Public Opinion

ഒരു പള്ളി വളരുന്നത് ആ ഇടവകയിലെ ജനങ്ങൾ വളരുമ്പോഴാണ്…

യുവജന വർഷവും, വിദ്യാഭ്യാസ വർഷവും ആചരിക്കുന്നത് പോലെ, കേരളസഭ "ദാരിദ്ര്യനിർമാർജന വർഷ"വും ആചരിക്കണം

അഡ്വ.അനീഷ് ത്യാഗരാജൻ

കെ.സി.വൈ.എം. പ്രസിഡന്റ് ആയിരിക്കെ, പള്ളിയിൽ ഒരു ലൈബ്രറി ചെയ്യുന്നതിനെ പറ്റി ചിന്തിച്ചു, ചർച്ച ചെയ്തു. കുട്ടികൾക്ക് വേണ്ടി ബൈബിൾ ചിത്രകഥകളും; മുതിർന്നവർക്ക് വേണ്ടി വിശുദ്ധരുടെ ജീവിതവും മറ്റു ക്രിസ്ത്യൻ പുസ്തകങ്ങളും; യുവാക്കളെ ലക്‌ഷ്യം വച്ച് PSC, Civil Service പോലുള്ള പരീക്ഷകളെ നേരിടാൻ ആവശ്യമുള്ള പുസ്തകങ്ങളും ഉൾക്കൊള്ളുന്ന ഒരു ലൈബ്രറിയായിരുന്നു ലക്ഷ്യം. അതുകൂടാതെ, ഡിജിറ്റൽ ലൈബ്രറി എന്ന സംരംഭത്തിന് കൂടി രൂപം കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഡിജിറ്റൽ ലൈബ്രറി എന്നാൽ, ക്രിസ്ത്യൻ സിനിമകൾ ഉള്ള ഒരു ലൈബ്രറിയാണ് (ഇപ്പോൾ നൂറോളം ക്രിസ്ത്യൻ സിനിമകളും ക്രിസ്ത്യൻ അനിമേഷൻ സിനിമകളും ഞങ്ങളുടെ കൈവശമുണ്ട്).

30 കുടുംബങ്ങൾ മാത്രമുള്ള ചെറിയ ഒരു പള്ളിയാണ് എന്റേത്. എന്നാൽ ഞങ്ങളുടെ പള്ളിയിലെ ദിവ്യബലി സമയവും, സൺഡേസ്കൂൾ സമയവും സൗകര്യപ്രദമായതിനാൽ, അടുത്തുള്ള പള്ളികളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ മതബോധനം പഠിക്കാൻ വരാറുണ്ട്. അതുകൊണ്ടുതന്നെ, പിരിവു ചോദിച്ചോ, സംഭാവന ചോദിച്ചോ ഈ പദ്ധതികൾ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് താല്പര്യവും ഇല്ലായിരുന്നു. മാത്രമല്ല, യുവജനങ്ങളെ കൊണ്ട് ആരുടെയും മുമ്പിൽ ഭിക്ഷ പോലെ കൈനീട്ടി ചോദിക്കാനും കെ.സി.വൈ.എം. പ്രസിഡന്റ് എന്നനിലയിൽ എനിക്കും താല്പര്യമില്ലായിരുന്നു. അതുകൊണ്ട്, ഈ ലൈബ്രറി ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിന് “അച്ചാർ കച്ചവടം” നടത്താൻ ഞങ്ങൾ യുവജനങ്ങൾ തീരുമാനിച്ചു. ചില മുതിർന്നവരിൽ നിന്ന് ആദ്യം ചില എതിർപ്പുകൾ ഉണ്ടായെങ്കിലും, “അച്ചാർ കച്ചവടം” പച്ചപിടിച്ചപ്പോൾ (വിജയിപ്പിച്ചു കാണിച്ചപ്പോൾ) എല്ലാവരും ഞങ്ങളെ സപ്പോർട്ട് ചെയ്തു തുടങ്ങി. അവസാനം ഞങ്ങളുടെ ആഗ്രഹത്തിനൊത്ത നല്ലൊരു ലൈബ്രറി എന്ന പദ്ധതി യാഥാർഥ്യമാക്കാൻ സാധിച്ചു.

വെറുതെ സാധാരണ അച്ചാർ ആയിട്ടല്ല ഞങ്ങളത് ഉണ്ടാക്കിയത്. “LCYM Kitchen” എന്നൊരു ബ്രാൻഡ് നെയിം കൊടുക്കുകയും, കൂടാതെ എല്ലാ ബോട്ടിലിന്റെയും കൂടെ ഒരു ബൈബിൾവാക്യം പതിച്ച ചെറിയ ലെറ്റർ കവർ കൂടി കൊടുത്തിരുന്നു. അച്ചാർ ഉണ്ടാക്കുന്നതും, ബൈബിൾ വാക്യവും അതിന്റെ ലേബലും പ്രിന്റ് ചെയ്യുന്നതും, ചെറിയ ലെറ്റർ കവർ ഉണ്ടാക്കുന്നതും ഞങ്ങൾ എട്ട് യുവജനങ്ങൾ ചേർന്നാണ് ചെയ്തിരുന്നത്. എന്നാൽ, ഏറെതാമസിക്കാതെ ഈ സംരംഭത്തിലൂടെ പള്ളിയിൽ വരാതിരുന്ന മറ്റു യുവജനങ്ങളെയും ഞങ്ങളുടെ കൂടെ കൂട്ടാനായി.

നമ്മുടെ യുവജനങ്ങൾക്ക് creative വും innovative വും ആയിട്ടുള്ള ധാരാളം ആശയങ്ങൾ ഉണ്ട്. അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ പള്ളികൾ/ഇടവക കൗൺസിലുകൾ അവരെ സഹായിക്കണം/പിന്തുണയ്ക്കണം. “ഇതൊരു ചെറിയ പള്ളി അല്ലേ ഇവിടെ എന്ത് ചെയ്യാനാണ്?” എന്ന് കരുതിയിരുന്ന ഒരു കെ.സി.വൈ.എം. യൂണിറ്റിനെ ഒരുമിപ്പിച്ച് നിർത്താനും, നമുക്കും പലത് ചെയ്യാൻ കഴിയും എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാനും ഇതുവഴി സാധിച്ചു.

നമ്മൾ ന്യൂനപക്ഷ-പിന്നോക്ക വിഭാഗ ക്രിസ്ത്യാനികളിൽ നല്ലൊരു ശതമാനം ദരിദ്രരാണ്. പല വിഭാഗങ്ങൾക്കും സംവരണം പോലുമില്ല. ഇടവക കൗൺസിലുകളും, പള്ളികളിലെ യുവജനങ്ങളും വിചാരിക്കുകയാണെങ്കിൽ ക്രിസ്ത്യാനികളുടെ ഇടയിൽ നിന്ന് ദാരിദ്ര്യം പൂർണ്ണമായി തുടച്ചു നീക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. പള്ളിയുടെ പക്കൽ അത്യാവശ്യം പിന്തുണ നൽകാനുള്ള പണവും, യുവജനങ്ങളുടെ കയ്യിൽ ആശയങ്ങളും, ഇടവകയിൽ ജോലിയില്ലാത്ത വ്യക്തികൾക്ക് ഒന്നിച്ച് വരുവാനുള്ള മനോഭാവവും ഉണ്ടെങ്കിൽ, യുവജനങ്ങളുടെയും പള്ളിയുടെയും സഹായത്തോടെ ജോലിയില്ലാത്ത വ്യക്തികൾക്ക് ചെയ്യാൻ സാധിക്കുന്ന എന്തെങ്കിലും കൈതൊഴിൽ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാധിക്കും. അതുപോലെ, വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് startup പോലുള്ള സംരംഭങ്ങൾ തുടങ്ങാനും സഹായിക്കാവുന്നതാണ്.

ഓർക്കുക, നല്ല ആശയങ്ങളുള്ള യുവജനങ്ങളുടെ കയ്യിൽ പണമില്ലെങ്കിലും, അവർക്ക് ലക്ഷ്യബോധവും, സന്മനസ്സും ഉണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ, അവരുടെ പദ്ധതിയിലൂടെ സമൂഹത്തിന് നന്മയുണ്ടാകും എന്ന വിലയിരുത്തലുണ്ടായാൽ അത് ചെയ്യാൻ അവരെ സഹായിക്കുക, പിന്തുണ നൽകുക.

