Kerala

കടലിൽ നിൽപ്പുസമരാഹ്വാനവുമായി പുരോഹിതരും മീൻപിടുത്തക്കാരും

നാളെ 19.06.2019 ബുധനാഴ്ച രാവിലെ 11-മണിക്ക് ഒറ്റമശ്ശേരി കടലിലാണ് സമരം സംഘടിപ്പിക്കുക

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

ആലപ്പുഴ: തീരത്തിന്റെ കണ്ണീരുകാണാത്ത സർക്കാരിനും ജില്ലാഭരണമകൂടത്തിനുമെതിരെ പുരോഹിതരും മീൻപിടുത്തക്കാരും ചേർന്ന് കടലിൽ നിൽപുസമരം നടത്തുന്നു. നാളെ 19.06.2019 ബുധനാഴ്ച രാവിലെ 11-മണിക്ക് ഒറ്റമശ്ശേരി കടലിലാണ് സമരം സംഘടിപ്പിക്കുക. ഒറ്റമശ്ശേരി, ചെല്ലാനം, മറുവക്കാട് പ്രദേശങ്ങളിൽ കടൽ കവർന്നെടുക്കുന്ന ഭവനങ്ങളെ അടിയന്തിരമായി കല്ലടിച്ച് സംരക്ഷിക്കണമെന്ന തീരത്തിന്റെ മുറവിളി കേൾക്കാൻ ആരും തയ്യാറാകുന്നില്ലായെന്ന രോദനവുമായാണ് പുരോഹിതരും മീൻപിടുത്തക്കാരും സംയുക്തമായി കടലിൽ നിൽപ്പുസമരാഹ്വാനവുമായി മുന്നോട്ട് വരുന്നത്.

തീരസംരക്ഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പേരിലുള്ള കെടുകാര്യസ്ഥതമൂലം ഒറ്റമശ്ശേരിയിൽ മാത്രം 13 വീടുകളാണ് തകരുകയെന്ന് സമരസമിതി പറയുന്നു. ചെല്ലാനം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് നടത്തിയ സമരത്തെ ഭരണകൂടം മുഖവിലയ്‌ക്കെടുക്കാത്ത സാഹചര്യത്തിലാണ് മറ്റ് ഗദ്യന്തരങ്ങളില്ലാതെ പുരോഹിതരും മീൻപിടുത്തക്കാരും ചേർന്ന് ഇത്തരമൊരു സാഹസിക സമരത്തിനിറങ്ങുന്നത്.

ഇനിയെങ്കിലും ഉദ്യോഗസ്ഥരും ഭരണാധികാരികളും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ സമരം. മോൺ.പയസ്സ് ആറാട്ടുകുളം, ഫാ.സേവ്യർകുടിയാംശ്ശേരി, ഫാ.ജസ്റ്റിൻകുരിശിങ്കൽ, ഫാ.സെബാസ്ററ്യൻ പുന്നയ്ക്കൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ശ്രീ.ജയിംസ് ചിങ്കുതറ, ശ്രീ.രാജു ഈരേശ്ശരിയും, സോഷ്യൽ ആക്ഷൻ, കെ.സി.വൈ.എം.തുടങ്ങിയ സംഘടനകളും സമരത്തിന് നേതൃത്വത്തോടൊപ്പം മുനിരയിലുണ്ടാകും.

പ്രളയകാലത്തെ കേരളത്തിന്റെ രക്ഷാസൈനികരെന്നു വിശേഷിപ്പിക്കപ്പെട്ട തീരമക്കളെ സംരക്ഷിക്കുന്നതിൽ കാട്ടുന്ന അലംഭാവത്തോട് മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കെടുക്കുമെന്ന് സമര സമിതി പറഞ്ഞു. രാവിലെ 11-ന് ഒറ്റമശ്ശേരിയിൽ നിന്നാണ് സമരാരംഭം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker