തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപ്പെട്ട 197 മത്സ്യത്തൊഴിലാളികൾ ക്രിസ്മസ് ആയിട്ടും മടങ്ങിയെത്തിയിട്ടില്ലെന്നു സർക്കാർ കണക്ക്. ബോട്ടിൽ പോയ മത്സ്യത്തൊഴിലാളികൾ ക്രിസ്മസിനു രണ്ടു ദിവസം മുൻപു മടങ്ങിയെത്തുമെന്ന പ്രതീക്ഷയ്ക്കു ശേഷമുള്ള കണക്കാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയെത്തുന്നതിനു ശേഷമുള്ള മത്സ്യത്തൊഴിലാളികളുടെ അന്തിമ കണക്കാണ് റവന്യു വകുപ്പ് ഇന്നലെ വൈകുന്നേരം പുറത്തു വിട്ടത്.
ഇനിയും കണ്ടെത്താനുള്ളവരെ എഫ്ഐആർ ഇട്ട് മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാരം നൽകുമെന്നാണു സർക്കാർ പറയുന്നത്. ഇതുവരെ 74 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 32 പേരെ തിരിച്ചറിയാനായി. തിരുവനന്തപുരത്ത് 28, കൊല്ലത്ത് നാല്.
മറ്റുള്ളവരെ ഇനിയും തിരിച്ചറിയാനുണ്ട്. എഫ്ഐആറോടുകൂടിയ കാണാതായവർ 164 പേരുണ്ട്. ഇതിൽ 132 പേർ മലയാളികളും 30 പേർ തമിഴ്നാട്ടുകാരും രണ്ടു പേർ ആസാം സ്വദേശികളുമാണ്. എഫ്ഐആർ ഇല്ലാതെ കാണാതായവരുടെ കണക്കിൽ 33 പേരുണ്ട്. കാണാതായവരിൽ കൂടുതൽ തിരുവനന്തപുരത്താണ്. 132 പേർ. കൊല്ലത്ത് പത്തു പേരെയും എറണാകുളത്ത് 32 പേരെയും കണ്ടെത്താനുണ്ട്.
ചെറിയ വള്ളങ്ങളും ബോട്ടുകളും അടക്കം 80 എണ്ണം ഇനിയും കണ്ടെത്താനുണ്ടെന്നാണു സർക്കാർ കണക്ക്. ഇതിൽ 62 എണ്ണം തിരുവനന്തപുരത്തുനിന്നുള്ളവയാണ്. കൊല്ലത്തു നാലെണ്ണവും എറണാകുളത്ത് 14 എണ്ണവും കണ്ടെത്താനുണ്ട്.
Related