ഒരു പള്ളി/സഭ വളരുന്നത് ആ ഇടവകയിലെ ജനങ്ങൾ (ജനങ്ങൾ തന്നെയാണല്ലോ സഭ) വളരുമ്പോഴാണ് എന്ന യാഥാർഥ്യം മറക്കാതിരിക്കാം. യുവജനങ്ങളോട് ഇടവക കൗൺസിൽ കാണിക്കുന്ന സനേഹവും, അവർക്ക് നൽകുന്ന അംഗീകാരവും, കൂടുതൽ കാര്യങ്ങൾ പള്ളിയ്ക്കുവേണ്ടി ചെയ്യുവാൻ അവർക്ക് പ്രചോദനം നൽകും. കൂടാതെ, പള്ളിയിൽ നിന്ന് മാറിനടക്കുന്ന യുവാക്കളെ പള്ളിയിലേക്ക് ആകർഷിക്കുവാനും സഹായിക്കും.

നമ്മൾ യുവജന വർഷവും, വിദ്യാഭ്യാസ വർഷവും ആചരിക്കുന്നത് പോലെ, കേരളസഭ “ദാരിദ്ര്യനിർമാർജന വർഷ”വും ആചരിക്കുവാൻ ശ്രദ്ധിച്ചാൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലേയ്ക്ക് നമുക്ക് കടന്നു ചെല്ലാനാകും, പുത്തൻ പദ്ധതികളിലൂടെ നമ്മുടെ ഇടവക പള്ളികളിലെതന്നെ പാവപ്പെട്ടവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായങ്ങൾ ചെയ്യാനാകും, ദീർഘദൂര പദ്ധതികൾക്ക് രൂപം നൽകാനാകും അങ്ങനെ പരിശുദ്ധ പിതാവ് പറയുന്നപോലെ പാവങ്ങളുടെ പക്ഷം ചേരുക എന്നത് അതിന്റെ പൂർണ്ണതയിൽ അനുഭവവേദ്യമാക്കാൻ നമുക്ക് സാധിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ പണ്ടുകാലങ്ങളിൽ പള്ളിയാണ് ശാസ്ത്രത്തിന്റെ വളർച്ച സഹായിച്ചത്. Louie pastor, Gregor Mendel, Georges Lemaître പോലുള്ള ധാരാളം ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഇതെല്ലാം സാധ്യമായത് അന്ന് പള്ളി ഇത്തരം innovation-കളെ പ്രോത്സാഹിപ്പിച്ചതു കൊണ്ടാണ്.

8 കെ..സി.വൈ.എം. പ്രവർത്തകരും 500 രൂപയും കൊണ്ട് വലിയൊരു ലൈബ്രറി പദ്ധതി കെ.സി.വൈ.എം. പ്രസിഡന്റ് ആയിരുന്ന എന്നിലൂടെ സാധ്യമായി എങ്കിൽ, യുവജനങ്ങൾ ധാരാളമുള്ള വലിയ പള്ളികളിൽ വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. നമ്മൾ ആഡംബരത്തോടെ നടത്തുന്ന ഒരു തിരുനാളിന്റെ പണം മാത്രംമതി ഒന്നോ രണ്ടോ അതിലധികമോ കുടുംബങ്ങൾക്ക് എന്നന്നേക്കുമായി സംരക്ഷണമൊരുക്കാൻ. നമ്മുടെ ഇടവകയിൽ ആർക്കെങ്കിലും ഒരപകടം സംഭവിച്ചാൽ, മാരകമായ രോഗം വന്നാൽ നമ്മൾ സഹായിക്കാറുണ്ട്. എന്നാൽ അങ്ങനെ മാത്രം പോര, മൂന്ന് നേരം കഴിക്കാൻ ആഹാരവും, കയറിക്കിടക്കാൻ കെട്ടുറപ്പുള്ള വീടും എന്റെ ഇടവകയിലെ എല്ലാവർക്കും ഉണ്ടെന്ന് യുവജനങ്ങൾ ഉറപ്പുവരുത്തണം. നമ്മൾ ചെയ്യുന്ന നന്മ നമ്മിലേക്ക് തന്നെ തിരിച്ചു വരും. അവസാനമായി ഒരിക്കൽകൂടി ഓർമിപ്പിക്കട്ടെ “ഒരു പള്ളി വളരുന്നത് ആ ഇടവകയിലെ ജനങ്ങൾ വളരുമ്പോഴാണ്.”

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker