കടൽ ചൊല്ലുകൾ പരമ്പരാഗത ഭാഷയിൽ: അപൂർവ അനുഭവമായി “ചേലു പറച്ചിൽ”
കടൽ ചൊല്ലുകൾ പരമ്പരാഗത ഭാഷയിൽ: അപൂർവ അനുഭവമായി "ചേലു പറച്ചിൽ"

ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: കടൽത്തീരത്തു നിന്നും അന്യം നിന്നു പോകുന്ന മത്സ്യത്തൊഴിലാളികളുടെ ആശയവിനിമയ രീതിയായ “ചേലു പറച്ചിൽ” ശംഖുമുഖം തീരം കാണാനെത്തിയ നഗരവാസികൾക്ക് അപൂർവ്വ അനുഭവമായി. പൂന്തുറ, പുല്ലുവിള, കൊച്ചുതുറ, പുതിയതുറനിന്നും ഉൾപ്പെടെയുള്ള തീരപ്രദേശത്തു നിന്നും വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടുന്ന പത്തോളം പേരുടെ സംഘമാണ് പരിപാടിക്ക് നേതൃത്വം നല്കിയത്.
തനതു ഭാഷയുടെ അപൂർവത നിലനിർത്തി സംരക്ഷിക്കുവാനും അവ കാലത്തിനനുസരിച്ചു സമൂഹത്തിൽനിന്നും മാഞ്ഞുപോകാതെ സൂക്ഷിക്കുവാനുള്ള ചുമതല നമുക്കുണ്ടെന്ന് പരിപാടികൾക്ക് ഉദ്ഘാടകനായ ശ്രീ. പീറ്റർ പറഞ്ഞു. കടലിൻറെ പരിസ്ഥിതി സംരക്ഷിക്കാനും തീര ശുചിത്വം പാലിക്കാനും കടലറിവുകൾ പങ്കുവയ്ക്കപ്പെടേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വലിയതുറ ഫൊറോനാ വികാരി ഫാ. സൈറസ് കളത്തിൽ ഓർമിപ്പിച്ചു.
പ്രളയം പ്രമേയമാക്കിയ ‘ദൈവത്തിന്റെ കൈകൾ’ എന്ന മണൽ ശിൽപവും തയ്യാറാക്കി. അന്യംനിന്നുപോകുന്ന തീര സംസ്കാരത്തിൻറെ തിരിച്ചുവരവ് പ്രമേയമാക്കി, ഒഖി ദുരന്തത്തിന്റെ തിക്തത അനുഭവിച്ച പൂന്തുറ നിന്നുള്ള യുവജനങ്ങളുടെ നേതൃത്വത്തിൽ തെരുവ് നാടകവും അരങ്ങേറി.
തീരദേശത്തെ ജീവിതങ്ങളെ, ഭംഗി കലർന്ന ഭാഷാശൈലിയിൽ സദസ്സിനു പരിചയപ്പെടുത്തിയപ്പോൾ കാണികളായത് നഗരത്തിൽ നിന്നുള്ള നൂറുകണക്കിനാളുകളാണ്.
കേരള റീജ്യണൽ ലത്തീൻ കാത്തലിക് അസോസിയേഷൻ (കെ.ആർ.എൽ.സി.സി.) സംഘടിപ്പിക്കുന്ന സമുദായ ദിനത്തോടനുബന്ധിച്ചാണ് മത്സ്യത്തൊഴിലാളി സമുദായത്തിന്റെ കലാരൂപങ്ങൾ ശംഖുമുഖത്ത് അരങ്ങേറിയത്.