ഓഖി ദുരന്താനുസ്മരണം മെഴുകുതിരി തെളിച്ച് പ്രാർഥനാഞ്ജലിയോടെ കെ.എൽ.സി.എ. കണ്ണൂർ രൂപത
ഓഖി ദുരന്താനുസ്മരണം മെഴുകുതിരി തെളിച്ച് പ്രാർഥനാഞ്ജലിയോടെ കെ.എൽ.സി.എ. കണ്ണൂർ രൂപത
രതീഷ് ആന്റണി
കണ്ണൂർ: ഓഖി ദുരന്തത്തിന്റെ ഒന്നാം വാർഷിയ്ക്കത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ “കണ്ണീരോർമ്മ” എന്ന പേരിൽ പ്രാർഥനാഞ്ജലി നടത്തി. ഹോളി ട്രിനിറ്റി കത്തീട്രൽ അങ്കണത്തിൽ മെഴുകുതിരി തെളിച്ച് നടത്തിയ പ്രാര്ഥനാഞ്ജലിയ്ക്ക് കണ്ണൂർ രൂപതാ ബിഷപ്പും, കോഴിക്കോട് രൂപതാ ബിഷപ്പും നേതൃത്വം നൽകി.
ഓഖി ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനയ്ക്ക് കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയാണ് നേതൃത്വം നൽകിയത്. തുടർന്ന്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു. ഓഖി ദുരന്തത്തിൽ മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെ പ്രത്യേകം ഓർക്കുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും, മരണപ്പെട്ടവരെയും കാണാതായവരെയും കണ്ണീരോടെ ഓർക്കുന്നുവെന്നും ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കൽ പറഞ്ഞു.
മോൺ.ദേവസ്സി ഈരത്തറ, മോൺ.ക്ലാരൻസ് പാലിയത്ത്, മോൺ.ക്ലമന്റ് ലെയ്‌ഞ്ചൻ, ഫാ. മാർട്ടിൻ രായപ്പൻ, ആന്റണി നൊറോണ, രതീഷ് ആന്റണി, ഫ്രാൻസിസ് കുര്യാപ്പള്ളി, ഗോഡ്സൺ ഡിക്രൂസ്, റോബർട്ട് ഷിബു, സജ്ന റോബർട്ട് എന്നിവർ സംസാരിച്ചു. മെഴുകുതിരി തെളിച്ച് പ്രാർഥനാഞ്ജലിയിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.