്തുന്നുണ്ട്. മറ്റു സാമൂഹികസേവനകേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker