തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി തിരുവനന്തപുരം ലത്തീൻ അതിരൂപത 100 കോടി രൂപയുടെ ഓഖി പാക്കേജ് പ്രഖ്യാപിച്ചു. ഓഖി ദുരന്തമുണ്ടായി ഒരു മാസം തികഞ്ഞ ഇന്നലെ പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യമാണ് ഓഖി പാക്കേജ് പ്രഖ്യാപിച്ചത്. അടുത്ത അഞ്ചു വർഷത്തേക്കാണ് പാക്കേജ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഓഖി ദുരന്തത്തിൽ മരണമടഞ്ഞവരും പ്രതീക്ഷയ്ക്കു വക നൽകാതെ കാണാതായവരുമായ 298 പേരുണ്ടെന്ന് ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ഇവരിൽ 149 പേർ തിരുവനന്തപുരത്തു നിന്നുള്ളവരും 149 പേർ കന്യാകുമാരി ജില്ലയിലെ തൂത്തൂർ ഫൊറോനയിൽ നിന്നുള്ളവരുമാണ്. ഓഖി പാക്കേജ് നടപ്പിലാക്കുന്നതിൽ ജാതി, മത പരിഗണനകൾ ഉണ്ടായിരിക്കില്ലെന്നും ആർച്ച്ബിഷപ് വ്യക്തമാക്കി.
ദുരന്തത്തിൽ പെട്ട ഓരോരുത്തർക്കും വന്ന നാശനഷ്ടങ്ങളേക്കുറിച്ചും അവരുടെ ആവശ്യങ്ങളേക്കുറിച്ചും പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി സമർപ്പിക്കുന്ന നിർദേശങ്ങളനുസരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. വിദഗ്ധ സമിതിയുടെ ഓഫീസ് മത്സ്യമേഖലയുടെ വികസനത്തിനായുള്ള സ്ഥിരം സംവിധാനമായി പ്രവർത്തിക്കും.
വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, വിവാഹസഹായം, ഭവനം എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അതിരൂപതയുടെ പദ്ധതികൾ. ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളിലെ മുഴുവൻ വിദ്യാർഥികളുടെയും ഉപരിപഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തും. പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക, ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുക, പ്രഫഷണൽ വിദ്യാഭ്യാസത്തിനു സജ്ജരാക്കുക തുടങ്ങിയവയ്ക്കായി മൂന്നു കോടി രൂപ ചെലവഴിക്കും.
ദുരന്തത്തിനിരയായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അതിരൂപതയുടെ കീഴിലുള്ള മരിയൻ എൻജിനിയറിംഗ് കോളജ്, ആർക്കിടെക്ചറൽ കോളജ്, ആർട്സ് ആൻഡ് സയൻസ് കോളജ്, ബിഎസ് സി നഴ്സിംഗ് കോളജ്, ബിഎഡ് കോളജ്, സെന്റർ ഓഫ് എക്സലൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം നൽകും. സൗജന്യ വിദ്യാഭ്യാസം നൽകാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ള ഇതര രൂപത സ്ഥാപനങ്ങളിലും സന്യസ്ത സ്ഥാപനങ്ങളിലും പ്രവേശനത്തിനു സൗകര്യം ഒരുക്കും. ഇതിനായി അഞ്ചു കോടി രൂപ ചെലവഴിക്കും.
പ്രഫഷണൽ കോഴ്സ് എടുക്കുന്ന വിദ്യാർഥികൾക്ക് ആദ്യ സെമസ്റ്ററിനുള്ള ഫീസും തുടർപഠനത്തിനാവശ്യമായ ബാങ്ക് വായ്പയ്ക്കുള്ള സൗകര്യവും ഏർപ്പെടുത്തും. ഇതിനായി 50 ലക്ഷം രൂപ നീക്കി വയ്ക്കും.
അതിരൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂബിലി ആശുപത്രിയിലും അഞ്ചു വർഷത്തേക്കു ദുരിതബാധിതരായ കുടുംബങ്ങളിലെ ഉദ്യോഗാർഥികൾക്കു മുൻഗണനാടിസ്ഥാനത്തിൽ ജോലി നൽകും. മത്സ്യമേഖലയിൽ സ്വയംതൊഴിൽ കണ്ടെത്തുന്നവർക്ക് ഉപകരണങ്ങൾ വാങ്ങാൻ പത്തു കോടി രൂപ ചെലവഴിക്കും. സ്വയംതൊഴിൽ കണ്ടെത്തുന്നതിനു സ്ത്രീകൾക്കു പരിശീലനവും സാമ്പത്തിക സഹായവും നൽകാൻ ഉറപ്പാക്കാൻ 50 ലക്ഷം രൂപ വകയിരുത്തും.
ഓഖി ദുരന്തത്തിൽപെട്ട അർഹരായ കുടുംബങ്ങൾക്ക്, ഓരോ കുടുംബത്തിന്റെയും അർഹത പരിഗണിച്ച് സാമ്പത്തിക സഹായം നൽകും. ഇതിനായി രണ്ടു കോടി രൂപ നീക്കി വച്ചു. ഇതോടൊപ്പം സർക്കാർ സഹായം സമയബന്ധിതമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യും.
മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ- സാംസ്കാരിക ഉന്നമനത്തിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ അറിവുകൾ ലഭ്യമാക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനം ഒരുക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തുടർചികിത്സ ആവശ്യമായിട്ടുള്ളവർക്കും അംഗവൈകല്യമോ സാരമായ പരിക്കോ ഏറ്റവർക്കും അടുത്ത രണ്ടു വർഷത്തേക്ക് ജൂബിലി ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും. ഇതിനായി 50 ലക്ഷം രൂപ ചെലവഴിക്കും. അതിരൂപതയിലും ഫൊറോന തലത്തിലും സൈക്കോ സ്പിരിച്വൽ സെന്ററുകൾ ആരംഭിച്ച്, ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്കു മാനസികാരോഗ്യം ഉറപ്പു വരുത്തും. ഇതിനായി 50 ലക്ഷം രൂപ ചെലവഴിക്കും. ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങളിലെ സാമ്പത്തിക ഭദ്രതയില്ലാത്ത 100 പെണ്കുട്ടികളെ അതിരൂപതയുടെ സാന്ത്വനം മാംഗല്യം പദ്ധതിയിൽ ഉൾപ്പെടുത്തി വിവാഹ സഹായം നൽകും. ഒരു പെണ്കുട്ടിക്കു പരമാവധി മൂന്നു ലക്ഷം രൂപ വരെ നൽകും. ഇതിനായി മൂന്നു കോടി രൂപ ചെലവഴിക്കും.
ദുരന്തത്തിൽ പെട്ടവരിൽ വീടു നഷ്ടപ്പെട്ടവർക്കും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർക്കുമായി ഓഖി ടൗണ്ഷിപ് നിർമിക്കും. ഒരു വർഷം ഒന്ന് എന്ന നിലയിൽ അഞ്ചു ടൗണ്ഷിപ്പുകളാണു നിർമിക്കുന്നത്. ആദ്യഘട്ടമായി അടുത്ത വർഷം 100 വീടുകൾ നിർമിച്ചു നൽകും. ഓരോ ടൗണ്ഷിപ്പിനും പത്തു കോടി രൂപ വീതം ചെലവു പ്രതീക്ഷിക്കുന്നു.
സംഭാവനയായി ലഭിക്കുന്ന പണം നൂറു ശതമാനവും ദുരിതമനുഭവിക്കുന്നവർക്കു ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ അതിരൂപത വഹിക്കും.
ഓഖി ദുരന്തത്തിൽ തിരുവനന്തപുരം അതിരൂപതയുടെ ഇടപെടലുകളേക്കുറിച്ചു പലർക്കും ആശങ്കകളും ഭയവും ആക്ഷേപങ്ങളും ഉണ്ടെന്നറിയാം. പലരും സംശയിക്കുന്നതു പോലെ രാഷ്ട്രീയപാർട്ടികൾക്കു സഭാംഗങ്ങളുടെ മേലുള്ള സ്വാധീനം ഇടിച്ചു കളയാൻ തങ്ങൾക്ക് ഉദ്ദേശ്യമൊന്നുമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും തലപ്പത്തിരിക്കുന്നവർ തങ്ങളുടെ സേവനം അങ്ങേയറ്റം വിലമതിക്കുന്നവരാണ്. പലപ്പോഴും കീഴ്ഘടകങ്ങളിൽ കാണുന്ന നിക്ഷിപ്തതാൽപര്യങ്ങൾക്കെതിരെ ഉറച്ച നിലപാട് എടുക്കുക തന്നെ ചെയ്യും. സഹായം സ്വീകരിക്കുന്നവർ കബളിപ്പിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യാൻ അനുവദിക്കില്ലെന്നും ആർച്ച്ബിഷപ് പറഞ്ഞു.
പ്രിയപ്പെട്ടവരെ അനുസ്മരിച്ച് ദിവ്യബലിയും മെഴുകുതിരി പ്രദക്ഷിണവും
തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഒരു മാസം തികഞ്ഞ ഇന്നലെ ദുരന്തത്തിൽ മരണമടഞ്ഞവരെയും കാണാതായവരെയും സ്മരിച്ചുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത ഓഖി ദുരന്ത അനുസ്മരണവും മെഴുകുതിരി പ്രദക്ഷിണവും നടത്തി.
രുവനന്തപുരം പാളയം സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിനു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷം സ്കൂൾ അങ്കണത്തിൽ നിന്നു പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണു മെഴുകുതിരി പ്രദക്ഷിണം നടത്തിയത്.
ദുരന്തത്തിൽ മകനെ നഷ്ടപ്പെട്ട ഒരമ്മ മെഴുകുതിരി തെളിച്ചു മുന്നിലും തൊട്ടുപിന്നിലായി ദുരന്തത്തിന്റെ പ്രതീകാത്മക രൂപവും വഹിച്ച് വിശ്വാസികൾ, വൈദികർ, സന്യസ്തർ, വിശ്വാസികൾ തുടങ്ങിയവരും പ്രാർഥനകളുമായി അണിനിരന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ മെഴുകുതിരി പ്രദക്ഷിണം എത്തിച്ചേർന്നതിനു ശേഷം പ്രതീകാത്മക രൂപത്തിനു മുന്നിൽ മെഴുകുതിരികൾ തെളിച്ചു പ്രാർഥന നടത്തി. മരണമടഞ്ഞവരെ കുറിച്ചോർത്തുള്ള കണ്ണീരിനിടയിലും ആളുകൾ അവർക്കു പ്രാർഥന കൊണ്ടു ശാന്തിനേർന്നു.
ശശി തരൂർ എംപി, വി.എസ് ശിവകുമാർ എംഎൽഎ എന്നിവർ രക്തസാക്ഷി മണ്ഡപത്തിലെത്തി മെഴുകുതിരി തെളിച്ച് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്. യൂജിൻ എച്ച്. പെരേര, തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരി ഫാ. ജോസ് വിരുപ്പേൽ, പാളയം പള്ളി വികാരി ഫാ. ജോർജ് ഗോമസ് തുടങ്ങിയവർ ഉൾപ്പെടെ നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും ദിവ്യബലിയിലും മെഴുകുതിരി പ്രദക്ഷിണത്തിലും പങ്കെടുത്തു.
Related