Categories: Sunday Homilies

ഒരുവള്‍ പാപിനിയാകുമ്പോള്‍ മറ്റുളളവരെല്ലാം വിശുദ്ധരാകുമോ?

ഒരുവള്‍ പാപിനിയാകുമ്പോള്‍ മറ്റുളളവരെല്ലാം വിശുദ്ധരാകുമോ?

തപസ്സുകാലം അഞ്ചാം ഞായര്‍

ഒന്നാം വായന : ഏശയ്യ – 43: 16-21
രണ്ടാം വായന : ഫിലി. – 3: 8-14
സുവിശേഷം : വി.യോഹ. – 8:1-11

ദിവ്യബലിക്ക് ആമുഖം

“യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു”വെന്നാണ് ഇന്നത്തെ രണ്ടാം വായനയില്‍ വി. പൗലോസ് അപ്പസ്തോലന്‍ നമ്മോട് പറയുന്നത്. യേശുക്രിസ്തു ജ്ഞാനസ്നാനത്തിലൂടെ നമ്മെ ഓരോരുത്തരെയും സ്വന്തമാക്കിയിരിക്കുന്നു. കൂടാതെ പാപിനിയായ സ്ത്രീക്കു മാപ്പുകൊടുത്തുകൊണ്ട്, അവളെ കല്ലെറിയാന്‍ കൊണ്ടുവന്ന ജനക്കൂട്ടത്തില്‍ നിന്ന് അവളെ രക്ഷിച്ചുകൊണ്ട് ദൈവകാരുണ്യം നിമയങ്ങള്‍ക്കും അതീതമാണെന്നും യേശു വെളിപ്പെടുത്തുന്നു. ദൈവകരുണയില്‍ ആശ്രയിച്ച് നാം ദൈവത്തിലേക്കു തിരികെ വരുമ്പോഴൊക്കെ നമ്മുടെ ജീവിതത്തില്‍ അസംഭവ്യമായവ സംഭവിക്കുമെന്ന് ഇന്നത്തെ ഒന്നാം വായനയില്‍ നിന്നും നമുക്കു മനസിലാക്കാം. തിരുവചനം ശ്രവിക്കാനും ദിവ്യബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരരേ,

ഒലിവു മലയില്‍ രാത്രികാലം ചെലവഴിച്ചിട്ട് അതിരാവിലെ ദേവാലയത്തിൽ വന്ന യേശുവിന്റെ മുമ്പിലേക്കു നിയമജ്ഞരും ഫരിസേയരും ചേര്‍ന്ന് വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കൊണ്ടുവരികയാണ്. അവൾക്ക് നീതി നേടി കൊടുക്കണമെന്നതല്ല അവരുടെ ലക്ഷ്യം, മറിച്ച് യേശുവിനെ പരീക്ഷിക്കണമെന്നതാണ്. ഈ പ്രശ്നത്തില്‍ യേശു ഏത് നിലപാട് സ്വീകരിച്ചു എന്നത് നമുക്കു വിചിന്തന വിധേയമാക്കാം.

ഒരുവള്‍ പാപിനിയാകുമ്പോള്‍ മറ്റുളളവരെല്ലാം വിശുദ്ധരാകുമോ?

പഴയ നിയമത്തിലെ മോശയുടെ നിയമമനുസരിച്ചാണ് അവര്‍ അവളെ കല്ലെറിയാനായി ഒരുങ്ങുന്നത് (ലേവ്യര്‍ 20:10, നിമ. 22:22, 17:6-7). എന്നാല്‍, മോശയുടെ നിയമമനുസരിച്ച് വ്യഭിചാരത്തില്‍ സ്ത്രീ മാത്രമല്ല, പുരുഷനും കുറ്റക്കാരനാണ്. അവര്‍ രണ്ടുപേരും ശിക്ഷക്കു വിധേയമാകണം. അതോടൊപ്പം, അവര്‍ പാപം ചെയ്തത് കണ്ട ദൃക്സാക്ഷിയും ഉണ്ടായിരിക്കണം. പുരുഷന്റെ പങ്കാളിത്തമില്ലാതെ എങ്ങനെയാണ് സ്ത്രീക്ക് വ്യവിഭാചാരം ചെയ്യാനാകുന്നത്. എന്നാല്‍, യേശുവിന്റെ അടുക്കല്‍ അവര്‍ ആ സ്ത്രീയെ മാത്രമേ കൊണ്ടുവന്നുളളൂ. മറ്റുളളവര്‍ തെറ്റു ചെയ്തു പിടിക്കപ്പെടുമ്പോള്‍ തെറ്റു ചെയ്തവരെ ഹീനമായി ഒറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തിന്റെ ആദിമ രൂപമാണിത്.

