ഒരു കുഞ്ഞു പൂവായ് വീണ്ടും വിടരുവാൻ
ഒരു മോഹം ഉള്ളിലുദിച്ചിടുന്നു
കുഞ്ഞിളം കാറ്റേറ്റ് ആടിത്തിമിർത്തെന്നും
പ്രപഞ്ചത്തെ പുണരുവാൻ മോഹം
മോഹങ്ങളൊക്കെയും വ്യാമോഹമാണെന്ന്-
മനസ് മന്ത്രിക്കുമ്പോഴും മോഹം…
എങ്ങും പൂമ്പാറ്റപോലെ സുഗന്ധം പരത്തുവാൻ
പാറിപ്പറക്കുവാൻ മോഹം…
പുലർമഞ്ഞിൽ പൂവിടും പട്ടു റോസായ്‌ക്കൊരു
ചുടു ചുംബനം നൽകാൻ മോഹം
തെന്നലിൻ ഈണത്തിൽ, താളത്തിൽ ചാഞ്ചാടാൻ
എന്നുള്ളിൽ ഉണ്ടതിമോഹം
മധുരം കിനിയുന്ന തേൻ മണം പേറുന്ന
ശലഭത്തോടുണ്ടനു രാഗം…
ചൂളം വിളിച്ചു ചുരം കേറിയെത്തുന്ന
കുളിർക്കാറ്റേത്തഴുകുവാൻ മോഹം
കാനനച്ചോലയിൽ കുളികഴിഞ്ഞെത്തുന്ന
ഇളം വെയിൽ കൊള്ളുവാൻ മോഹം…
നാടോടിക്കാറ്റോതും പ്രേമ കാവ്യം കേട്ട്
ഇക്കിളികൊള്ളുവാൻ മോഹം
തേൻ കണം കിട്ടാതെ പരിഭവിച്ചെത്തുന്ന-
കുഞ്ഞികുരുവിയോടുണ്ടൊരു സ്നേഹം
ഒരു മൂളിപ്പാട്ടൊന്നു പാടുകിൽ കൊതി തീരെ-
തേൻ തരാമെന്നോതാൻ മോഹം
നട്ടുച്ച നേരത്ത് വെയിലേറ്റ് വാടുമ്പോൾ
ഒരു ചാറ്റൽ മഴകൊള്ളാൻ മോഹം
അന്തിച്ചുവപ്പാർന്ന ചക്രവാളം നോക്കി
ആത്മ നിർവൃതി കൊള്ളുവാൻ മോഹം
ഉഗ്ര പ്രതാപിയാം സൂര്യൻ മറയുമ്പോൾ
താര സൂനങ്ങളെകാണുവാൻ മോഹം
ഒരു കാനനപ്പൂവായ് കൊഴിയുന്നതിൻ മുൻപ്-
ഒരു ജന്മം നൽകുവാൻ മോഹം
മണ്ണിൽ വീണഴിയുന്നതിൻ മുൻപെൻ ദേവന്റെ
തൃപ്പാദം പുണരുവാൻ മോഹം
ഒരു പുത്തൻ പുലരിയിൽ ഒരു കുഞ്ഞു പൂവായ്
വീണ്ടും വിരിയുവാൻ മോഹം…
ഇനിയെത്രനാളീ മണ്ണിൽ വീണഴിയാതെ
നിലനിൽക്കുമെന്നറിയില്ല സത്യം…
അടുത്ത ജന്മത്തിലെൻ മോഹങ്ങളൊക്കെയും-
പൂവണിഞ്ഞീടുവാൻ മോഹം…
കൊതി തീരും വരെ ഇവിടെ ജീവിക്കുവാൻ
എന്നിലുണ്ടതി മോഹം.
പിൻകുറിപ്പ്: കാൻസർ രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടുകഴിയുന്ന ഒരു അമ്മയുടെ ആഗ്രഹപ്രകാരം ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് പദ്യപാരായണത്തിന് എഴുതി കൊടുത്ത കവിത.