ഓരോ ജനനത്തിന്റെ പിന്നിലും ഒരു നിയോഗമുണ്ട്; പരിശുദ്ധ അമ്മേ, ഹാപ്പി ബർത്ത് ഡേ ടു യു…
ഇന്നേ ദിനം മക്കളില്ലാത്ത ദമ്പതികൾ വിശ്വാസത്തോടെ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി പ്രാർത്ഥിക്കട്ടെ...
ഫാ.ഫിലിപ്പ് നടുത്തോട്ടത്തിൽ ഒ.സി.ഡി.
ഇന്ന് സ്വർഗവും, ഭൂമിയും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിനം! സ്വർഗത്തിന്റെയും, ഭൂമിയുടെയും അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജന്മദിനം. ഒത്തിരി സ്നേഹത്തോടെ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന്റെ മംഗളാശംസകൾ എല്ലാവർക്കും നേരുന്നു. ഈ എട്ടുനോമ്പിന്റെ ദിനങ്ങളിൽ, നോമ്പുനോറ്റ്, ത്യാഗപൂർവം ജപമാലചൊല്ലി പ്രാർത്ഥിച്ച്, പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ ധ്യാനിച്ച്, കൃപയിലും വിശുദ്ധിയിലും വളരാൻ ആഗ്രഹിച്ച്, പരിശുദ്ധ അമ്മയുടെ കരങ്ങളിൽ എല്ലാം നിയോഗവും സമർപ്പിച്ച്, നാമെല്ലാവരും, സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി പ്രാർത്ഥിക്കുകയായിരുന്നു. തീർച്ചയായും ഈ തിരുന്നാൾദിനത്തിൽ, ഉണ്ണിമാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും, ആശീർവാദവും എല്ലാകുടുംബങ്ങളിലും ഉണ്ടാകട്ടെ എന്ന് ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സാധാരണഗതിയിൽ, നമ്മളെന്തൊക്കെ മറന്നാലും, നമ്മുടെ “ബർത്ത് ഡേ” ഒരിക്കലും ആരും മറക്കാറില്ല! സുഹൃത്തേ, എന്നാണ് നിന്റെ ബർത്ത് ഡേ? പെട്ടെന്നുതന്നെ ആ ദിവസം നീ ഓർത്തില്ലേ? തീർച്ചയായും, അങ്ങനെ മറക്കാൻ പറ്റുമോ ജന്മദിനം! എങ്കിലും, ചിലർക്ക് പല ജന്മദിനമുള്ള സർട്ടിഫിക്കറ്റുകൾ കൈവശമുണ്ട് എന്നതും ഒരു യാഥാർത്ഥ്യം! കഴിഞ്ഞദിവസം, എന്റെ ബന്ധുവായ ഒരു മകൻ ഫോൺ വിളിച്ച് പറഞ്ഞു, അച്ചാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഇന്ന് എന്റെ “ഹാപ്പി ബർത്ത് ഡേ” ആണ്. അതെ ഓരോ വ്യക്തിയുടെയും ജന്മദിനം ആ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, നാട്ടുകാർക്കും, സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ, ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങൾ ആണ്.
ഒരുവേള ഒത്തിരി വർഷങ്ങൾ കാത്തിരുന്നിട്ടാണ് ഒരു കുഞ്ഞ് പിറക്കുന്നതെങ്കിൽ, ആ കുഞ്ഞിന്റെ ജന്മദിനം ആ കുടുംബത്തെ സംബന്ധിച്ച് എത്രയോ സന്തോഷം നിറഞ്ഞതാണ്! പരിശുദ്ധ അമ്മയുടെ ജനനവും അപ്രകാരമായിരുന്നു! ജോവാക്കിം, അന്ന ദമ്പതികൾ, വിവാഹം കഴിഞ്ഞ് നാളുകളായി മക്കളില്ലാതെ നൊമ്പരപ്പെട്ടു, കണ്ണുനീരോടെ ഉപവസിച്ച് പ്രാർത്ഥിച്ചു കിട്ടിയ മകളായിരുന്നു പരിശുദ്ധ കന്യാമറിയം. മക്കളില്ലായ്മ ഒരു ദൈവ ശാപമായി വിശ്വസിച്ചിരുന്ന, അന്നത്തെ യാഥാസ്ഥിതിക യഹൂദമതത്തിലുള്ള അവരുടെ ജീവിതം എത്രയോ സങ്കടം നിറഞ്ഞതായിരുന്നു! എത്രയോ പേരുടെ കളിയാക്കലും, അവജ്ഞനിറഞ്ഞ നോട്ടവും, അർത്ഥംവെച്ച സംസാരവും, കുറ്റപ്പെടുത്തലും അവർ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്തിനീ ജന്മം എന്ന് കണ്ണീരോടെ അവർ വിലപിച്ച എത്രയോ രാവുകൾ! എങ്കിലും പുണ്യ ജന്മങ്ങളായ ജൊവാക്കിമും, അന്നയും സഹനത്തിന്റെ മുൻപിൽ അടിപതറാതെ, ദൈവത്തോട് പ്രാർത്ഥിച്ചു. ചങ്കുപൊട്ടി നിലവിളിക്കുന്ന തേങ്ങലുകൾക്കു മുൻപിൽ, ദൈവം കണ്ണടയ്ക്കില്ല എന്നത് അവരുടെ ജീവിത സാക്ഷ്യം!
ഇന്ന് പരിശുദ്ധ അമ്മയുടെ തിരുനാൾ നാം ആഘോഷിക്കുമ്പോൾ, അമ്മ നമ്മോടും പറയുകയാണ്, മനുഷ്യദൃഷ്ടിയിൽ കാലതാമസമെന്നും, ഇനി രക്ഷയില്ല, പ്രതീക്ഷയില്ല, ഒന്നും നടക്കില്ല, എന്നും കരുതുന്നിടത്താണ് ദൈവം തന്റെ പ്രവർത്തി ആരംഭിക്കുക! ഈ കാലഘട്ടത്തിൽ വിവാഹം കഴിഞ്ഞിട്ടും മക്കളില്ലാതെ വേദനിക്കുന്ന, നൊമ്പരപ്പെടുന്ന ഒത്തിരിപേരെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. വിശ്വാസത്തോടെ വിശുദ്ധകുർബാന അർപ്പിച്ച്, പരിശുദ്ധജപമാല ചൊല്ലി, അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ, മിക്കവർക്കും മക്കളുണ്ടായ ദൈവാനുഭവം ഞാനും കണ്ടിട്ടുണ്ട്. ദൈവത്തിനു സ്തുതി! ഇന്നേ ദിനം മക്കളില്ലാത്ത ദമ്പതികൾ വിശ്വാസത്തോടെ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി പ്രാർത്ഥിക്കട്ടെ, തീർച്ചയായും ദൈവം അവർക്കു മക്കളെ നൽകും!
നമ്മുക്കറിയാം, പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തെ മഹത്വമുള്ളതാക്കിയത് അവളുടെ “നിയോഗങ്ങൾ” ആയിരുന്നു. അവളിലൂടെ പാപികളും, വിജാതിയരും അടങ്ങിയ അവളുടെ വംശാവലിപോലും അനുഗ്രഹിക്കപ്പെട്ടു, അവൾ മഹത്വമുള്ളവളായി മാറി. അതേ സുഹൃത്തേ, നിന്റെ ജീവിതം ഒരു അനുഗ്രഹമായി, മഹത്വമുള്ളതായി മാറാൻ, നിന്റെ കുടുംബപാരമ്പര്യമോ, കുടുംബപുരാണമോ ഒരു തടസ്സമല്ല! “ദൈവമേ ഞാൻ ജനിക്കാതെ ഇരുന്നിരുണെങ്കിൽ” എന്ന് ചിന്തിച്ചു, ജീവിത സഹനങ്ങളെ ഓർത്തു സ്വയം നിരാശപെടാതെ, നിന്റെ ജീവിതത്തിന്റെ നിയോഗം നീ കണ്ടെത്തുക!!അതനുസരിച്ചു ദൈവഹിതം നിറവേറ്റുക. കാരണം, നിന്റെ ജീവിതം ദൈവത്തിനു പറ്റിയ ഒരു തെറ്റല്ല!
ഓർക്കുക, ഓരോ ജനനത്തിന്റെ പിന്നിലും ഒരു നിയോഗമുണ്ട്. പാഴായിപ്പോകുന്ന ഒരു ജന്മവും ഈ ഭൂമിയിൽ ഇല്ല. എന്നാൽ ചിലമനുഷ്യർ തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു ജീവിതം പാപപങ്കിലമാക്കുമ്പോൾ, ചില ജീവിതങ്ങൾ ഭൂമിയിലേക്ക് പിറക്കും മുൻപേ ഭ്രൂണഹത്യയിലൂടെ, മണ്മറഞ്ഞു പോകുന്നു! ദൈവമേ, ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ശാപം, ഒരു കുടുംബത്തിലും പതിക്കാതിരിക്കട്ടെ.!!