പാപിനിയായ സ്ത്രീയുടെമേല്‍ കുറ്റാരോപണം ചെയ്ത സമൂഹത്തിനെ ഒരു ആത്മപരിശോധനയ്ക്ക് യേശു ക്ഷണിക്കുന്നു; “നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ”. ഈ ഒരു നിബന്ധന മാത്രമേ യേശു മുന്നോട്ടുവയ്ക്കുന്നുളളൂ. നിയമത്തിനെതിരായോ സമൂഹത്തിനെതിരായോ വ്യക്തിക്കെതിരായോ യേശു ഒന്നും മിണ്ടുന്നില്ല, ആ സ്ത്രീയുടെ ബലഹീനതയെ പിന്‍തുണക്കുന്നുമില്ല. മറിച്ച് മറ്റുളളവനെ വിധിക്കുന്ന സമൂഹത്തെ സ്വയം പരിശോധനയ്ക്കായി യേശു വിളിക്കുന്നു.

“ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു” എന്നു സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. തീര്‍ച്ചയായും മുതിര്‍ന്നവര്‍ക്കാണല്ലോ പക്വത കൂടുതല്‍. അവര്‍ക്കാണല്ലോ യേശു എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസിലാകുക. അവരില്‍ നിന്ന് അവളെ രക്ഷിക്കുന്നതുവഴി യേശു നല്‍കുന്ന സന്ദേശം ഇതാണ്. യേശു ആഗ്രഹിക്കുന്നത് ഒരു വ്യക്തിയുടെ നാശവും മരണവും അല്ല, മറിച്ച് അവന്റെ ക്ഷേമവും നന്മയും ജീവനുമാണ്.

യേശു എഴുതുന്നു

“യേശുവാകട്ടെ കുനിഞ്ഞു വിരല്‍കൊണ്ട് നിലത്തെഴുതിക്കൊണ്ടിരുന്നു” എന്ന വാക്യം നമ്മില്‍ ഏവരിലും കൗതുകമുണര്‍ത്തും. എന്താണ് യേശു എഴുതിയതെന്ന്? ഇതിനുളള ഉത്തരം സുവിശേഷകന്‍ നല്‍കുന്നില്ല. എന്നാല്‍ കാലാകാലങ്ങളായി പല ഉത്തരങ്ങളും നല്‍കിപ്പോകുന്നു. ചിലര്‍ പറയുന്നത്; യേശു പാപിനിയായ സ്ത്രീയെ അവിടെക്കൊണ്ടുവന്നവരുടെ പാപങ്ങള്‍ നിലത്തെഴുതി എന്നാണ്, മറ്റു ചിലര്‍ പറയുന്നു; പ്രവാചകന്മാരുടെ ഗ്രന്ഥത്തിലെ “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്ന വാക്യം യേശു എഴുതി എന്നാണ്. രണ്ട് ആധുനിക വ്യാഖ്യാനങ്ങള്‍ ഇപ്രകാരമാണ്; ഒന്ന്: മനുഷ്യനെ മരണത്തിനു നല്‍കുന്ന കല്ലിനെപ്പോലെ ഉറപ്പുളള മോശയുടെ നിയമത്തിനെതിരെ, സാധാരണ മണ്ണില്‍ നിലത്തെഴുതിക്കൊണ്ട് ഒരു പാപത്തെ (തെറ്റിനെ) വ്യക്തിയുടെയും സാഹചര്യങ്ങളുടെയും ചുറ്റുപാടിന്റെയും അടിസ്ഥാനത്തില്‍ മനസിലാക്കണമെന്ന് യേശുപറയുന്നു. രണ്ടാമതായി: ഒരു വ്യക്തിയെക്കുറിച്ചുളള വിധികളും മുന്‍വിധികളും മണലില്‍ എഴുതിയ വാക്യങ്ങള്‍ പോലെയാണ്. കാറ്റുവന്ന് അതിനെ മാറ്റിക്കളയും. അതുകൊണ്ട് മറ്റൊരുവനെ നാം വിധിക്കുകയല്ല മറിച്ച് അവന്റെ പ്രവര്‍ത്തികളെ അവന്റെ വ്യക്തിത്വത്തോടും ജീവിതത്തോടുമൊപ്പം നമുക്കു മനസിലാക്കാം.

പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന യേശു

ഇന്നത്തെ സുവിശേഷത്തില്‍ യേശുവില്‍ നാം കാണുന്ന മറ്റൊരു മാതൃകയാണ്. പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യണമെന്നുളളതും, ആരെയും ദ്രോഹിക്കാതെ എങ്ങനെ ഒരു പ്രശ്നത്തിന് പരിഹാരം കാണണമെന്നുളളതും നമ്മെ പഠിപ്പിക്കുന്നു. തീര്‍ച്ചയായും ദൈവശാസ്ത്രപരമായ വ്യാഖ്യാനത്തെക്കാളുപരി ഇതൊരു സാമൂഹ്യശാസ്ത്രപരമായ വ്യാഖ്യാനമാണ്. പക്ഷേ, നമ്മുടെ ദൈനംദിന ജീവിതത്തിന് യേശുവിന്റെ ഈ പ്രവൃത്തി മാതൃക നല്‍കുന്നു. നമ്മുടെ മുമ്പിലും, (കുടുംബത്തിലും, സംഘടനയിലും, ഇടവകയിലും) വ്യക്തികളും ഗ്രൂപ്പുകളും രണ്ട് ചേരികളായി തിരിഞ്ഞ് പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ ആ പ്രശ്നത്തെ ഇപ്രകാരം പരിഹരിക്കണമെന്ന് നമുക്ക് പഠിക്കാം. നീതിയുടെയും കാരുണ്യത്തിന്റെയും തുലാസില്‍ യേശു നീതിയെ മുറുകെ പിടിച്ചുകൊണ്ട് കാരുണ്യത്തിന് മുന്‍തൂക്കം നല്‍കുന്നു.

“ഞാനും നിന്നെ വിധിക്കുന്നില്ല, പൊയ്ക്കൊളളുക, ഇനിമേല്‍ പാപം ചെയ്യരുത്” എന്ന യേശുവിന്റെ വാക്കുകള്‍ ദൈവകരുണയുടെ ഏറ്റവും പ്രകടമായ വാക്കുകളാണ്. ദൈവമകളായി ജീവിക്കാനുളള സ്വാതന്ത്ര്യത്തോടു കൂടി യേശു അവളെ യാത്രയാക്കുന്നു. തപസുകാലത്ത് ഈ തിരുവചന ഭാഗം നമുക്കായി നല്‍കിക്കൊണ്ട് നമ്മുടെ വ്യക്തിത്വത്തെയും, പ്രത്യേകിച്ച് മറ്റുളളവരുടെ കുറവുകള്‍ കാണുമ്പോഴുളള നമ്മുടെ പ്രതികരണത്തേയും, ഒരു പ്രശ്നത്തെ നാം പരിഹരിക്കേണ്ട രീതിയെയും ആത്മശോധനയ്ക്കു വിധേയമാക്കിക്കൊണ്ട് ദൈവകരുണയുടെ മഹത്വം മനസിലാക്കാന്‍ തിരുസഭ നമ്മെ ക്ഷണിക്കുന്നു.

ആമേന്‍.

vox_editor

Recent Posts

കര്‍ദിനാള്‍ ഫിലിപ് നേരി സിസിബിഐ പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…

3 days ago

ലത്തീന്‍ ദിവ്യബലിക്ക് റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…

4 days ago

4rth Sunday_എതിർക്കപ്പെടുന്ന അടയാളം (ലൂക്കാ 2:22-40)

യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…

4 days ago

അമേരിക്കയിലെ വിമാനാപകടം : അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…

6 days ago

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വാതില്‍ തുറന്നിടാന്‍ ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരോട് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…

6 days ago

ഇന്ത്യയില്‍ ക്രൈസ്തവര്‍ ആശങ്കയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ദിനാള്‍ ഫിലിപ്പ് നേരി

  അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…

1 week ago