കടലാക്രമണ ദുരന്തങ്ങള്‍ക്ക് അടിയന്തിര നിർദ്ദേശങ്ങളുമായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ വാർത്താ സമ്മേളനം
5 പ്രധാന ആവശ്യങ്ങൾ വാർത്താ സമ്മേളനത്തിലൂടെ തിരുവനന്തപുരം അതിരൂപത മുന്നോട്ട് വെയ്ക്കുന്നു
അനിൽ ജോസഫ്
തിരുവനന്തപുരം: ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണ കെടുതികള്‍ക്ക് അടിയന്തിര പരിഹാരമായി 5 പ്രധാന ആവശ്യങ്ങൾ വാർത്താ സമ്മേളനത്തിലൂടെ തിരുവനന്തപുരം അതിരൂപത മുന്നോട്ട് വെയ്ക്കുന്നുവെന്ന് തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം. തിരുവനന്തപുരത്തിന്റെ തീരമേഖലയിലുണ്ടായ കടലാക്രമണവുമായി ബന്ധപ്പെട്ട് വലിയതുറ സെന്റ് ആന്റെണീസ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
കടലാക്രമണ കെടുതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നിഷേധാത്മക സമീപനമാണ് മന്ത്രിമാരുടെയും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, ദുരന്തങ്ങള്‍ വരുന്നതിനുമുമ്പ് പരിഹാരം കാണുന്നതിനു പകരം ജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചെറിയുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും ബിഷപ്പ് പറഞ്ഞു. തിരുവനതപുരം അതിരൂപത വികാരി ജെനറൽ മോൺ.സി.ജോസഫ്, മോൺ.യൂജിൻ പെരേര, റവ.ഡോ.ഹൈസെന്റ് നായകം, റവ.ഡോ.സെബാസ് ഇഗ്‌നേഷ്യസ്, ഫാ.ഡേവിഡ്സൺ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം അതിരൂപത മുന്നോട്ട് പ്രധാന ആവശ്യങ്ങൾ:
1) കടലാക്രമണം മൂലം കുടിയൊഴിപ്പിക്കപ്പെട്ട വിവിധ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് മാന്യമായി കഴിയുന്നതിനുള്ള ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും അടിയന്തരമായി ചെയ്തു കൊടുക്കുക.
2) ഇപ്പോൾ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആവശ്യത്തിന് കരിങ്കല്ലും മണൽചാക്കുകളും ഇട്ട് ഭവനങ്ങളെ സംരക്ഷിക്കുക.
3) വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തീരശോഷണം സംഭവിക്കുന്ന പ്രദേശങ്ങൾ പ്രത്യേകിച്ച് പനത്തുറ-പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, തോപ്പ്, കൊച്ചു തോപ്പ് തുടങ്ങിയ പ്രദേശങ്ങൾ കടൽഭിത്തി കെട്ടി സംരക്ഷിക്കുക.
4) വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ റിപ്പോർട്ട് എത്രയും വേഗം പുറത്തിറക്കുക.
5) പ്രസ്തുത തുറമുഖവുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന പുന:രധിവാസ പാക്കേജിൽ നിന്ന് അടിയന്തരമായി കടലാക്രമണം മൂലം ഭവനം നഷ്ടപ്പെട്ട കുടുംബങ്ങളെയും, കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെയും പുന:രധിവസിപ്പിക്കുന്നതിനുമുള്ള സത്വരനടപടികൾ സ്വീകരിക്കുക.
വാർത്താ സമ്മേളനത്തിന് ശേഷം ആർച്ച് ബിഷപ്പ് കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രിക്കും ജലസേചന റവന്യൂ മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 475 കോടി രൂപ പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.