ഒരുക്കങ്ങൾ പൂർത്തിയായി; തെക്കൻ കുരിശുമല തീർത്ഥാടനത്തിലേക്ക്
ഒരുക്കങ്ങൾ പൂർത്തിയായി; തെക്കൻ കുരിശുമല തീർത്ഥാടനത്തിലേക്ക്
നെയ്യാറ്റിൻകര: തീർത്ഥാടകരെ വരവേൽക്കാൻ തെക്കൻ കുരിശുമലയും അടിവാരവും ഒരുങ്ങി. ‘കുരിശ്: മനുഷ്യ മഹത്വത്തിന്റെ പ്രതീകം’ സന്ദേശമാക്കി 11-ന് ആരംഭിക്കുന്ന 61–ാമത് തീർഥാടനം എട്ടുനാൾ നീണ്ടുനിൽക്കും. പെസഹവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലും തീർഥാടനം ഉണ്ടായിരിക്കും. ഓശാന ഞായറിനു തൊട്ടുമുൻപുള്ള ഞായറാഴ്ചയാണു പ്രധാന തീർത്ഥാടനദിനമായി ആചരിക്കുന്നത്. ക്രിസ്തുദേവൻ അന്ത്യനാളുകളിൽ അനുഭവിച്ച പീഡനങ്ങൾ തങ്ങളുടേതാക്കി മാറ്റിയാണു തീർത്ഥാടകരുടെ മലകയറ്റം.
സമുദ്രനിരപ്പിൽനിന്നു മൂവായിരം അടി ഉയരമുള്ള മലയുടെ നെറുകയിലാണു പ്രധാനകുരിശ്. മലഞ്ചെരുവിലൂടെ നീളുന്ന പാതയോരത്തെ 13 കുരിശുകളെയും വണങ്ങിയാണു തീർത്ഥാടകർ പ്രധാനകുരിശിനടുത്തെത്തുന്നത്. ജാതിമത ഭേദമെന്യേ, ദേശത്തിന്റെ അനുഷ്ഠാനമായി മാറിയിരിക്കുകയാണ് തെക്കൻകുരിശുമല തീർത്ഥാടനം.
തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി ഇന്നലെ ഡപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥ പ്രതിനിധികളുടെ അവലോകനയോഗം ചേർന്നു. പൊലീസ്, റവന്യു, അഗ്നിശമനസേന, കെ.എസ്
.ആർ.ടി.സി., മോട്ടോർട്രാൻസ്പോർട്ട്, ഗ്രാമപഞ്ചായത്ത്, വാട്ടർ അതോറിറ്റി, ഭക്ഷ്യസുരക്ഷ, വൈദ്യുതി വകുപ്പുകളിൽനിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു.
തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നു വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയവർ ഉറപ്പുനൽകി. മലമുകളിൽ വരെ കുടിവെള്ളലഭ്യത ഉറപ്പാക്കും. സമീപ ഡിപ്പോകളിൽനിന്നെല്ലാം കെ.എസ്.ആർ.ടി.സി. തീർത്ഥാടനഗരിയിലേക്കു പ്രത്യേക സർവീസുകൾ നടത്തും.
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ സർവീസുകളുമുണ്ടാകും. കുരിശുമലയിലേക്കു നീളുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്തുവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കും. കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിച്ചു തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും. അഞ്ഞൂറോളം വൊളന്റിയർമാരുടെ സേവനവും തീർത്ഥാടകർക്കു ലഭിക്കും.