സുഹൃത്തേ, ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ, എല്ലാ ജന്മപാപവും, കർമ്മപാപവും മായിച്ചു ക്രിസ്തുവിൽ വിശുദ്ധികരിക്കപെട്ടവരാണ് ഓരോ ക്രൈസ്തവനും. ലോകത്തിൽ ജീവിച്ചാലും, ലോകമാലിന്യമേല്ക്കാതെ ജീവിക്കാൻ സാധിക്കു മെന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തേക്കുറിച്ചുള്ള ഓര്‍മ മനസ്‌സില്‍ നിറഞ്ഞുനിന്നിരുന്നതുകൊണ്ട് ഞാൻ പാപം ചെയ്തില്ല എന്ന് പൂർവപിതാവായ തോബിത് പറയുന്നു (തോബിത് 1:12). അതേ, നിന്റെ മാതാവിന്റെ ഉദരത്തിൽ നീ പ്രാണനാകും മുൻപേ, നിന്നെ അറിഞ്ഞു, നിന്നെക്കുറിച്ച് പദ്ധതി തയ്യാറാക്കുന്ന, ഒരു ദൈവത്തെ മറന്നു പോകരുത്! കായേന്റെ ബലി ദൈവം തിരസ്കരിച്ചതിന്റെ കാരണം നമ്മുക്കജ്ഞാതമല്ല! പലപ്പോഴും നമ്മെ കുറിച്ച് പദ്ധതി തയ്യാറാക്കുന്ന ദൈവത്തെ നാം മറന്നു, നമ്മുടെ സ്വാർത്ഥതകളുടെ, തന്നിഷ്ടങ്ങളുടെ, ലോകമോഹങ്ങളുടെ പുറകെ പരക്കം പായുന്നതാണ് നമ്മുടെ ജീവിതത്തിൽ പാപമാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ കാരണം!
ഓർക്കുക, ഒരുവൻ തന്റെ ശരീരത്തോട്, ഉടലിനോട്, കൈക്കൊള്ളുന്ന സമീപനമാണ് അയാളുടെ ജീവിതവിധി നിർണയിക്കുന്നത്. ക്രിസ്തു ധരിച്ച വസ്ത്രത്തിൽ തൊട്ടപ്പോൾപോലും പലർക്കും സൗഖ്യം ഉണ്ടായതിനു കാരണം, ആ വസ്ത്രത്തിന്റെ ശക്തി ആയിരുന്നില്ല, മറിച്ച് ആ വസ്ത്രം ധരിച്ചവന്റെ ശരീരത്തിന്റെ വിശുദ്ധിയും, ഉടലിന്റെ പവിത്രതയും ആയിരുന്നു. “ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന” (റോമാ.12:1).
സുഹൃത്തേ, പാപക്കറയേശാത്ത, ഊനമില്ലാത്ത, കുറ്റങ്ങളും കുറവുകളുമില്ലാത്ത, അമലോൽഭവയായ പരിശുദ്ധ കന്യകാമറിയത്തെപോലെ, “ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ ഭവിക്കട്ടെ” എന്ന് നമുക്കും ദൈവത്തോട് ഏറ്റു പറയാം! ജപമാല കൈയിലെടുത്തു, വിശ്വാസത്തോടെ അമ്മയോട് പ്രാർത്ഥിക്കാം. അങ്ങനെ, നമ്മുടെ ശരീരവും, മനസ്സും, ആത്മാവും വിശുദ്ധിയിൽ കാത്തുസൂക്ഷിക്കുവാൻ ഉള്ള കൃപയ്ക്കായി, അമലോൽഭവയായ, പരിശുദ്ധ കന്യാകമറിയത്തിന്റെ മാദ്ധ്യസ്ഥ്യം തേടാം”. കാരണം, വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല” (ഹെബ്രായര്‍ 12:14).
ഒരിക്കൽ കൂടി, പരിശുദ്ധഅമ്മയുടെ ജനനതിരുന്നാളിന്റെ മംഗളങ്ങൾ എല്ലാവർക്കും നേരുന്നു. പരിശുദ്ധ അമ്മ നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ!